ഹോംവർക്ക് ചെയ്യാൻ റോബട്ടിനെ വാങ്ങി, ഒടുക്കം ആന്റിക്ലൈമാക്സ്!

Mail This Article
ഇംപോസിഷനെഴുതി കൈയ്യൊടിഞ്ഞ ഒരു ഭൂതകാലം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. ഒരു കൈ കൊണ്ടെഴുതിയിട്ടും തീരാഞ്ഞ് ഒരേ സമയം രണ്ടു കൈകള്‍ കൊണ്ട് ഇംപോസിഷന്‍ എഴുതിയവരും ഒരു കയ്യില്‍ തന്നെ രണ്ടും മൂന്നും പേനകള്‍ പിടിച്ച് എഴുതിയവരും നിരവധി. എന്നാല്‍ ഇപ്പോഴത്തെ പിള്ളേര് അക്കാര്യത്തിലൊക്കെ പൊളിയാണ്. ഹൈടെക്ക് ഉപായങ്ങളാണ് ഹോംവര്‍ക്ക്, ഇംപോസിഷന്‍ തുടങ്ങി എടുത്താല്‍ പൊങ്ങാത്ത പണികള്‍ക്കുള്ള അവരുടെ മറുപടി.
ഒരു ചൈനീസ് ടീനേജര്‍ കണ്ടെത്തിയ അത്തരമൊരു ഹൈടെക്ക് ഉപായത്തിനു പിന്നാലെയാണു സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഹോംവര്‍ക്കു ചെയ്യാന്‍ സമയം തികയുന്നില്ല. ചെയ്യാനാണെങ്കില്‍ ഒരു കുന്നോളമുണ്ടു താനും. എക്സിബിഷനുകളിലും മറ്റും മുന്‍പു കണ്ടിട്ടുള്ള ഒരു റോബോട്ടിനെ വാങ്ങിയാണു ചൈനയിലെ ഈ പെണ്‍കുട്ടി പ്രശ്നം പരിഹരിച്ചത്.
പുതുവര്‍ഷ സമ്മാനമായി കിട്ടിയ തുകയെല്ലാം വിനിയോഗിച്ചാണു റോബോട്ടിനെ വാങ്ങിയത്. പെണ്‍കുട്ടിയുടെ കയ്യക്ഷരത്തില്‍ അതേ പോലെ പകര്‍ത്തി എഴുതുന്ന റോബോട്ട് പണിയെല്ലാം ഉടനടി തീര്‍ത്തു കൊടുത്തു. പക്ഷേ, മുറി വൃത്തിയാക്കുമ്പോള്‍ റോബോയെ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മ അത് ഉടച്ചു കളഞ്ഞെന്നാണ് ഇതിന്റെ ആന്റി ക്ലൈമാക്സ്.
സിങ്ങ്ജിയാങ്ങിലെ ഒരു സായാഹ്ന പത്രം ഇതു വാര്‍ത്തയാക്കി. തുടര്‍ന്നു ചൈനയിലെ പ്രമുഖ സാമൂഹിക മാധ്യമമായ വൈയ്ബോയില് ഇതിനെ പറ്റി ചൂടന്‍ ചര്‍ച്ചകള്‍ അരങ്ങേറി. പെണ്‍കുട്ടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര് സോഷ്യല്‍ മീഡിയായില്‍ ഏറ്റുമുട്ടി. പെണ്‍കുട്ടി ചെയ്യുന്നതു ചതിയാണെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ യന്ത്രങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കാട്ടിയ മിടുക്കിനെ പ്രശംസിച്ചും പലരും രംഗത്തെത്തി.