Activate your premium subscription today
Monday, Mar 31, 2025
ധാക്ക ∙ ബംഗ്ലദേശ് ഇടക്കാലസർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ചൈനാസന്ദർശനത്തിനിടെ ഇന്ത്യയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായി. ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽമാത്രം ചുറ്റപ്പെട്ടവയാണെന്നു പറഞ്ഞ യൂനുസ് കടൽസുരക്ഷയിൽ ബംഗ്ലദേശ് മാത്രമാണു നിർണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് ബെയ്ജിങ്ങിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടത്.
വെസ്റ്റ് പാം ബീച്ച് (യുഎസ്) ∙ മൂന്നാമതൊരു തവണ കൂടി പ്രസിഡന്റ് പദവിയിലെത്തുന്നതു പരിഗണനയിലുണ്ടെന്നും അതിനുള്ള ഭരണഘടനാപരമായ തടസ്സം മറികടക്കാൻ വഴികൾ തേടുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ൽ ആണ് അടുത്ത തിരഞ്ഞെടുപ്പ്.
ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരായ ഹർജിയിൽ വിധി പറയാതെ ഡൽഹി ഹൈക്കോടതി ജഡ്ജി സ്ഥലം മാറി. ജസ്റ്റിസ് ചന്ദ്രധാരി സിങ് അലഹാബാദ് ഹൈക്കോടതിയിലേക്കു മാറിയതോടെ വിഷയം പുതിയ ബെഞ്ച് പരിഗണിക്കേണ്ട സാഹചര്യമാണ്. ഹർജി ഏതു ബെഞ്ച് പരിഗണിക്കുമെന്ന് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന് കഴിഞ്ഞ 28ലെ ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ഉത്തരവിലുണ്ട്.
ന്യൂഡൽഹി ∙ രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സീൻ ലഭ്യത ഉറപ്പാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നു. സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതിക്കായി ആരംഭിച്ച യുവിൻ മാതൃകയിൽ ‘സൂവിൻ’ എന്ന പോർട്ടലാണ് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വികസിപ്പിച്ചത്. പോർട്ടലിലൂടെ സമീപത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ആന്റി റേബീസ് വാക്സീൻ, ആന്റി റേബീസ് സീറം, ആന്റി സ്നേക്ക് വെനം എന്നിവയുടെ ലഭ്യത പൊതുജനങ്ങൾക്ക് അറിയാനാകും. ആദ്യ കുത്തിവയ്പ്പിനു ശേഷം തുടർഡോസ് എടുക്കേണ്ട തീയതികൾ ഫോൺ സന്ദേശത്തിലൂടെ അറിയിക്കാനും സംവിധാനമുണ്ടാകും. ആദ്യഘട്ടത്തിൽ ഡൽഹി, മധ്യപ്രദേശ്, അസം, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.
ന്യൂഡൽഹി ∙ ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയതിനെതിരെ അവിടത്തെ ബാർ അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്നുമുതൽ ജോലി പുനരാരംഭിക്കും.
ദെയ്ർ അൽ ബാല (ഗാസ) ∙ ഗാസയിലെമ്പാടും ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി. 48 മണിക്കൂറിനിടെ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യം ആക്രമിച്ച പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരിൽ 15 പേരുടെ മൃതദേഹം കണ്ടെടുത്തു. ഒരാഴ്ച മുൻപ് തെക്കൻ ഗാസയിലെ റഫായിലാണ് ഇവരുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്.
മുംബൈ ∙ മെഡിക്കൽ ഇൻഷുറൻസ് പോളിസി പ്രകാരം ലഭിക്കുന്ന തുക മോട്ടർ വെഹിക്കിൾസ് ആക്ട് പ്രകാരം നൽകുന്ന നഷ്ടപരിഹാരത്തിൽ നിന്ന് കുറയ്ക്കാൻ പാടില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മെഡിക്ലെയിം പോളിസിയിൽ നിന്ന് തുക നൽകുന്നത്. മോട്ടർ വെഹിക്കിൾസ് ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി.
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്വ ജില്ലയിലെ സന്യാൽ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പൊലീസ് നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. 3 ഭീകരർ ഒളിച്ചിരിക്കുന്നതിന്റെ സൂചനകൾ ലഭിച്ചു. പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ഇവരെന്നു സംശയിക്കുന്നു.
ന്യൂഡൽഹി ∙ കേരളം, ഗുജറാത്ത്, നിക്കോബാർ തീരങ്ങളിൽ കടലിൽ ഖനനം നടത്താനുള്ള ടെൻഡർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. നിർണായക തീരുമാനമെടുക്കും മുൻപു മത്സ്യത്തൊഴിലാളി സമൂഹത്തോട് അടക്കം കൂടിയാലോചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പരിസ്ഥിതി ആഘാതം വിലയിരുത്താതെയാണു ടെൻഡർ വിളിച്ചത്. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികൾ അവരുടെ ജീവനോപാധി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. കാര്യമായ പഠനങ്ങളില്ലാതെ തീരക്കടൽ സ്വകാര്യകമ്പനികൾക്കു തുറന്നുകൊടുക്കുന്നത് ആശങ്കാജനകമാണ്.
നയ്പീഡോ ∙ മ്യാൻമറിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,065 ആയി. 3900 പേർക്കു പരുക്കേറ്റതായും 270 പേരെ കാണാതായതായും ഔദ്യോഗിക ടെലിവിഷൻ ചാനലായ എംആർടിവി അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഗർഭിണിയടക്കം 4 പേരെ രക്ഷിച്ചു. ഇന്ത്യയിൽനിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.