മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും
Mail This Article
കൊച്ചി∙ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയെ കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസിൽ കസ്റ്റംസ് ഇന്നു ചോദ്യം ചെയ്യും. കൊച്ചിയിലെ പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഇന്നു രാവിലെ 11നു ഹാജരാകാനാണ് അന്വേഷണ സംഘം ഷാഫിക്കു നോട്ടിസ് നൽകിയിട്ടുള്ളത്.
സ്വർണക്കടത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ്, അർജുൻ ആയങ്കി എന്നിവരുടെ മൊഴികളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണു ഷാഫിയെ ചോദ്യം ചെയ്യുന്നത്. സ്വർണം കടത്തുന്നതിനും കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യുന്നതിനും ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുണ നൽകിയെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി.
ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ കണ്ടെത്തിയ തെളിവുകളും ഷാഫിക്ക് എതിരാണ്. ഷാഫിയെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി പാനൂർ സ്വദേശി സക്കീനയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സക്കീനയുടെ പേരിലെടുത്ത 4 സിം കാർഡുകൾ അർജുൻ ആയങ്കിയും സംഘവും സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
Content Highlight: Mohammad Shafi