ADVERTISEMENT

അടുത്ത വര്‍ഷം പുറത്തിറക്കുമെന്നു കേള്‍ക്കുന്ന ഐഫോണ്‍ 15 അള്‍ട്രായുടെ വിലയെക്കുറിച്ചും ഏതാനും സവിശേഷ ഫീച്ചറുകളെക്കുറിച്ചും സൂചനകള്‍ നൽകുകയാണ് ലീക്‌സ്ആപ്പിള്‍പ്രോ (LeakApplePro) വെബ്‌സൈറ്റ്. ആപ്പിള്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നതിലേക്ക് ഏറ്റവും വിലയേറിയ, ഫീച്ചര്‍ ധാരാളിത്തമുള്ള ഫോണ്‍ ആയിരിക്കും ഐഫോണ്‍ 15 അള്‍ട്രാ എന്നാണ് സംസാരം. ഇപ്പോഴത്തെ പേരിടീല്‍ രീതി വച്ചാണെങ്കില്‍ അടുത്ത വര്‍ഷം ഇറക്കേണ്ടിയിരുന്ന ഐഫോണ്‍ 15 പ്രോ മാക്‌സിനു പകരമായിരിക്കും ഐഫോണ്‍ അള്‍ട്രാ പുറത്തിറക്കുക.

 

ബോഡി ടൈറ്റാനിയം ഉപയോഗിച്ച് നിര്‍മിക്കും

Photo: Apple
Photo: Apple

 

നാളിതുവരെ ഐഫോണുകളില്‍ കണ്ടിട്ടില്ലാത്ത തരം ചില പുതുമകള്‍ തങ്ങളുടെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റില്‍ ആപ്പിള്‍ കൊണ്ടുവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ അള്‍ട്രായുടെ ബോഡിക്കായി ടൈറ്റാനിയം ആയിരിക്കും ഉപയോഗിക്കുക. നിലവിലുള്ള ഏറ്റവും വിലയേറിയ ഐഫോണ്‍ പ്രോ മോഡലുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളേക്കാള്‍ 35 മടങ്ങ് വിലയേറിയതാണ് ടൈറ്റാനിയം. വില കൂടിയ ഫോണാണ് എന്ന് എടുത്തുകാണിക്കുന്നതിനു പുറമെ, ഫോണിന്റെ ഭാരം കുറയ്ക്കാനും ടൈറ്റാനിയം സഹായിക്കുമെന്നു കരുതുന്നു. പോറലേല്‍ക്കില്ലെന്ന ഗുണവും ഉണ്ടായേക്കും. മറ്റു ഫോണുകള്‍ക്ക് ഇല്ലാത്തത്ര റാം, വേഗതയേറിയ പ്രൊസസര്‍ എന്നിവയും പുതിയ മോഡലില്‍ പ്രതീക്ഷിക്കുന്നു. 

 

A salesperson speaks to a customer at an Apple reseller store in Mumbai. File Photo: Reuters/Francis Mascarenhas
A salesperson speaks to a customer at an Apple reseller store in Mumbai. File Photo: Reuters/Francis Mascarenhas

ഫോണിന്റെ വില രണ്ടു ലക്ഷം കടന്നേക്കും!

 

വിലയേറിയ വസ്തുക്കളും അധിക ഫീച്ചറുകളും വരുന്നതോടെ, ഫോണിന്റെ വിലയിലും വര്‍ധനയുണ്ടാകുമെന്നാണ് പ്രവചനം. ഇപ്പോള്‍ ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന്റെ വിലയേക്കാള്‍ 200 ഡോളറാണ് അധികമായി പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ തുടക്ക വേരിയന്റിന് 1,299 ഡോളറായിരിക്കും വില. ഇതു ശരിയാണെങ്കില്‍ ഇന്ത്യയില്‍ ഐഫോണ്‍ അള്‍ട്രായുടെ തുടക്ക വേരിയന്റിന് 1,60,000 രൂപയായിരിക്കും (ആപ്പിളിന്റെ വിലയിടീല്‍ രീതിവച്ചാണെങ്കില്‍ 1,59,900 രൂപ) വില. ഏറ്റവും കൂടിയ മോഡലിന് 2 ലക്ഷം രൂപയ്ക്കു മുകളിലും വില പ്രതീക്ഷിക്കാം! ഇരട്ട സെല്‍ഫി ക്യാമറയാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന നൂതന ഫീച്ചറുകളിലൊന്ന്. ഇത് എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്നതിനെക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ല.

