സ്വീകരിക്കാൻ കാത്ത് ആരോൺ; എത്തിയത് സങ്കടവാർത്ത
Mail This Article
പത്തനംതിട്ട ∙ അപ്രതീക്ഷിത നഷ്ടത്തിൽ ഹൃദയം തകർന്ന് ആരോൺ. പിതാവിനെയും സഹോദരിയെയും സഹോദരി ഭർത്താവിനെയും നഷ്ടപ്പെട്ട ആരോണിനെ ആശ്വസിപ്പിക്കാനാവാതെ സങ്കടപ്പെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അപകടത്തിൽ മരിച്ച ബിജു പി.ജോർജിന്റെ മകനാണ് ആരോൺ.
സഹോദരി അനുവും ഭർത്താവ് നിഖിലും മലേഷ്യയിൽ നിന്നെത്തുമ്പോൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ആരോൺ. തിരുവനന്തപുരത്തുനിന്ന് എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ ബിജുവിന്റെയും ഒപ്പമുള്ളവരുടെയും ഫോണിലേക്ക് ബന്ധുക്കൾ വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു. അൽപം കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്ത് പൊലീസ് ഉദ്യോഗസ്ഥരാണ്.
വിവരമറിഞ്ഞ് കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിയപ്പോഴാണ് അപകടത്തിന്റെ ആഴം ബന്ധുക്കൾ നടുക്കത്തോടെ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങൾ ആംബുലൻസിലേക്ക് എത്തിച്ചപ്പോൾ തളർന്നുപോയ ആരോണിനെ സുഹൃത്തുക്കൾ ചേർത്തുപിടിച്ചു. അനുവിന്റെ മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് പുറത്തേക്ക് എത്തിച്ചത്. ആംബുലൻസിൽ പ്രിയ സഹോദരിയുടെ മുഖത്തേക്ക് നോക്കിയിരുന്ന ആരോൺ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉള്ളുലച്ചു.
അവർ കാത്തുനിന്നില്ല; അമിത്ത് കാത്തിരുന്നു
പത്തനംതിട്ട ∙ ‘കാത്തുനിൽക്കേണ്ട, നീ പൊയ്ക്കോളൂ’... നിഖിലിന്റെ ഈ വാക്കുകൾ അമിത്തിന്റെ ഉള്ളുലയ്ക്കുകയാണ്. മലേഷ്യയിലേക്കു പോകാനായി നിഖിലിനെയും അനുവിനെയും ചൊവ്വാഴ്ചയാണ് നിഖിലിന്റെ ബന്ധുവായ അമിത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഇന്നലെ അപകടത്തിൽപെട്ട അതേ കാറിലായിരുന്നു ഇവരെ വിമാനത്താവളത്തിലെത്തിച്ചത്.
മലേഷ്യയിൽനിന്നു തിരികെ ഇരുവരുമെത്തുമ്പോൾ വിമാനത്താവളത്തിൽനിന്ന് മടക്കി കൊണ്ടുവരാനും അമിത്തിനെയാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, അവസാന നിമിഷം തീരുമാനം മാറി. താനും അനുവിന്റെ പിതാവും ചേർന്ന് വിളിച്ചുകൊണ്ടു വരാമെന്ന് നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ അമിത്തിനെ അറിയിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ എംടെക് വിദ്യാർഥിയാണ് അമിത്.