പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും
Mail This Article
പുതുപ്പള്ളി∙ പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര ആരംഭിക്കും. രണ്ടു കൊടിമരങ്ങൾ പുതുപ്പള്ളി പെരുനാളിന്റെ പ്രത്യേകതയാണ്.
പുതുപ്പള്ളി – എറികാട് കരക്കാർ കൊടിമരത്തിനുള്ള കമുക് മുറിച്ച് വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ആഘോഷപൂർവം പള്ളിയിൽ എത്തിക്കും. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കൊടിയേറ്റിന് നേതൃത്വം നൽകും. കുരിശടയാളങ്ങൾ നിറഞ്ഞ കൊടികൾ പ്രത്യേകമായി ചരടിൽ കെട്ടി ഉയർത്തും. ഭക്തജനങ്ങൾ നേർച്ചയായി പള്ളിയിൽ സമർപ്പിക്കുന്നതാണ് ഈ കൊടികൾ.കൊടിയേറ്റ് കഴിഞ്ഞാൽ എല്ലാ ദിനങ്ങളിലും കൊടിമരച്ചുവട്ടിൽ വാദ്യമേളങ്ങൾ നടത്തും.
മേയ് 5, 6, 7 തീയതികളാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. ഇന്ന് രാവിലെ 6ന് കുർബാന–ഇ.കെ.ജോർജ് കോറെപ്പിസ്കോപ്പ ഇഞ്ചക്കാട്ട്, 9ന് മൂന്നിന്മേൽ കുർബാന–യൂഹാനോൻ മാർ പോളി കാർപ്പസ്, നാളെ മുതൽ മേയ് 4 വരെ രാവിലെ 7.30ന് കുർബാനയുണ്ടാകും.പെരുന്നാളിനോടനുബന്ധിച്ചുള്ള പുതുപ്പള്ളി കൺവൻഷൻ മേയ് 1 മുതൽ നടത്തും. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, കൈക്കാരന്മാരായ ലിജോ വർഗീസ് കളപ്പുരയ്‌ക്കൽ,സാം കുരുവിള വായ്‌പ്പൂക്കര, സെക്രട്ടറി ജോജി പി. ജോർജ് പെരുമ്പുഴയിൽ എന്നിവർ നേതൃത്വം നൽകും.