പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ. കാൻസർ ഉൾപ്പെടെ പലരോഗങ്ങളില്‍ നിന്നും സംരക്ഷണം നൽകുന്ന പോഷകമാണ് ആന്റി ഓക്സിഡന്റുകൾ. നമ്മുടെ ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാവുന്ന ഒരു പ്രത്യേകമായ ആറ്റം (കണിക) അല്ലെങ്കിൽ അവയുടെ കൂട്ടത്തിനെ ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്നു. ഇത് കൂടുതൽ അളവിൽ ഉണ്ടാവുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. ഫ്രീറാഡിക്കൽസിന്റെ പ്രത്യേകത അതിന് ഒരു ഇലക്ട്രോൺ നഷ്ടപ്പെട്ട കണികയാണ് എന്നുള്ളതാണ്. നഷ്ടപ്പെട്ട ഇലക്ട്രോൺ വീണ്ടെടുക്കാനായി മറ്റ് പദാർഥങ്ങളുമായി യോജിച്ച് രാസപ്രവർത്തനം നടക്കുന്നു. കോശങ്ങളില്‍ ഇതു സംഭവിക്കുമ്പോൾ അവയ്ക്ക് നാശം സംഭവിക്കുന്നു. ശരീരത്തിലെ ഓക്സിജന്‍ കണികകളാണ് ഇങ്ങനെ ഫ്രീറാഡിക്കൽ ആയി കൂടുതലായി മാറുന്നത്. അവയെ ഓക്സിജൻ ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്നു. ഇവയുടെ നശീകരണപ്രവർത്തനങ്ങളെ പ്രതിരോധിക്കുന്ന പോഷകങ്ങളാണ് ആന്റി ഓക്സിഡന്റുകൾ. ചില വൈറ്റമിനുകൾ (വൈറ്റമിൻഎ, സി, ഇ, ബീറ്റാ കരോട്ടിൻ) ചില ധാതുക്കൾ (സെലനിയം) ചില എൻസൈമുകൾ എന്നിവയൊക്കെ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. ചില സന്ദർഭങ്ങളിൽ ശരീരത്തിൽ കൂടുതലായി ഫ്രീറാഡിക്കൽസ് ഉണ്ടാവുന്നു. അമിതമായി സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത്, പുകവലി, മദ്യപാനം, പരിസരമലിനീകരണം, മാനസിക സമ്മർദ്ദം ഭക്ഷണത്തിലെ മായം എന്നിവ ഉദാഹരണങ്ങൾ. കൂടുതലായി ഉണ്ടാവുന്ന ഫ്രീറാഡിക്കൽസിനെ പ്രതിരോധിക്കാൻ കൂടുതൽ ആന്റി ഓക്സിഡന്റുകൾ ആവശ്യമായി വരുന്നു. ശരീരത്തിൽ തന്നെ ചില ആന്റിഓക്സിഡന്റുകൾ നിർമിക്കുന്നുണ്ടെങ്കിലും കൂടുതലായി ഉണ്ടാവുന്നവയെ പ്രതിരോധിക്കാൻ തക്ക അളവിൽ അവ മതിയാകില്ല. അതുകൊണ്ട് ആന്റി ഓക്സിഡന്റുകൾ ഭക്ഷണത്തിലൂടെ ലഭ്യമാക്കണം.