പോരുന്നോ 'ലിറ്റിൽ കശ്മീരിലേക്ക്'; മഞ്ഞിൽ പൊതിഞ്ഞ കാഴ്ച ആസ്വദിക്കാം

Mail This Article
ഉത്തരേന്ത്യ മഞ്ഞു മൂടി മനോഹരമായിരിക്കുന്ന ഈ സമയത്ത് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഉത്തരാഖണ്ഡ്. 'ദേവഭൂമി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംസ്ഥാനത്ത് പ്രശസ്തമായ ധാരാളം ആരാധനാ കേന്ദ്രങ്ങളുണ്ട്; അതുമാത്രമല്ല, കണ്ണിനു കുളിര്‍മയേകുന്ന ഒട്ടനവധി സുന്ദരമായ കാഴ്ചകളും പ്രകൃതി ആവോളം കനിഞ്ഞനുഗ്രഹിച്ച ഉത്തരാഖണ്ഡില്‍ കാണാം. മഞ്ഞു പൊതിഞ്ഞു കിടക്കുന്ന ഹിമാലയന്‍ മലനിരകളും പച്ചയുടെ വിവിധ ഭാവങ്ങള്‍ ആവാഹിച്ച വനപ്രദേശങ്ങളുമെല്ലാം മായികമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.

ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ അധികം ആളുകളോ ബഹളമോ ഒന്നുമില്ലാത്ത നിരവധി മനോഹരസ്ഥലങ്ങളും ഉത്തരാഖണ്ഡിലുണ്ട്. നഗരത്തിരക്കുകളില്‍ നിന്നു ആശ്വാസം തേടി വരുന്ന സഞ്ചാരികള്‍ക്ക് മുൻസിയാരി മികച്ച ഒാപ്ഷനാണ്.
ഹിമമുള്ള സ്ഥലം
പിത്തോറഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുൻസിയാരി. സമുദ്രനിരപ്പിൽ നിന്ന് 2298 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 'ഹിമമുള്ള സ്ഥലം' എന്നാണ് മുൻസിയാരി എന്ന വാക്കിനര്‍ത്ഥം. പ്രകൃതി മനോഹാരിത കൊണ്ടുതന്നെ 'ലിറ്റിൽ കശ്മീർ' എന്നും മുന്‍സിയാരിയെ വിശേഷിപ്പിക്കാറുണ്ട്. മലമുകളിലെ സൂര്യോദയവും അസ്തമയവും കാണാമെന്നതാണ് മുൻസിയാരി സന്ദർശനത്തിലെ പ്രധാന കാഴ്ച.

ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് ഇവിടം. ചെറുതും വലുതുമായ ഓരോ ട്രെക്കിങ്ങും ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. സാഹസിക പ്രിയരായ സഞ്ചാരികൾ ഒരിക്കലെങ്കിലും മുൻസിയാരി സന്ദർശിക്കേണ്ടതാണ്, രലം, മിലം, നമിക് ഗ്ലേസിയര്‍, ഖാലിയ ടോപ്, ചിപ്ലകോട്ട് ബുഗ്യാല്‍, നന്ദാദേവി, ഖലിക പാസ്, ബിര്‍ത്തി വെള്ളച്ചാട്ടം, മെഹ്സര്‍ കുന്ദ് എന്നിവയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങള്‍.
English Summary: Munsiyari Hill Station in Uttarakhand