നാല് വർഷത്തിനു ശേഷം പൂർണിമ; ‘തുറമുഖ’ത്തെ കരുത്തുറ്റ ഉമ്മ
Mail This Article
2019 ൽ റിലീസ് ചെയ്ത ‘വൈറസ്’ സിനിമയിലാണ് പൂർണിമ ഇന്ദ്രജിത്തിനെ മലയാളികൾ അവസാനമായി കണ്ടത്. ഇപ്പോഴിതാ നാല് വർഷങ്ങൾക്കു ശേഷം കരുത്തുറ്റ കഥാപാത്രമായി മലയാളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് പൂർണിമ. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖ’ത്തിലാണ് ഗംഭീര പ്രകടനവുമായി പൂർണിമ അരങ്ങുതകർക്കുന്നത്.
മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥയിൽ മുഴുനീള കഥാപാത്രമായി നിവിൻ പോളിയുടെ ഉമ്മയുടെ വേഷത്തിലാണ് പൂർണിമ എത്തുന്നത്. കഥാപാത്രത്തിനുവേണ്ടി പലവിധത്തിലുള്ള അധ്വാനവും പഠനവുമെല്ലാം താരത്തിന് വേണ്ടിവന്നു. ശരീര ചലനങ്ങളിലും ഡബ്ബിങിൽ പോലും പ്രായ വ്യത്യാസത്തെ മികവുറ്റ രീതിയിൽ അഭിനയിപ്പിക്കാൻ പൂർണിമയ്ക്കു കഴിഞ്ഞു.
അഭിനേത്രി, നർത്തകി , ഡബ്ബിങ് ആർട്ടിസ്റ്റ് , ഫാഷൻ ഡിസൈനർ, മോഡൽ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച പൂർണിമ കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷമാണ് തുറമുഖത്തിലെത്തുന്നത്. സ്കൂൾ പഠന കാലത്തു തന്നെ കലാലയിൽ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ പൂർണിമ നാഷ്നൽ ലെവൽ സ്കോളർഷിപ്പും അംഗീകാരങ്ങളും നേടി. അതോടൊപ്പം നിരവധി നൃത്ത വേദികളും പൂർണിമയ്ക്കുണ്ടായിരുന്നു. 1986ൽ ചൈൽഡ് ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ പൂർണിമ തനിക്കു ക്രിയാത്മകമായി ചെയ്യാവുന്ന മേഖലകളിലെല്ലാം പ്രവർത്തിച്ച് വിജയം നേടിയിട്ടുണ്ട്.
അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, നിവിൻ പോളി എന്നിവരുടെ ഉമ്മയായി പൂർണിമ അവരുടെ കഥാപാത്രത്തോട് പൂര്‍ണമായും നീതിപുലർത്തിയെന്നാണ് പ്രേക്ഷക അഭിപ്രായം.