 

ഇന്ത്യയൊട്ടാകെ വരുന്നു ആപ്പിള്‍ സ്റ്റോറുകള്‍! ടാറ്റ ഗ്രൂപ്പ് മുന്നില്‍ നില്‍ക്കും

 

ആപ്പിള്‍ ഉപകരണങ്ങള്‍ മാത്രം വില്‍ക്കുന്ന 100 പുതിയ സ്റ്റോറുകള്‍ ഇന്ത്യയൊട്ടാകെ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ്. ടാറ്റാ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി റീടെയ്ല്‍ ആയിരിക്കും ഇന്ത്യയിലെ ആപ്പിള്‍ അംഗീകൃത വ്യാപാരി. ഷോപ്പിങ് മാളുകളിലും, തിരക്കുള്ള നഗരപ്രദേശങ്ങളിലും ആയിരിക്കും ഇവ സ്ഥാപിക്കുക. വികസിത രാജ്യങ്ങളില്‍ ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പന ഇനി അധികം വര്‍ധിച്ചേക്കില്ല. ചൈനയില്‍ പക്ഷേ വിൽപന താഴെ പോകുകയും ചെയ്‌തേക്കാം. അതിനാല്‍ തന്നെ ഇന്ത്യ ഇനി ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പനയില്‍ ഏറ്റവുമധികം ഊർജമാകുന്ന രാജ്യമായിരിക്കും. 

 

മാളുകളുമായി ചര്‍ച്ച തുടങ്ങി

 

ആപ്പിള്‍ കമ്പനിയുമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ നോക്കുകയാണ് ടാറ്റാ ഗ്രൂപ്പ്. ആപ്പിള്‍ സ്റ്റോറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ പ്രമുഖ മാളുകളുമായി ചര്‍ച്ച തുടങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചുവെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ആപ്പിള്‍ സ്റ്റോറിടുത്ത് ചില ബ്രാന്‍ഡുകളുടെ കടകള്‍ പാടില്ലെന്ന് ആപ്പിള്‍ നിഷ്‌കര്‍ഷിക്കുന്നതായി അറിയുന്നു.

 

ഐഫോണ്‍ നിര്‍മിക്കാനും ടാറ്റയ്ക്ക് താത്പര്യം

 

ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു കൊടുക്കുന്ന ബിസിനസില്‍ ഏര്‍പ്പെടാനും ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നല്ലോ. ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിസ്ട്രണ്‍ കോര്‍പിന്റെ നിര്‍മാണശാല ഏറ്റെടുക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍ വിസ്ട്രണ്‍ കമ്പനിയില്‍ പങ്കാളിത്തം എടുക്കാനായിരിക്കും ടാറ്റ ശ്രമിക്കുക എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വിസ്ട്രണ്‍.

 

ഇന്ത്യയില്‍ 800 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളായെന്ന് മന്ത്രി

 

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 800 ദശലക്ഷം ആയെന്ന് കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഇനി ഒരു 400 ദശലക്ഷം പേരെ കൂടെ ഇന്റര്‍നെറ്റില്‍ എത്തിക്കാന്‍ രാജ്യം ശ്രമിക്കുമെന്നും അങ്ങനെ 120 കോടി ജനങ്ങള്‍ക്ക്ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറയുന്നു.

