സിഎംആർഎൽ: എസ്എഫ്ഐഒ അന്വേഷണം; വിധി പറയാതെ ഡൽഹി ഹൈക്കോടതി ജഡ്ജി സ്ഥലം മാറി

Mail This Article
ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരായ ഹർജിയിൽ വിധി പറയാതെ ഡൽഹി ഹൈക്കോടതി ജഡ്ജി സ്ഥലം മാറി. ജസ്റ്റിസ് ചന്ദ്രധാരി സിങ് അലഹാബാദ് ഹൈക്കോടതിയിലേക്കു മാറിയതോടെ വിഷയം പുതിയ ബെഞ്ച് പരിഗണിക്കേണ്ട സാഹചര്യമാണ്. ഹർജി ഏതു ബെഞ്ച് പരിഗണിക്കുമെന്ന് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന് കഴിഞ്ഞ 28ലെ ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ഉത്തരവിലുണ്ട്.
അന്വേഷണത്തിനെതിരെ 2022ലാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഹൈക്കോടതിയെ സമീപിച്ചത്. എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയ്ക്കെതിരായ അന്വേഷണം പൂർത്തിയായി എസ്എഫ്ഐഒ 2024 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. ഡിസംബർ 23ന് ജസ്റ്റിസ് ചന്ദ്രധാരി സിങ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനു സുപ്രീം കോടതി കൊളീജിയം നവംബറിലാണു ശുപാർശ ചെയ്തത്. ഹർജിയിൽ പുതിയ ജഡ്ജി വീണ്ടും വാദം കേൾക്കേണ്ടിവരുമെന്നാണു നിയമവിദഗ്ധരുടെ വിശദീകരണം.
കരിമണൽ കമ്പനിയായ സിഎംആർഎൽ സുഗമമായ പ്രവർത്തനത്തിനായാണ് എക്സാലോജിക്കിനുൾപ്പെടെ പണം നൽകിയതെന്നാണ് എസ്എഫ്ഐഒയുടെ വാദം. ഇടപാടുകളിലെ നികുതി കാര്യങ്ങൾ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണു സിഎംആർഎലിന്റെ വാദം. ബോർഡ് തീർപ്പാക്കിയാലും ക്രമക്കേട് അന്വേഷിക്കാൻ എസ്എഫ്ഐഒയ്ക്ക് അധികാരമുണ്ടെന്നു കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.