പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ഐപിഒ വ്യാഴാഴ്ച അവസാനിക്കും
Mail This Article
കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഇന്നാരംഭിച്ച പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മാര്‍ച്ച് 14 വരെ തുടരും. മാരുതി, ഭാരത് ബെൻസ് അടക്കമുള്ള കമ്പനികളുടെ വാഹനങ്ങളുടെ ദക്ഷിണേന്ത്യയിലെ മുൻനിര ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് 280-295 രൂപ നിരക്കിൽ 600 കോടി രൂപയിലേറെയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നതിന് ലക്ഷ്യമിടുന്നത്. ലക്ഷ്യമിട്ടതിൽ പകുതിയോളം ചെറുകിട നിക്ഷേപകർ ആദ്യം ദിനം അപേക്ഷകരായെത്തി. ഐപിഒ നിക്ഷേപത്തിന് പരിഗണിയ്ക്കാവുന്നതാണെന്ന് ഓഹരിവിദഗ്ധർ അഭിപ്രായപ്പെട്ടു.
250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 11,917,075 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 280 രൂപ മുതല്‍ 295 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് 50 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന ഓഹരികള്‍ക്ക് ഒന്നിന് 28 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. നാലിരട്ടിയോളം ജീവനക്കാർ ഐപിഒയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.