അന്ന് ആ മമ്മൂട്ടി ചിത്രത്തിൽ വേഷം ലഭിച്ചില്ല, ‘രേഖാചിത്രം’ കാലം കാത്തുവച്ച സമ്മാനം: സിദ്ദിഖ്
Mail This Article
‘കാതോട് കാതോരം’ സിനിമയിൽ ഒരു വേഷം കിട്ടാത്തതിന്റെ ദുഃഖം ഇപ്പോൾ തീർന്നെന്ന് നടൻ സിദ്ദിഖ്. താൻ അഭിനയിച്ച ആദ്യ സിനിമയിൽ അസ്സോഷ്യേറ്റ് ആയിരുന്ന കമൽ അടുത്തതായി സഹകരിക്കുന്ന ഭരതന്റെ സിനിമയിൽ ഒരു വേഷം സംഘടിപ്പിച്ചു തരാൻ നോക്കാം എന്നു പറഞ്ഞിരുന്നു. പക്ഷേ ആ സിനിമയിൽ റോൾ ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു ശേഷം കാതോട് കാതോരത്തിന്റെ കഥാതന്തു മറ്റൊരു സിനിമയായപ്പോൾ അതിൽ ഒരു പ്രധാനവേഷം ചെയ്യാൻ കഴിഞ്ഞത് കാലം കാത്തുവച്ച സമ്മാനമായി കരുതുന്നുവെന്ന് സിദ്ദിഖ് പറയുന്നു. ആസിഫ് അലി നായകനായ രേഖാചിത്രം എന്ന സിനിമയുടെ വിജയാഘോഷവേളയിൽ സംസാരിക്കുകയായിരുന്നു താരം.
‘‘ഞാൻ ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കുന്നത് 1985ലാണ്. ‘ആ നേരം അൽപദൂരം’ എന്ന സിനിമയിൽ മമ്മൂക്കയുടെ കൂടെ ഉണ്ടായിരുന്നു. ആ സിനിമയിൽ അസ്സോഷ്യേറ്റ് ഡയറക്ടർ കമലായിരുന്നു. ആ സിനിമ കഴിഞ്ഞിട്ട് പിന്നീട് കമൽ വർക്ക് ചെയ്യാൻ പോകുന്നത് 'കാതോടു കാതോരം' എന്ന സിനിമയിലാണ്. ഭരതേട്ടൻ ഡയറക്ട് ചെയ്യുന്ന സിനിമയാണ്. ഞാൻ അവിടെ ചെന്നിട്ട് നോക്കട്ടെ എന്തെങ്കിലും ഒരു റോൾ ഉണ്ടെങ്കിൽ ഞാൻ സിദ്ദിഖിനെ വിളിപ്പിക്കാമെന്ന് കമല്‍ പറഞ്ഞു. പക്ഷേ അതിനകത്ത് എനിക്ക് വേഷം ഒന്നും ഉണ്ടായില്ല. എനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ പറ്റിയില്ല.
അന്ന് ഞാൻ ആലോചിച്ചില്ല പിന്നീട് വർഷങ്ങൾ കഴിയുമ്പോൾ ഈ സിനിമയുടെ കഥ ഒരു കഥാതന്തു ആയിട്ട് വന്ന് അതിന് അനുബന്ധിച്ച് ഒരു സിനിമ ഉണ്ടാകും, ആ സിനിമയിൽ ഒരു പ്രധാനപ്പെട്ട റോൾ എനിക്ക് ചെയ്യാൻ സാധിക്കും എന്ന്. ഞാൻ അന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. അതൊക്കെ കാലം നമ്മൾ അറിയാതെ നമുക്ക് വേണ്ടി കാത്തുവെക്കുന്ന ചില കാര്യങ്ങളാണ്. ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ജോഫിൻ വിളിച്ച സമയത്ത് എന്നോട് ഇങ്ങനെ പറഞ്ഞു, ‘‘സിനിമയുടെ തുടക്കത്തിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമാണ്. ആകെ രണ്ടു ദിവസം വന്ന് അഭിനയിച്ചാൽ മതി.’’
അപ്പോൾ ഞാൻ ജോഫിനോട് ചോദിച്ചു, ‘‘എനിക്ക് കുറച്ചുകൂടി ഒരു നല്ല റോൾ തന്നൂടെ, രണ്ടു ദിവസം അല്ല എനിക്ക് മൂന്നു ദിവസം ഒക്കെ അഭിനയിക്കാൻ അറിയാം’’. ജോഫിൻ പറഞ്ഞു, ‘‘വേറെ വേഷങ്ങളുണ്ട്. സിദ്ദിഖേട്ടൻ ഏതെങ്കിലും വേഷം ചെയ്യുന്നതിലും എനിക്ക് കുഴപ്പമില്ല, പക്ഷേ ഈ വേഷത്തിന് എനിക്ക് വേറെ ആരെയും കാണാൻ പറ്റുന്നില്ല. ഇത് ചേട്ടൻ ചെയ്താൽ തന്നെ നന്നാവുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.’’
അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആ റോളിന്റെ ഒരു പ്രാധാന്യം മനസ്സിലായി. അങ്ങനെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത്. ഏതായാലും ഈ ചെറിയ സിനിമയുടെ ഒരു വലിയ വിജയത്തിന് എനിക്കും കൂടി പങ്കാളിയാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഞാൻ അഭിനയിക്കുന്ന സിനിമകളെല്ലാം എന്റെ സിനിമകളാണെന്ന് ആണ് എന്റെ ഒരു വിശ്വാസം. അപ്പൊ അങ്ങനെ എന്റെ സിനിമ ഒരു വലിയ വിജയത്തിലേക്ക് കുതിക്കുന്നതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. എല്ലാവരോടും ഒപ്പം ആ സന്തോഷം പങ്കിടാൻ സാധിച്ചതിനും ഒരുപാട് സന്തോഷം. ഈ സിനിമ വലിയ വിജയത്തിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു.’’ സിദ്ദിഖ് പറഞ്ഞു.