തിരുവല്ല വൈദ്യുതി സബ് സ്റ്റേഷൻ 110കെവിയിലേക്ക്

Mail This Article
തിരുവല്ല ∙ വൈദ്യുതി സബ് സ്റ്റേഷന്റെ കാര്യശേഷി ഇരട്ടിയായി ഉയർത്തുന്നു. നിലവിലെ 66 കെവി സബ് സ്റ്റേഷൻ 110 കെവി സബ് സ്റ്റേഷനായാണ് മാറ്റുന്നത്. സംസ്ഥാനത്തെ ആദ്യകാല വൈദ്യുതി സബ്സ്റ്റേഷനിൽ ഒന്നാണിത്. 1960 കാലഘട്ടത്തിലാണ് ഇതു നിർമിച്ചത്. 2.7 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ വികസനം പൂർത്തിയാകുന്നതോടെ നഗരത്തിൽ വൈദ്യുതി മുടക്കം ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. പള്ളം 220 കെവി സബ് സ്റ്റേഷനിൽ നിന്നു മാവേലിക്കര 110 കെവി സബ് സ്റ്റേഷനിലേക്കുള്ള ലൈനിൽ കൂടിയാണ് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്. ഇതു നിലനിർത്തി മല്ലപ്പള്ളി- ചെങ്ങന്നൂർ ലൈനിൽ നിന്നുള്ള വൈദ്യുതി കൂടി സബ് സ്റ്റേഷനു ലഭിക്കും. ഇതിനായി മഞ്ഞാടിയിലെ ടവറിൽ നിന്നു ഭൂഗർഭ കേബിളും സ്ഥാപിച്ചിട്ടുണ്ട്. പുതിയ 20 മെഗാവാട്ട് ശേഷിയുള്ള ട്രാൻസ്ഫോമറും സ്ഥാപിക്കും.
നിലവിൽ 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ട്രാൻസ്ഫോമറാണ് സബ്സ്റ്റേഷനിലുള്ളത്. ഇതിന്റെ 70 ശതമാനം ശേഷി ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. തിരുവല്ല, തോട്ടഭാഗം, മണിപ്പുഴ എന്നീ സെക്‌ഷനുകളിലേക്കുള്ള വൈദ്യുതിയാണ് ഇവിടെ നിന്നു വിതരണം ചെയ്യുന്നത്. ചുമത്രയിൽ മറ്റൊരു 66കെവി സബ് സ്റ്റേഷൻ കൂടി പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും 70 ശതമാനത്തിലധികം ശേഷി .എടുക്കുന്നുണ്ട്. 110 കെവി യാകുന്നതിന്റെ പ്രയോജനം സെക്‌ഷനുകൾക്കാണ് കിട്ടുന്നത്. വൈദ്യുതി വിതരണത്തിന് എല്ലാ ഭാഗത്തേക്കും കൂടുതൽ ഫീഡറുകൾ ഉപയോഗിക്കാൻ കഴിയും.
ഏതെങ്കിലും ഒരു ഫീഡറിൽ എന്തെങ്കിലും തടസ്സം വന്നു വൈദ്യുതി മുടങ്ങിയാൽ അടുത്ത ഫീഡർ ഉപയോഗിച്ച് പെട്ടന്നു വിതരണം പുനഃസ്ഥാപിക്കാൻ കഴിയും. ആവശ്യക്കാർക്ക് പുതിയ കണക്‌ഷൻ നൽകുന്നതിനു തടസ്സമോ താമസമോ ഉണ്ടാകില്ല. വിതരണം മെച്ചപ്പെടും.ജൂണിലാണ് വികസന പദ്ധതി തുടങ്ങിയത്. പ്രധാനജോലികളെല്ലാം പൂർത്തിയായി. ലോക്ഡൗൺ ആയതോടെ പ്രതീക്ഷിച്ച വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുന്നില്ല. ഒക്ടോബറിൽ കമ്മിഷൻ ചെയ്യാൻ കഴിയുമെന്നു അസിസ്റ്റന്റ് എൻജിനീയർ വി.പി.രമ്യ പറഞ്ഞു.