ADVERTISEMENT

ഒരു ദുരന്തത്തില്‍നിന്നാണ് തൈക്കാട് കറുത്തേടത്ത് വീട്ടിലെ കെ.എസ്.ഷീജ കര്‍ഷകയാകുന്നത്. തമിഴ്‌നാട്ടില്‍ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന മകനുണ്ടായ ഒരു വാഹനാപകടമാണ് ഷീജയെ കൃഷിയിലേക്ക് അടുപ്പിച്ചത്. അന്നു മകന്റെ ചികിത്സയുടെ ഭാഗമായി താമസിച്ചിരുന്ന വാടകവീട്ടിലെ പാട്ടിയമ്മയില്‍നിന്നാണ് ജൈവകൃഷിയുടെ ബാലപാഠങ്ങള്‍ പഠിക്കുകയായിരുന്നു. ഇന്ന് ഗുരുവായൂര്‍ നഗരസഭാ പരിധിയിലെ എണ്ണം പറഞ്ഞ ജൈവകര്‍ഷകരില്‍ ഒരാളാണ് ഷീജ. ഷീജയുടെ വരുമാനമാര്‍ഗവും മാനസികോല്ലാസവുമാണ് ജൈവകൃഷിയെന്നും പറയാം.

ഗുരുവായൂര്‍ - പാവറട്ടി റോഡില്‍ തൈക്കാട് കൃഷിഭവന്റെ പരിധിയിലാണ് ഷീജയുടെ കൃഷിയിടം. വീട്ടുമുറ്റത്തും ടെറസിലും പറമ്പിലും കൂടാതെ കണ്ടാണശ്ശേരിയില്‍ പാട്ടത്തിന് എടുത്ത ഒരേക്കര്‍ ഭൂമിയിലുമാണ് കൃഷി. 

വെണ്ട, വഴുതന, മത്തന്‍, തണ്ണിമത്തന്‍, വെള്ളരി, കുമ്പളം, പടവലം, പാവല്‍, ചുരയ്ക്ക, വിവിധയിനം ചീരകള്‍, പലതരം മുളകുകള്‍, ശീതകാല വിളകളായ കോളിഫ്ലവര്‍, കാബേജ് എന്നിവയാണ് പ്രധാന പച്ചക്കറിവിളകള്‍. വീട്ടുമുറ്റത്ത് നീലക്കൊടുവേലി, കറ്റാര്‍വാഴ പോലുള്ള ഔഷധസസ്യങ്ങളും ചാമ്പ, സപ്പോട്ട, മാവ്, പ്ലാവ്, അത്തി, റമ്പൂട്ടാന്‍, ആപ്പിള്‍ചാമ്പ, മള്‍ബെറി, ഡ്രാഗണ്‍ ഫ്രൂട്ട്, ബ്ലാക്ക്‌ബെറി, അത്തി, ബ്രസീലിയന്‍ മള്‍ബറി, ഇലുമ്പിപ്പുളി, പപ്പായ തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുമുണ്ട്. വിഷുക്കാലമായാല്‍ ഷീജയുടെ കൃഷിയിടത്തില്‍ കണിവെള്ളരിയുടെ കൊയ്ത്തുത്സവമാണ്. 

sheeja-2

മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍

കൃഷിഭവനില്‍നിന്ന് ലഭിച്ച കുറ്റിക്കുരുമുളക് ചെടികൾ ഷീലയ്ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നുണ്ട്. പരാഗണം നടത്തുന്നതിനായി പറമ്പില്‍ ധാരാളം പൂച്ചെടികളും  തേനീച്ചക്കൂടുകളുമൊരുക്കിയിട്ടുണ്ട്. മുൻകൂർ ബുക്കിങ് അനുസരിച്ചാണ് തേന്‍ വിൽപന. ഒരു വ്ളോഗര്‍ കൂടിയായ ഷീജ തന്റെ കൃഷിയറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുമുണ്ട്.

മണ്ണ് തയാറാക്കല്‍

ചാണകത്തിന്റെ ഉപയോഗം തീരെ ഇല്ലെന്നതാണ് ഷീജയുടെ കൃഷിയിടത്തിന്റെ പ്രത്യേകത. പകരം കോഴിക്കാഷ്ഠമാണ് ഉപയോഗിക്കുന്നത്. ഒരു വര്‍ഷം മുൻപ് തുടങ്ങിയ കോഴിവളർത്തലിലൂടെയാണ് കൃഷിക്കായി വളം കണ്ടെത്തുന്നത്. ചാരവും കോഴിക്കാഷ്ഠവും ചേര്‍ത്ത് മണ്ണ് തയാറാക്കി ഒരാഴ്ചയ്ക്കുശേഷം വാരമെടുത്ത് തൈകൾ നടും. കാഷ്ഠത്തിനുവേണ്ടി വാങ്ങിയ ബിവി380 കോഴികളും കരിങ്കോഴികളും മുട്ടയിടുന്നതിനാൽ അതും വരുമാനമാണ്. കോഴിക്കൃഷിയില്‍നിന്നുള്ള വരുമാനം വർധിച്ചതോടെ മുട്ടക്കോഴിക്കൃഷി വിപുലമാക്കി. 

