ADVERTISEMENT

കണ്ണൂർ∙ ലീനസ് മരിയ സുക്കോൾ എന്ന ഇറ്റാലിയൻ ജെസ്യൂട്ട് വൈദീകനെ ചരിത്രം ഓർക്കുന്നത് നലംതികഞ്ഞ മനുഷ്യസ്നേഹിയായിട്ട് ആയിരിക്കും. സമൂഹത്തിൽ ഭവനരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യം വച്ച് നിർധനരായ ഏഴായിരത്തിനുമേൽ കുടുംബങ്ങൾക്ക്, സ്ഥലവും വീടും അദ്ദേഹം സമ്മാനിച്ചു. അവർക്കെല്ലാം കുടിവെള്ളം ലഭ്യമാക്കാനായി കിണറുകൾ നിർമിച്ചുനൽകി. പരാശ്രയമില്ലാതെ സ്വയംതൊഴിൽ കണ്ടെത്തി ജീവിക്കാനായി ദരിദ്രരായ പതിനായിരങ്ങൾക്ക്, തയ്യൽ മെഷീൻ, ഓട്ടോറിക്ഷ, കറവപ്പശു, ആട്, കോഴി തുടങ്ങിയവ നൽകി, വരുമാന സ്രോതസ്സ് ഒരുക്കി കൊടുത്തു. രോഗികൾക്ക്, ചികിത്സാസഹായം ചെയ്തു. ജാതി മത ഭേദമന്യേ അനേകായിരങ്ങൾക്ക്, സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി ജീവിച്ച സ്നേഹകാരുണികനാണ് സുക്കോളച്ചൻ എന്ന മലബാറിന്റെ മഹാ മിഷണറി. 

പതിനായിരങ്ങളെ നിസ്സഹായവസ്ഥയിൽ സഹായിക്കുമ്പോഴും പാവപ്പെട്ടവനിൽ പാവപ്പെട്ടവനായി ലളിതജീവിതം നയിച്ചു ഫാ. സുക്കോൾ. ഇത്രയധികം ചെയ്തിട്ടും താൻ ഒന്നും ചെയ്തിട്ടില്ല എന്ന ഭാവത്തിൽ കണ്ണൂർ മരിയാപുരം ഇടവകപള്ളിയുടെ സമീപം, ഒരു ഫാൻ പോലുമില്ലാത്ത, മഴയത്ത് ചോർന്നൊലിക്കുന്ന ഒരു കുടുസ്സുമുറിയിൽ, ഒരു പലകക്കട്ടിലിൽ അന്തിയുറങ്ങിയിരുന്നു ആ സന്യാസി. പ്രശസ്തിയോ പ്രതിഫലമോ സുഖസൗകര്യമോ ഈ ഭൂമിയിൽ തനിക്കുവേണ്ട എന്നതായിരുന്നു തീരുമാനം. കാരണം ദൈവകൃപയുടെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടുള്ളതായിരുന്നു ആ ത്യാഗജീവിതം.

ജനനം, ബാല്യം, കാരുണ്യ ജീവിതം

സ്വർണ്ണനിറമുള്ള ആപ്പിളുകൾ വിളയുന്ന വടക്കേ ഇറ്റലിയിലെ വാൽ ദി നോണിൽപ്പെട്ട സർനോണിക്കയിലാണ് സുക്കോൾ ജുസെപ്പെ–ബാർബര ദമ്പതികളിൽ നിന്നും 1916 ഫെബ്രുവരി 8–ാം തീയതി ലീനസ് മരിയ ജനിച്ചത്. 1940 മാർച്ച് 4–ന് ത്രെന്ത്രോ അതിരൂപതയിലെ 40 വൈദീകരോടൊപ്പം ലീനസ് മരിയ സുക്കോളച്ചൻ അഭിഷിക്തനായി. മൂന്നു വർഷത്തിനുശേഷം ഈശോ സഭയിൽ അംഗമായി. ദൂരങ്ങളിലെ മിഷനിൽ പോയി പ്രവർത്തിക്കാനുള്ള ആഗ്രഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അങ്ങിനെ 1948 ഏപ്രിൽ മാസം ഇറ്റലിയിൽനിന്ന് കപ്പൽ മാർഗം ബോംബെയിലും അവിടെനിന്ന് തീവണ്ടിയിൽ കോഴിക്കോടും വന്നെത്തി. പിന്നീട് വയനാട്ടിലെ ചുണ്ടേൽ, പള്ളിക്കുന്ന് എന്നിവിടങ്ങളിലും തുടർന്ന്, 1954–ൽ കണ്ണൂരിലെ ചിറക്കൽ മിഷനിലും സേവനത്തിനായി നിയോഗിക്കപ്പെട്ടു. മാടായി, പഴയങ്ങാടി, പിലാത്തറ, പട്ടുവം, പരിയാരം, പൂവം, ബക്കളം, അരിപ്പാമ്പ്ര, കാരക്കുണ്ട്, കണ്ണാടിപ്പറമ്പ്, കായപ്പൊയിൽ, മടക്കാംപൊയിൽ, കുറുമാത്തൂർ, മരിയാപുരം എന്നീ മുപ്പതോളം ഗ്രാമങ്ങൾ അദ്ദേഹത്തിന്റെ സേവനത്താൽ അനുഗ്രഹീതമായവയാണ്. അവിടെയെല്ലാം ജാതി മത ഭേദമന്യേ, എല്ലാവരുടേയും പ്രിയമുള്ള സ്നേഹിതനും നിരാലംബരുടെ സഹായകനുമായി മാറി. 1980–ൽ ഭാരത പൗരത്വം ലഭിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചു. അഭിമാനിതനായി. 

പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി 1969–ൽ ദീനസേവനസഭ സ്ഥാപിക്കാൻ ദൈവദാസി മദർ പേത്ര മോണിംഗ്മാനെ പ്രോത്സാഹിപ്പിച്ച് സഹായിക്കുകയും, കണ്ണൂർ ജില്ലയിലെ പട്ടുവത്തുള്ള മാതൃഭവനം ഉൾപ്പെടെ 16 ദീനസേവനസഭാ ഭവനങ്ങൾ അച്ചന്റെ നേതൃത്വത്തിലോ സഹകരണത്തിലോ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തുടങ്ങുകയും ചെയ്തു. 

ഫ്രാൻസിസ് പാപ്പ 2022 ഒാഗസ്റ്റിൽ ധന്യയായി ഉയർത്തപ്പെട്ട സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ആത്മീയപാതയിൽ അത്താണിയായി അദ്ദേഹം ഉണ്ടായിരുന്നു. സിസ്റ്റർ സെലിന്റെ ആധ്യാത്മിക ഗുരുവും കുമ്പസാരക്കാരനുമായിരുന്നു സുക്കോളച്ചൻ.

പിറന്ന നാടും പരിചിത സാഹചര്യങ്ങളും സൗഭാഗ്യങ്ങളും വിട്ടുപേക്ഷിച്ച് അദ്ദേഹം ഇവിടെയെത്തി. ഭാഷ പഠിച്ചു. സംസ്കാരം സമന്വയിപ്പിച്ച് സ്വന്തമാക്കി. ഭക്ഷണം, താമസം, ജീവിതം എല്ലാം ലളിത തരമാക്കി. പ്രേഷിത തീക്ഷ്ണതയിൽ ഹൃദയം നിറച്ചു. ശിശു സഹജമായ നിഷ്ക്കളങ്കതയോടെ എല്ലാവരോടും ഇടപെട്ടു. സുവിശേഷ സാന്ത്വനമായി ജീവിച്ചു.

അങ്ങിനെ കണ്ണൂരിന്റെ കനിവിന്റെ മാലാഖ മനുഷ്യസ്നേഹത്തിന്റെ പര്യായമായി. ആ ധന്യജീവിതത്തിൽ നിന്നും കാരുണ്യത്തിന്റെ കാണാപാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്. അസ്വസ്ഥതയുടെയും അസഹിഷ്ണുതയുടെയും ഈ കാലഘട്ടങ്ങളിൽ സൗഹാർദത പങ്കിടുന്ന സഹപാഠികളുണ്ടാകാൻ സുക്കോളച്ചനെന്ന ജീവിതപാഠപുസ്തകം പ്രചോദനമാകും. 

സുക്കോൾ അച്ചൻ ഇനി ദൈവദാസൻ

കണ്ണൂരിൽ കാരുണ്യത്തിന്റെ മാലാഖപോലെ കടന്നുവന്ന് സ്നേഹ സുവിശേഷ സാക്ഷ്യമായി ജീവിച്ച പുണ്യശ്ലോകനായ മിഷണറി സുക്കോളച്ചൻ ദൈവദാസനായി ഉയർത്തപ്പെടുകയാണ്.

അദ്ദേഹത്തിന്റെ സ്വർഗപ്രാപ്തിയുടെ 9–ാം വാർഷികം 2023 ജനുവരി 6–ന് ആഘോഷിക്കുമ്പോഴാണ് ദൈവദാസനെന്ന പ്രഖ്യാപനം. 2022 നവംബർ 11–ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അനുമതി വത്തിക്കാനിൽ നിന്നും ലഭിച്ചു. കണ്ണൂർ രൂപതയിലെ പരിയാരത്തിനടുത്ത് മരിയാപുരത്ത് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന നിത്യസഹായ ദേവാലയത്തിലാണ് കർമങ്ങൾ നടക്കുന്നത്. 

2022 ഒക്ടോബറിൽ അന്തരിച്ച കോൺഗ്രസ് നേതാവും ഡി.സി.സി. പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനി ഒരു ഓർമപ്രഭാഷണത്തിൽ പറഞ്ഞത്, പോക്കറ്റിൽ ചോക്കളേറ്റുകളുമായി കുഞ്ഞുങ്ങളുടെ ചാരെ എത്തുന്ന ഈശ്വര സാന്നിധ്യമായിരുന്നു സുക്കോളച്ചൻ എന്നായിരുന്നു.

ഒരു സുക്കോൾ ജീവിതം നമ്മിലും

സുക്കോളച്ചനെ പോലെ ഒരാൾ നമ്മിലൂടെ കടന്നുപോകണം. ഇടയ്ക്കിടെ. മെല്ലെ മെല്ലെ. കാരുണ്യം കിനിയുന്ന പുഞ്ചിരിയോടെയുള്ള ആ കടന്നുപോകൽ നമ്മുടെ ഹൃദയങ്ങളെ കൂടുതൽ തരളിതമാക്കണം. ജാതി മത രാഷ്ട്രീയ ചേരിതിരിവുകൾക്കപ്പുറം, കണ്ണൂരിൽ മാത്രമല്ല ഏവർക്കും, കാലത്തിനപ്പുറവും, കാരുണ്യത്തിന്റെ ഉൾപ്രചോദനമായി കനിവുനിറഞ്ഞ ആ കർമയോഗി ജീവിക്കേണ്ടത് ഇന്നിന്റെ ആവശ്യം കൂടിയാണല്ലോ. 

English Summary: Fr Lenus Maria Zucol is now a servant of God

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com