പിഎം 2ന് സുരക്ഷയൊരുക്കി കൊമ്പനും പിടിയും; കൊമ്പന്റെ മറയിൽ മണിക്കൂറുകളോളം ചതുപ്പിൽ

Mail This Article
ബത്തേരി∙ ബത്തേരി നഗരത്തിലിറങ്ങി ഭീതി പരത്തിയ ഗൂഡല്ലൂർ മോഴ പിഎം 2 വിനെ പിടികൂടാനുള്ള ആദ്യദിന ശ്രമങ്ങൾ വിഫലം. മറ്റൊരു കാട്ടുകൊമ്പന്റെ മറ പറ്റി പിഎം 2 നീങ്ങുന്നതാണ് ദൗത്യ സംഘത്തെ വലച്ചത്. രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെ നടത്തിയ ശ്രമങ്ങൾക്ക് ശേഷം ആദ്യദിന ദൗത്യം അവസാനിച്ചു. രണ്ടാം ദിന ദൗത്യം ഇന്ന് രാവിലെ 7 ന് തുടങ്ങും. ഇന്നലെ രാവിലെ 7ന് കുപ്പാടി ആർആർടി റേഞ്ച് ഓഫിസിന് 50 മീറ്റർ പുറകിലായാണ് പിഎം 2 ഉണ്ടായിരുന്നത്. 30 പേരടങ്ങുന്ന ദൗത്യസംഘം കാട്ടിൽ കയറി തിരച്ചിൽ തുടങ്ങിയതോടെ കാട്ടാന പിന്നോക്കം പോയി. സൂര്യ , സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും കാട്ടിൽ എത്തിച്ചിരുന്നു. ദൗത്യ സംഘത്തെ കബളിപ്പിച്ച് 10 കിലോമീറ്ററോളമാണ് പിഎം2 ഇന്നലെ നടന്നത്.
സുരക്ഷയൊരുക്കി കൊമ്പനും പിടിയും

ദൗത്യസംഘം 50 മീറ്റർ അടുത്തു വരെ പിഎം 2 വിനെ കണ്ടെങ്കിലും മറ്റൊരു കൊമ്പൻ മറ ഞ്ഞു നിന്നതിനാൽ പലപ്പോഴും മയക്കുവെടി വയ്ക്കാനായില്ല. ഇടക്ക് ഒരു പിടിയാനയും ഒപ്പം കൂടി.മയക്കു വെടി മാറിക്കൊണ്ടാൽ പ്രശ്നമാകുമെന്നതിനാൽ ഡാർട്ടിങ് സംഘം കരുതലോടെയാണ് നീങ്ങിയത്. കാട്ടിലെ വഴികളിലും തെളിഞ്ഞ പ്രദേശങ്ങളിലുമെത്തുമ്പോൾ അതിവേഗമാണ് പിഎം 2 സഞ്ചരിച്ചിരുന്നത്. അതും തടസ്സമായി.
മണിക്കൂറുകളോളം ചതുപ്പിൽ
കൊമ്പന്റെ മറ പറ്റി പിഎം 2 മണിക്കൂറുകളോളം കഴിച്ചു കൂട്ടിയത് ചതുപ്പിൽ. അതു കൊണ്ടു തന്നെ മയക്കുവെടിയുതിർത്താൽ ആനയെ പുറത്തേക്ക് കൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു. പുറത്ത് ലോറിയും മണ്ണുമാന്തികളും സജ്ജമായിരുന്നെങ്കിലും ചതുപ്പിൽ നിന്ന് മാറാൻ കൂട്ടാക്കാത്തതിനാൽ മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല. ചപ്പക്കൊല്ലി, കട്ടയാട്, മുണ്ടൻകൊല്ലി, മണൽ വയൽ എന്നീ വനമേഖലകളിലൂടെയായിരുന്നു ഇന്നലെ പിഎം 2 വിന്റെ സഞ്ചാരം. ചേതലയത്തിനടുത്ത വനമേഖലയായ തേൻകുഴിയിലാണ് ഇന്നലെ വൈകിട്ട് ആനയെത്തിയത്.

