ഹൈദരാബാദ് എഫ്സിയുടെ മലയാളി രുചിക്കൂട്ട്

Mail This Article
മലപ്പുറം ∙ ലോകപ്രശസ്തമായ ഹൈദരാബാദ് ബിരിയാണി പോലെ രുചികരമാണ് ഹൈദരാബാദ് എഫ്സിയുടെ ഫുട്ബോൾ കളിയും. ആ രുചിക്കൂട്ടിലെ അവിഭാജ്യ ഘടകങ്ങളാണ് 6 മലയാളികൾ. ടീമിന്റെ സഹപരിശീലകനും അരീക്കോട് തെരട്ടമ്മൽ സ്വദേശിയുമായ ഷമീൽ ചെമ്പകത്ത്, ടീം മാനേജരും നിലമ്പൂർ സ്വദേശിയുമായ നിതിൻ മോഹൻ, ടീം അംഗങ്ങളായ ഒതുക്കുങ്ങൽ സ്വദേശി അബ്ദുൽ റബീഹ്, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫി, ടീം ഓപ്പറേഷൻസ് മാനേജരും കോട്ടയം സ്വദേശിയുമായ ഡാനിയൽ ജേക്കബ്, ടീം ഡോക്ടർ ദീപക് ബാബു എന്നിവരാണ് ഹൈദരാബാദ് ടീമിനു മണവും രുചിയും നൽകുന്ന ആ മലയാളികൾ.
ഐഎസ്എൽ ഈ സീസണിൽ 3 ഗോൾ അസിസ്റ്റുമായി തിളങ്ങിയ മിഡ്ഫീൽഡറാണ് മലപ്പുറം എംഎസ്പി സ്കൂളിന്റെ മുൻതാരം കൂടിയായ ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് റബീഹ്. നേരത്തേ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ അംഗമായിരുന്നു. 2021 മുതൽ ഹൈദരാബാദ് എഫ്സിയിൽ. ഹൈദരാബാദ് ടീമിലെ മറ്റൊരു മലയാളി താരമായ മുഹമ്മദ് റാഫി ബെംഗളൂരു എഫ്സി യൂത്ത് ടീമിൽ അംഗമായിരുന്നു നേരത്തേ. അണ്ടർ 19 ഇന്ത്യൻ ടീമിലും റാഫി മുൻപ് ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ഹൈദരാബാദ് എഫ്സി. സൂപ്പർ കപ്പ് ലക്ഷ്യമിട്ട് ഫുൾ സ്ക്വാഡുമായാണ് വരവ്. ഇന്നു വൈകിട്ട് അഞ്ചിന് പയ്യനാട് സ്റ്റേഡിയത്തിൽ ഐസോൾ എഫ്സിക്ക് എതിരെയാണ് സൂപ്പർ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ ഹൈദരാബാദിന്റെ ആദ്യമത്സരം.
ഓഗ്ബെച്ചെ എത്തി
മലയാളികളുടെ പ്രിയപ്പെട്ട നൈജീരിയൻ താരം ബർത്തലോമിയോ ഓഗ്ബെച്ചെ സൂപ്പർ കപ്പിനുള്ള ഹൈദരാബാദ് സ്ക്വാഡിലുണ്ട്. ഇന്നലെ കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. ഇത്തവണത്തെ ഐഎസ്എല്ലിൽ 21 കളികളിൽ നിന്നായി 10 ഗോളും 2 അസിസ്റ്റുമുൾപ്പെടെ നേടി മികച്ച ഫോമിലാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഓഗ്ബെച്ചെ.