പരിഹാരം കാത്ത് 1.90 ലക്ഷം പരാതി

Mail This Article
തിരുവനന്തപുരം ∙ ഭൂമി സംബന്ധിച്ച് 5 വർഷമായിട്ടും പരിഹരിക്കാത്ത പതിനായിരത്തിൽപരം ഉൾപ്പെടെ 1.90 ലക്ഷം പരാതികൾ സംസ്ഥാനത്തെ 78 താലൂക്ക് ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. മന്ത്രിസഭതന്നെ ജനങ്ങളിലേക്ക് ഇറങ്ങിയ നവകേരള സദസ്സും മന്ത്രിമാർ താലൂക്കുകളിൽ നേരിട്ടെത്തിയ അദാലത്തുകളും പൂർത്തിയായ ശേഷമാണ് ഈ സ്ഥിതി. അതിർത്തിനിർണയം, വിസ്തീർണ വ്യത്യാസം, സർക്കാർ പുറമ്പോക്ക് എന്നു തെറ്റായി രേഖപ്പെടുത്തിയത് തുടങ്ങിയ പരാതികളാണു നടപടി കാത്തിരിക്കുന്നത്.
എൽആർഎം എന്ന പേരിലുള്ള ഭൂരേഖകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ താലൂക്ക് ഓഫിസുകളിൽ ഭൂരേഖ തഹസിൽദാറെയും സർവേയർമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരെയും 15 വർഷം മുൻപു പ്രത്യേകമായി നിയോഗിച്ചിരുന്നു. സർവേ നടപടികളിലെ മെല്ലെപ്പോക്കും തർക്കവിഷയങ്ങളിലെ സങ്കീർണതയും കാരണം പരിഹാരമുണ്ടായില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 13,630 പരാതികളാണു തീർപ്പാക്കിയതെങ്കിൽ, തുടർഭരണകാലത്ത് 4 വർഷത്തിനിടെ 10,132 എണ്ണം പരിഹരിച്ചു. പരിഹരിക്കാത്തവയിൽ കൂടുതൽ തിരുവനന്തപുരം ജില്ലയാണ്; 64,690. ആലപ്പുഴയാണു (16,694) രണ്ടാം സ്ഥാനത്ത്.