തലേന്ന് രാത്രി കാട്ടയാട് പ്രദേശത്ത് റെയിൽപാള വേലി മറികടന്ന് ആന എത്തിയിരുന്നു. എന്നാൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരുന്നില്ല. ചതുപ്പുകൊല്ലിയിൽ നിന്നിരുന്ന പിഎം 2 വിനെ കുങ്കികളെ ഉപയോഗിച്ച് കുന്നിൻമുകളിലെ നിരന്ന പ്രദേശത്തേക്ക് കൊണ്ടുവന്നെങ്കിലും നിരപ്പിലെത്തിയപ്പോൾ ഒപ്പമുള്ള കൊമ്പനൊപ്പം വേഗത്തിൽ കാട്ടിൽ മറഞ്ഞു. വലുപ്പം കുറവായതിനാൽ കാടുകൾക്കുള്ളിൽ മറഞ്ഞു നിൽക്കാനും പിഎം2 വിന് എളുപ്പത്തിൽ കഴിഞ്ഞു.
വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ്, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരിം, ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് ,ആർആർടി റേഞ്ച് ഓഫിസർ എൻ. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം നടപ്പാക്കുന്നത്. നോഡൽ ഓഫിസർ കെ.എസ്. ദീപ, പാലക്കാട് സിസിഎഫ് മുഹമ്മദ് ഷബാബ് എന്നിവരും സ്ഥലത്തെത്തി. ആരെ 120 അംഗ സംഘമാണ് ഇന്നലെ ദൗത്യത്തിനെത്തിയത്.
ഉന്നതദ്യോഗസ്ഥന് മന്ത്രിയുടെ വിമർശനം
ബത്തേരി∙ സർക്കാർ നിർദേശം നൽകിയിട്ടും കാട്ടാനയെ പിടികൂടാനുള്ള ഉത്തരവ് വൈകിപ്പിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങിന്റെ നടപടി വനംവകുപ്പിന് ക്ഷീണമുണ്ടാക്കിയെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. ബത്തേരി ടൗണിലിറങ്ങിയ പിഎം 2 എന്ന മോഴയാനയെ പിടികൂടുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ ബത്തേരി ആർആർടി റേഞ്ചിൽ എത്തിയതായിരുന്നു മന്ത്രി. വനപാലകർ ജീവൻ പണയം വച്ച് ജോലി ചെയ്യുമ്പോൾ ലാഘവത്തോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിഷയത്തെ സമീപിച്ചത്.
6ന് ഉച്ചയ്ക്ക് എംഎൽഎയും നഗരസഭാ അധ്യക്ഷനുമടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചപ്പോൾ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ 7 ന് ഉച്ചക്ക് ശേഷമാണ് മയക്കുവെടി വച്ച് പിടികൂടാനുള്ള ഉത്തരവിട്ടതെന്നും താഴേത്തട്ടിലുള്ള ജീവനക്കാരുടെ പക്കൽ പിഴവില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുത്തങ്ങ ആനപരിശീലന കേന്ദ്രവും മന്ത്രി സന്ദർശിച്ചു.
മന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് ലീഗ്

ബത്തേരി∙ ബഫർ സോൺ, വയനാടിനോടുള്ള അവഗണന, കാട്ടാനയെ പിടികൂടാൻ ഉത്തരവിടുന്നതിൽ വന്ന വീഴ്ച എന്നീ വിഷയങ്ങൾ ഉയർത്തി യൂത്ത് ലീഗ് മന്ത്രി എ. കെ. ശശീന്ദ്രനെ കരിങ്കൊടി കാണിച്ചു. ഇന്നലെ ബത്തേരിയിൽ വന്നു മടങ്ങുന്നതിനിടെ ബത്തേരി ചുങ്കത്ത് വച്ചാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി ഉയർത്തിയത്. മന്ത്രിയുടെ കാറിന് മുൻപിലേക്ക് ഓടിക്കയറിയ യൂത്ത് ലീഗ് പ്രവർത്തകൻ കാറിനെ തൊട്ടു, തൊട്ടില്ല എന്ന വിധത്തിൽ നിന്ന ശേഷം കരിങ്കൊടി ഉയർത്തി വീശുകയായിരുന്നു. പ്രവർത്തകർ പിന്നീട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.