‘കടൽഖനന ടെൻഡർ പിൻവലിക്കണം’: മോദിക്ക് കത്തയച്ച് രാഹുൽ

Mail This Article
ന്യൂഡൽഹി ∙ കേരളം, ഗുജറാത്ത്, നിക്കോബാർ തീരങ്ങളിൽ കടലിൽ ഖനനം നടത്താനുള്ള ടെൻഡർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. നിർണായക തീരുമാനമെടുക്കും മുൻപു മത്സ്യത്തൊഴിലാളി സമൂഹത്തോട് അടക്കം കൂടിയാലോചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പരിസ്ഥിതി ആഘാതം വിലയിരുത്താതെയാണു ടെൻഡർ വിളിച്ചത്. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികൾ അവരുടെ ജീവനോപാധി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. കാര്യമായ പഠനങ്ങളില്ലാതെ തീരക്കടൽ സ്വകാര്യകമ്പനികൾക്കു തുറന്നുകൊടുക്കുന്നത് ആശങ്കാജനകമാണ്.
മത്സ്യആവാസ വ്യവസ്ഥയ്ക്കു കടൽഖനനം ഭീഷണിയാകുമെന്ന കേരള സർവകലാശാലയുടെ പഠനവും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ 11 ലക്ഷത്തിലേറെപ്പേരാണു മത്സ്യബന്ധനത്തെ ആശ്രയിച്ചുകഴിയുന്നത്. കടൽമണൽ ഖനനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇവരുടെ ജീവനോപാധിയെ വലിയ തോതിൽ ബാധിക്കുമെന്നും രാഹുൽ കത്തിൽ പറയുന്നു.മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ചു കെ.സി വേണുഗോപാൽ ഇന്ന് ലോക്സഭയിൽ ശ്രദ്ധക്ഷണിക്കും.