നടുവിൽ കുഴി, ഇരുവശവും കാട്; കറുകച്ചാൽ– മണിമല റോഡിലെ യാത്ര വെല്ലുവിളി
Mail This Article
കറുകച്ചാൽ ∙ നാടുവൊടിക്കുന്ന കുഴി, റോഡിന് ഇരുവശവും കാടുപിടിച്ച്. കറുകച്ചാൽ– മണിമല റോഡിലെ യാത്ര ഏറെ ദുരിതമാണ്. 16 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 5 കിലോമീറ്റർ കറുകച്ചാൽ പിഡബ്ല്യുഡി സെക്‌ഷനിലും ബാക്കി വാഴൂർ, എരുമേലി സെക്‌ഷനിലുമാണ്. പല ഭാഗത്തായി റോഡ് തകർന്നിട്ടു കാലമേറെയായി.
അറ്റകുറ്റപ്പണി ചെയ്ത് മടുത്തു
കറുകച്ചാൽ മുതൽ നെടുമണ്ണി വരെയുള്ള ഭാഗം മാസങ്ങൾക്കു മുൻപ് അറ്റകുറ്റപ്പണി ചെയ്തിരുന്നു. നെടുമണ്ണി മുതൽ പത്തനാടിന്റെ സമീപം വരെ ഏകദേശം 5 കിലോമീറ്ററാണു പുനർനിർമിക്കുന്നത്. ഈ ഭാഗം വാഴൂർ സെക്‌ഷന്റെ പരിധിയിലാണ്. ഇവിടെ മുതൽ മണിമല വരെയുള്ള ഭാഗം എരുമേലി സെക്‌ഷന്റെ കീഴിലും. ഒരു ഭാഗം പുനർനിർമിക്കുമ്പോൾ ബാക്കിയുള്ള ഭാഗങ്ങൾ വീണ്ടും തകരും. 8 വർഷം മുൻപാണു റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചത്. എന്നാൽ ചുരുങ്ങിയ സമയത്തിൽ ഇവ ഘട്ടംഘട്ടമായി തകർന്നു. ഇപ്പോൾ മിക്കയിടങ്ങളിലും ടാറിങ് തകർന്ന് കുണ്ടും കുഴികളുമാണ്. വാഴൂർ സെക്‌ഷന്റെ കീഴിൽ വരുന്ന 5 കിലോമീറ്റർ ഭാഗം പുനർനിർമിക്കാൻ 6 കോടി രൂപയാണ് അനുവദിച്ചത്. ടെൻഡർ നടപടി പൂർത്തിയാക്കാനുണ്ട്.
പൊടിശല്യവും
മഴക്കാലം ആരംഭിച്ചതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയമാണ്. വെള്ളക്കെട്ടും വലിയ ഗർത്തങ്ങളുമായി. ഒപ്പം കാടു കയറി റോഡിലെത്തി. കൊടുംവളവുകൾ ഏറെയുള്ള റോഡിൽ കാടു വളർന്നതു മൂലം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. വെയിലാകുന്നതോടെ റോഡിലെ കുഴികളിലെ വെള്ളക്കെട്ട് പൊടിയായി മാറും. ഓടകളില്ലാത്തതാണു റോഡ് തകരുന്നതിനു പ്രധാന കാരണം. മഴക്കാലത്തു പല ഭാഗങ്ങളിലും ഉറവകളുണ്ട്. മാസങ്ങളോളം റോഡിൽ വെള്ളം കെട്ടിക്കിടക്കുകയും ചെളിയും മണ്ണും കുഴഞ്ഞു കിടക്കുകയുമാണു ചെയ്യുന്നത്. ഇതു ടാറിങ് പെട്ടെന്നു തകരുന്നതിനും കാരണമാകും.