ധനുവച്ചപുരം ജംക്ഷനിലെ ഓട നിർമാണത്തിൽ പ്രതിഷേധം

Mail This Article
പാറശാല∙റോഡിലെ ഒാട നിർമാണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. അമരവിള–കാരക്കോണം റോഡ് നവീകരണത്തിന്റെ ഭാഗമായി ധനുവച്ചപുരം ജംക്‌ഷനിൽ നടത്തുന്ന ഒാട നിർമാണം അടക്കമുള്ള ജോലികൾ ആണ് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. പതിന്നാലു മീറ്ററോളം വീതിയുള്ള റോഡിൽ ഒൻപത് മീറ്റർ ടാറിങ്ങിനു ശേഷം ഒരു മീറ്റർ മാത്രം അകലത്തിൽ ഒാട സ്ഥാപിക്കുന്നത് റോഡിന്റെ വീതി കുറവിനു ഇടയാക്കും എന്നാണ് പ്രദേശവാസികളുടെ പരാതി. പതിന്നാലു മീറ്റർ വരെ സ്ഥലം ഏറ്റെടുത്തിട്ടുളളതിനാൽ റോഡിന്റെ അതിർത്തി ഭാഗത്ത് ഒാട നിർമിച്ചാൽ പാർക്കിങ്ങിനു അടക്കം റോഡിൽ കൂടുതൽ ലഭിക്കും.
നിലവിലെ റോഡിൽ നിന്ന് രണ്ട് അടി വരെ ഉയർത്തി ഒാട നിർമിക്കുന്നത് വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. റോഡ് നിർമാണത്തിലെ പിഴവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8.30ന് ധനുവച്ചപുരം ഐടിഐ ജംക്‌ഷനിൽ പ്രതിഷേധ കുട്ടായ്മ നടക്കും..