ആലപ്പുഴയിൽ മദ്യപിച്ച് വാഹനമോടിച്ച യുവാവ് ഇടിച്ചിട്ടത് 13 വാഹനങ്ങൾ; ഒരു ടയർ ഇല്ലാതെ കിലോമീറ്ററുകൾ ഓടി– വിഡിയോ
Mail This Article
ആലപ്പുഴ∙ ചേർത്തലയിൽ മദ്യപിച്ചു വാഹനമോടിച്ച യുവാവ് വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചു. അപകടകരമായി കാറോടിച്ച ഉദയനാപുരം പുത്തന്‍വീട് ദീപന്‍ നായരെ(28) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാവിലെയാണു സംഭവം. കാറിടിച്ച് 11 പേർക്കു പരുക്കേറ്റു. ബൈക്കും കാറുകളും ഉൾപ്പെടെ 13 വാഹനങ്ങളാണ് യുവാവ് ഇടിച്ചുതെറിപ്പിച്ചത്.
അരൂർ മുതൽ ചേർത്തല വാരനാട് കവലവരെയുള്ള വിവിധ സ്ഥലങ്ങളിലാണ് യുവാവ് അപകടമുണ്ടാക്കിയത്. വാരനാട് കവലയ്ക്കു സമീപം മറ്റൊരു കാറിലിടിച്ചു വാഹനം നിന്നതോടെയാണു യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടിയത്. അപകടകരമായ രീതിയിൽ കാറോടിക്കുന്നതിനിടെ ഒരു ടയർ ഊരിത്തെറിച്ചു. ഒരു ടയർ ഇല്ലാതെ കിലോമീറ്ററുകൾ യുവാവ് കാറോടിച്ചു. നാട്ടുകാരാണു പൂച്ചാക്കൽ പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് പൂച്ചാക്കലിൽ വാഹനം തടയാന്‍ നിന്നു. വാഹനം പിടികൂടാൻ നിന്ന പൊലീസുകാരും നാട്ടുകാരും അപകടത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ദീപന്‍ നായരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അരൂരിലെത്തുന്നതിനു മുൻപും ഇയാളുടെ വാഹനം നിരവധി വാഹനങ്ങളിലിടിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. യുവാവിന്റെ കാറിടിച്ചു പരുക്കേറ്റ മൂന്നു പേര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായാണു വിവരം. ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.