തലപ്പത്ത് തല്ല്; പകച്ച് സർക്കാർ, ഐഎഎസ് അസോസിയേഷനിലും രണ്ടഭിപ്രായം: ഇനി മുഖ്യമന്ത്രി പറയും
Mail This Article
തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരുൾപ്പെട്ട വിവാദങ്ങൾ സർക്കാരിനു തലവേദന സൃഷ്ടിക്കുന്നു. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന വ്യവസായ–വാണിജ്യ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞതോടെ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നു സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥനിര ഉറ്റുനോക്കുകയാണ്. വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ വ്യക്തിപരമായ വീഴ്ചയാണെന്നും അച്ചടക്ക നടപടിയോടെ വിവാദം അവസാനിക്കുമെന്നുമാണു സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ അതിരുവിട്ടു പോകുകയാണെന്ന ആശങ്കയുണ്ട്. ജയതിലകിനെതിരെ പല കാര്യങ്ങളും വരുംദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അതിൽ സർവീസ് ചട്ടലംഘനമില്ലെന്നുമാണു പ്രശാന്തിന്റെ നിലപാട്.
ഐഎഎസ് തലപ്പത്തെ അടിയിൽ ഐഎഎസ് അസോസിയേഷനിലും രണ്ടഭിപ്രായമാണ്. സർക്കാർ ഉത്തരവിടാതെ സ്വന്തം നിലയ്ക്കാണു പ്രശാന്തിനെതിരെ ജയതിലക് റിപ്പോർട്ട് നൽകിയതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അന്തിമ തീരുമാനമെടുക്കും മുൻപ് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇപ്പോൾ നടന്നതെന്നു പ്രശാന്തിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥന്റെ ഫോട്ടോ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ ഉപയോഗിച്ചു രൂക്ഷമായി പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണു ജയതിലകിനൊപ്പമുള്ളവരുടെ വാദം. പ്രശ്നം ഇത്രയും വഷളാകുന്നതിനു മുൻപ് ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കേണ്ടിയിരുന്നുവെന്ന വാദവും ശക്തം.