 

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം നിരോധിച്ചു

 

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഡ്‌ലി ടിവി എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോം കേന്ദ്രം നിരോധിച്ചു എന്ന് പിടിഐ. വിഡ്‌ലി ടിവിയുടെ വെബ്‌സൈറ്റും, രണ്ട് ആപ്പുകളും നിരോധിച്ചവയില്‍ പെടും. വിഡ്‌ലി ടിവി 'സേവക്: ദി കണ്‍ഫെഷന്‍സ്' എന്ന പേരില്‍ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സീരിസ് പുറത്തിറക്കിയതാണ് നിരോധനത്തിനു കാരണം എന്ന് വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പു പറയുന്നു. ഈ സീരിസിന്റെ മൂന്ന് എപ്പിസോഡുകളാണ് ഇതുവരെ പ്രക്ഷേപണം ചെയ്തിരിക്കുന്നത്.

 

സീരിസില്‍ ഇന്ത്യ വിരുദ്ധ വികാരം

 

സീരിസില്‍ ഇന്ത്യാ വിരുദ്ധ വികാരം കണ്ടെത്തിയെന്നാണ് മന്ത്രാലായം പറഞ്ഞിരിക്കുന്നത്. വെബ്‌സീരിസില്‍ ഇന്ത്യയിലെ ചില ചരിത്ര സംഭവങ്ങള്‍ വളച്ചൊടിക്കാനുള്ള ശ്രമമുണ്ടെന്നും പറയുന്നു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, അതിന്റെ പരിണിത ഫലങ്ങള്‍, ബാബ്‌റിമസ്ജിത് തകര്‍ക്കല്‍, ക്രിസ്ത്യന്‍ മിഷണറി ഗ്രയാം സ്റ്റെയ്ന്‍സിന്റെ കൊലപാതകം, മാലെഗാവോണ്‍ സ്‌ഫോടനം, സംജോത (Samjhauta) എക്‌സ്പ്രസ് സ്‌ഫോടനം, അന്തര്‍ സംസ്ഥാന ജല വിവാദം തുടങ്ങിയവ സീരിസില്‍ ഉണ്ടെന്നാണ് വിവരം.

 

ജീന്‍സ് തുന്നിയെടുക്കാന്‍ റോബോട്ട്

 

ട്രില്ല്യന്‍ ഡോളര്‍ വ്യവസായമായ വസ്ത്ര നിര്‍മാണത്തിലേക്ക് ഓട്ടോമേഷന്‍ കടന്നുവരികയാണെന്ന് റോയിട്ടേഴ്‌സ്. ജര്‍മനിയുടെ സീമെന്‍സ് എജി അടക്കമാണ് വസ്ത്ര നിര്‍മാണത്തില്‍ നൂതന മാര്‍ഗങ്ങളിലേക്ക് കടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പല വികസിത രാജ്യങ്ങളും വസ്ത്ര നിര്‍മാണത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയിരുന്നു. ഇത് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനും റോബോട്ട്-കേന്ദ്രീകൃത തുണി നിര്‍മാണ മേഖല വഴി സാധിക്കുമെന്ന് പല പടിഞ്ഞാറന്‍ രാജ്യങ്ങളും കരുതുന്നു. ചൈനയും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങളാണ് ഇപ്പോള്‍ തുണി നിര്‍മിച്ചു നല്‍കുന്നത്. അതേസമയം, തുണി നിര്‍മാണത്തിന് റോബോട്ട് മെഷീനറിയെ വഴക്കിയെടുക്കുക എന്നത് താരതമ്യേന വിഷമം പിടിച്ച പണിയാണെന്നും പറയുന്നു. ആഗോള തുണി നിര്‍മാണ മാര്‍ക്കറ്റിന്റെ മൂല്യം 1.52 ട്രില്ല്യന്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

English Summary: The pricing of the iPhone 15 Ultra has been leaked online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com