പൊന്മുടിക്കു വേണം, പുതിയ പാലം

Mail This Article
പൊന്മുടി∙ പന്നിയാർകുട്ടി കുളത്രക്കുഴി വഴി രാജാക്കാട്ടിലേക്കുള്ള റോഡിൽ അപകടങ്ങൾ വർധിക്കുന്നതിനാൽ പൊന്മുടിയിൽ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. മേഖലയിലെ ഏറെ വിനോദ സഞ്ചാര സാധ്യതകളുള്ള പ്രദേശമാണ് പൊന്മുടി ഡാമും താഴ്‌ഭാഗത്തെ ഉരുക്കുകൊണ്ടുള്ള തൂക്കുപാലവും. നിലവിൽ തൂക്കുപാലത്തിൽ വലിയ വാഹനങ്ങൾക്ക് പ്രവേശന അനുമതിയില്ല. തൂക്കുപാലം, ഡാം ടോപ് റോഡുകൾക്ക് സമാന്തരമായി 2008 ലാണ് കുളത്രക്കുഴി വഴി രാജാക്കാട്ടിലേക്കുള്ള റോഡ് നിർമിച്ചത്. അതിനുശേഷം ഇതുവരെ ഒരു ഡസനിലേറെ അപകടങ്ങളാണ് ഇവിടെയുണ്ടായത്. മാസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽനിന്ന് മാങ്ങ കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണ് അവസാനത്തെ അപകടം. ഒട്ടേറെ ചരക്ക് വാഹനങ്ങളാണ് ഇവിടെ മറിഞ്ഞത്. 2017ൽ ഉണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു.
റോഡിന്റെ അശാസ്ത്രീയ നിർമാണവും അലൈൻമെന്റുമാണു വാഹനാപകടങ്ങൾക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു. ഇൗ റോഡിന് സമാന്തരമായുള്ള ചേലച്ചുവട്-പൊന്മുടി ഗ്രോട്ടോ ജംക്‌ഷൻ റോഡിൽ പൊന്മുടി തൂക്കുപാലത്തിനു സമീപം പുതിയ കോൺക്രീറ്റ് പാലം നിർമിച്ചാൽ പന്നിയാർകുട്ടി കുളത്രക്കുഴി റോഡിലെ ഗതാഗത തിരക്ക് ഒഴിവാക്കാൻ കഴിയും. കോൺക്രീറ്റ് പാലം നിർമിക്കുന്നതിനുള്ള ബോർ ഹോൾ പരിശോധന ഉൾപ്പെടെ പൂർത്തിയായെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളുടെ അതിർത്തിയിലുള്ള ഇവിടെ പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തോട് ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും മൗനം തുടരുകയാണ്.