sheeja-3

പന്നി ശല്യം

മാറിമാറിവരുന്ന കാലാവസ്ഥയും രൂക്ഷമായ വന്യമൃഗശല്യവും മലയോരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഗുരുവായൂര്‍ നഗരസഭയുടെ പരിധിയിലുള്ള കര്‍ഷകരും വന്യമൃഗങ്ങളുമായി സദാ യുദ്ധത്തിലാണ്. ഷീജയുടെ തോട്ടം മുഴുവന്‍ കാട്ടുപന്നി ഉഴുതുമറിച്ചു; കിഴങ്ങുവര്‍ഗങ്ങളും ശീതകാലവിളകളുമെല്ലാം നശിപ്പിച്ചു. പറമ്പിലെ കാബേജും കോളിഫ്ലവറുമെല്ലാം കാട്ടുപന്നി കുത്തിനശിപ്പിച്ചതിനാല്‍ ഇപ്പോള്‍ മട്ടുപ്പാവില്‍ തന്നെ മണ്ണൊരുക്കിയാണ് ശീതകാലവിളകള്‍ പരിപാലിക്കുന്നത്. ടെറസില്‍ തക്കാളിയും കോവലും ഗോള്‍ഡന്‍ ബെറിയുമൊക്കയുണ്ട്.

ചകിരിച്ചോറ് ഫിനോയിലില്‍ കുഴച്ച് തുണിയില്‍ കെട്ടി കൃഷിയിടത്തില്‍ സ്ഥാപിക്കുകയാണ് പന്നിശല്യത്തിനെതിരെ ചെയ്യുന്നത്. എന്നാലിതും ഫലപ്രദമല്ല. കൃഷിയിടം വലകെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. മള്‍ച്ചിങ് ഷീറ്റ് വിരിച്ച കൃഷിയിടങ്ങളില്‍ പന്നിശല്യം കുറവാണെന്നാണ് ഷീജയുടെ അഭിപ്രായം.

വിപണി

വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പച്ചക്കറികൾ വിൽക്കുക. ജൈവപച്ചക്കറികളും പഴങ്ങളും വാങ്ങാനായി സ്ഥിരം ആവശ്യക്കാരുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി വാങ്ങാറുമുണ്ട്. അതുപോലെ ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിച്ചും കൊടുക്കും. വെണ്ട, ചീര, പടവലം, പാവല്‍ തുടങ്ങിയവയുടെ വിത്തുകള്‍ വിൽക്കുന്നതിലൂടെയും വരുമാനം നേടാൻ ഈ വീട്ടമ്മയ്ക്കു കഴിയുന്നു. 

പാട്ടഭൂമി

കണ്ടാണശ്ശേരിയിലെ പാട്ടത്തിനെടുത്ത ഒരേക്കര്‍ കൃഷിയിടം വിളവൈവിധ്യത്താൽ സമ്പന്നമാണ്. വിദ്യാര്‍ഥികള്‍ക്ക് ചെറുധാന്യങ്ങള്‍ പരിചയപ്പെടുത്താനായി പരീക്ഷണക്കൃഷിയും ഷീജ ചെയ്തിരുന്നു. ബജ്‌റ, മണിച്ചോളം, കമ്പ്, തിന, ചോളം തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. ഇത് വിജയമായതിനാൽ കൂടുതല്‍ സ്ഥലത്തേക്ക് ചെറുധാന്യക്കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. 

നന

പറമ്പിലെ കിണറാണ് പ്രധാന ജലസ്ത്രോതസ്. രണ്ടു ടാങ്കുകളില്‍ കരിമീന്‍, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയും വളർത്തുന്നു. പരസഹായമില്ലാതെ കൃഷി ചെയ്യുന്നു എന്ന പ്രത്യേകതയും ഷീജയ്ക്കുണ്ട്. കൃഷിയിടത്തിൽ കിളയ്ക്കുന്നതും മണ്ണ് തയാറാക്കുന്നതും തടമെടുക്കുന്നതും വാരം കൂട്ടുന്നതും വളമിടുന്നതും നനയ്ക്കുന്നതും വിത്തിടുന്നതുമെല്ലാം ഒറ്റയ്ക്കാണ്. ഒരു പതിറ്റാണ്ടായി ജൈവകൃഷി ചെയ്യുന്ന ഷീജയുടെ സ്വപ്നമാണ് രണ്ടേക്കര്‍ ഭൂമിയിലെ ജൈവകൃഷിയിടം. ആ സ്വപ്നം സഫലമാക്കുന്നതിനുള്ള യാത്രയിലാണ് ഷീജ.

ഫോൺ: 85928 59901

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com