ജീവിതം വീണ്ടെടുക്കാൻ ബിജുവിന് സഹായവുമായി ജില്ലാ ജഡ്ജി

Mail This Article
കൊല്ലം ∙ മേൽവിലാസത്തിലെ സമാനത കൊണ്ടു ചെയ്യാത്ത കുറ്റത്തിന്റെ പാപഭാരം തലയിലേറ്റേണ്ടി വന്ന കരീപ്ര മടന്തകോട് നെല്ലിമുക്ക് തടവിള പുത്തൻ വീട്ടിൽ ബിജു തോമസിനു നിരപരാധിത്വം തെളിയിക്കാൻ സാഹചര്യമൊരുങ്ങി. മലയാള മനോരമ ഞായറാഴ്ചയിലൂടെ ബിജുവിന്റെ കഥ അറിഞ്ഞ കൊല്ലം ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്തു.
10 കൊല്ലം മുൻപ് വർക്കല – പാരിപ്പള്ളി റൂട്ടിൽ ചാവർകോട് ആശാൻമുക്കിൽ ബസ് ഓട്ടോയിലിടിച്ച് 6 പേർ കൊല്ലപ്പെട്ട സംഭവമാണു ബിജു തോമസിന്റെ ജീവിതം മാറ്റിമറിച്ചത്. കേസിൽ പ്രതിയായ ബസ് ഡ്രൈവറുടെയും ബിജുവിന്റെയും പേരും വിലാസവും ഒന്നായതാണു കാരണം. സമൻസുകൾ മടങ്ങിയതോടെ കോടതി ബിജുവിന്റെ എല്ലാ ഇടപാടുകളും വിലക്കി. ഇതോടെ ബിജുവിനു വീസ നിഷേധിക്കപ്പെട്ടു.
മനസ്സറിവു പോലുമില്ലാത്ത കാര്യത്തിന്റെ പേരിൽ പ്രവാസ ജീവിതവും തൊഴിൽ ചെയ്യാനുള്ള അവകാശവും നിഷേധിക്കപ്പെട്ട ബിജുവിന്റെ അവസ്ഥയറിഞ്ഞ ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ മനോരമയുമായി ബന്ധപ്പെടുകയായിരുന്നു. ഇന്നലെ ബിജുവിനെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ലീഗൽ സർവീസ് അതോറിറ്റിക്കു രേഖാമൂലം പരാതി നൽകാനും 29നു ഹാജരാകാനും നിർദേശിച്ചു. കേസിന്റെ വിചാരണ നടക്കുന്ന ആറ്റിങ്ങലിലെ എംഎസിടി കോടതി ജഡ്ജിയുമായും ജില്ലാ ജഡ്ജി ബന്ധപ്പെട്ടു. ഓഗസ്റ്റ് 6ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.