പൂച്ച കരഞ്ഞു! ലാൽ ജോസ് ചിത്രത്തിനു ദുബായിയിൽ പാക്കപ്പ്
Mail This Article
ഇത്തവണ പാക്കപ്പ് പറയാൻ തനിക്കു പകരം മറ്റൊരാളെയായിരുന്നു സംവിധായകൻ ലാൽജോസ് നിയോഗിച്ചത്. നായകനുമല്ല നായികയുമല്ല, ഒരു പൂച്ചയാണ് ലാൽജോസിന്റെ പുതിയ ചിത്രത്തിനു പാക്കപ്പ് പറഞ്ഞത്.
സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' സിനിമയുടെ ദുബായ് ഷെഡ്യൂൾ പൂർത്തിയായിരുന്നു. സിനിമയുടെ പേരുപോലെ തന്നെ ഒരു പൂച്ച ക്ലാപ്പ്ബോർഡിന്റെ ഇടയിലൂടെ തലയിട്ട് കരയുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് ഷൂട്ട് തീര്‍ന്ന വിവരം ലാൽജോസ് അറിയിച്ചത്. 50 ദിവസം നീണ്ടുനിന്ന ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്.
സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളാണ്.
ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മംമ്തയും സൗബിനുമാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഡോ: ഇക്ബാല്‍ കുറ്റിപ്പുറം. ശ്രദ്ധേയമായ മൂന്നു വിജയചിത്രങ്ങൾക്കു ശേഷമാണ് ലാൽ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും വീണ്ടുമൊരുമിക്കുന്നത്. ഇരുവരും ഒന്നിച്ച അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.
സുഹൈൽ കോയ ഗാനരചനയും ജസ്റ്റിൻ വർഗീസ് സംഗീതവും അജ്മൽ ബാബു ഛായാഗ്രണവും നിർവഹിക്കുന്നു. അറബിക്കഥ, ഡയമണ്ട് നെക്ളേസ് എന്നീ ചിത്രങ്ങൾക്ക് ശേഷം യുഎഇ പശ്ചാത്തലമാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണിത്. ബിജു മേനോൻ ചിത്രം 41 ആയിരുന്നു ഇതിന് മുൻപ് പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം.