ADVERTISEMENT

കോർത്തിരിക്കുമ്പോൾ പ്രണയത്തിന്റെ രണ്ടു ചിറകുകളാണ് അവരെന്നു തോന്നും. ആദില നസ്രിനും നൂറ ഫാത്തിമയും. ആണിന് പെണ്ണെന്നും പെണ്ണിന് ആണെന്നും അച്ചുനിരത്തി പഠിച്ച യാഥാസ്ഥിതിക സമൂഹത്തിന് മുന്നിൽ ‘വീ ആർ ലെസ്ബിയൻ കപ്പിൾ’ എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ച ‘രണ്ട് പെൺകുട്ടികൾ.’ഒരുപാട് പീഡനങ്ങളും ഭീഷണികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങി. ഭീതിയുടെ നിഴലിലും തെളിയുന്ന പ്രണയപ്രകാശത്തിൽ അവർ ജീവിതം പറഞ്ഞു.

പ്രണയമെന്ന തിരിച്ചറിവ്

ആദില: എല്ലാം കലങ്ങിത്തെളിയുമെന്നും സിനിമയിലേതു പോലെ ക്ലൈമാക്സിൽ ‘ശുഭം’ എന്ന ടൈറ്റിൽ കാർഡ് ജീവിതത്തിൽ തെളിയുമെന്നുള്ള പ്രതീക്ഷയൊക്കെ പോയി. ചേർത്തു നിർത്തണമെന്ന് ആരോടും പറയുന്നില്ല. ജീവിക്കാൻ അനുവദിച്ചാൽ മതി.

നൂറ: എനിക്കും ആദിലയ്ക്കും മനസ്സിലാകുന്ന പ്രണയത്തിലേക്ക് ഞങ്ങളുടെ കുടുംബക്കാരും സമൂഹവും നടന്നടുക്കാൻ ഇനിയും കാലങ്ങൾ വേണ്ടി വരാം. പക്ഷേ, അതുവരെയും ഞങ്ങൾക്ക് ജീവിക്കണമല്ലോ? എങ്ങനെ ഈ പ്രണയം എന്ന ചോദ്യത്തിനു പ്രസക്തിയില്ല. എപ്പോഴും ആർക്കും ഇത് സംഭവിക്കാമെന്ന തിരിച്ചറിവാണ് പ്രധാനം. ആ തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായത് പ്ലസ്ടൂ കാലത്താണ്.

നൂറ: ഞങ്ങളുടെ ഉപ്പമാർക്ക് സൗദിയിലായിരുന്നു ജോലി. ആദില മൂന്നാം ക്ലാസിലാണ് അവിടെയെത്തുന്നത്. ‘സീനിയർ പ്രവാസി’ ഞാനാണേ. മൂന്നു വയസ്സു മുതലേ അവിടെയുണ്ട്.

ആദില: ജിദ്ദയിലെ സ്കൂളിൽ പത്താം ക്ലാസ് കഴിഞ്ഞ്  പ്ലസ്‍ വൺ എത്തിയ സമയം. ആ ക്ലാസ്സിലേക്കാണ് നൂറയുടെ എൻട്രി. ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ഗ്യാങ്ങുണ്ട്. പഠിക്കുമ്പോഴൊക്കെ ആൺ–പെൺ വേർതിരിവില്ലാതെ എല്ലാവരെയും തരംപോലെ വായ് നോക്കാറുണ്ട്. നോക്കുമ്പോൾ അതാ ഒരു സുന്ദരിക്കുട്ടി. അപ്പോൾ മനസ്സു പറഞ്ഞു. ‘അവളെ കെട്ടുന്നവന്റെ ഭാഗ്യം.’ നൂറ ഞങ്ങളുടെ ഗ്യാങ്ങിലേക്ക് വന്നു. എനിക്കിവളോട് എന്തോ ഒരു ക്രഷ്. ആ ആകർഷണത്തിന് ഇന്നീ കാണുന്ന വിശാല അർഥമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ‘ക്രഷ്... ദാറ്റ്സ് ഓൾ’.

നൂറ: അഞ്ചു േപരടങ്ങുന്ന ഗ്യാങ്ങിൽ നിന്നു രണ്ടു പേരിലേക്ക് ചുരുങ്ങുന്ന വലിയൊരു ലോകം ഉണ്ടാകുന്നു എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഒന്നെടുത്താൽ ഒന്ന് ഫ്രീയെന്ന് പറഞ്ഞപോലെ എന്തിനും ഒരുമിച്ചായിരുന്നു ഞങ്ങൾ.

lesbian-couple-kochi

ആദില: ഒരുമിച്ചുള്ള നടത്തം കണ്ടപ്പോഴേ ക്ലാസ്സിലും പുറത്തും പലർക്കും ഡൗട്ട് തോന്നി. ഫ്രണ്ട്ഷിപ്പിന് അപ്പുറം ഞാനും നൂറയും തമ്മില്‍ ‘സംതിങ് സംതിങ്’ ഇല്ലേ എന്നൊരു സംസാരം. പ്ലസ്‌ടൂ കഴിഞ്ഞപ്പോൾ വെക്കേഷന് നൂറ നാട്ടിലേക്ക് പോയി. ആ അകൽച്ചയിൽ നിന്നാണ് എനിക്കും അവൾക്കുമിടയിലെ പ്രണയം ജനിക്കുന്നതും തിരിച്ചറിയുന്നതും. അത്രയും നാൾ നിഴൽ പോലെ ഒപ്പമുണ്ടായിരുന്നവൾ പെട്ടെന്നൊരു നാൾ അടുത്തില്ലാതായത് വല്ലാത്തൊരു ശൂന്യതയായി.

നൂറ: പെങ്കുട്ട്യോള് തലകുനിച്ചു നടക്കണം, നടക്കുമ്പോൾ ഭൂമി പോലും അറിയരുത്. ഇത്തരം നിയമാവലികൾ നിലനിൽക്കുന്ന അന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ രണ്ടാളുടെയും ജീവിതം. ഫോണും സ്വന്തം ഫെയ്സ്ബുക് അക്കൗണ്ടും ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണമുണ്ട്. ഞങ്ങളുടെ കൂട്ടുകാരികൾ അവരുടെ ബോയ്ഫ്രണ്ട്സിനോട് സംസാരിക്കാൻ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളും അതേ തന്ത്രം തന്നെ പയറ്റി. അങ്ങനെ വീണുകിട്ടുന്ന നിമിഷങ്ങളിൽ ‘ചാറ്റ്’ തുടർന്നു.

ആദില: മിസ് യൂ... ലൗ യൂ... പിന്നെ, എന്തോരം ഉമ്മ സ്മൈലികൾ... പറയാതെ പറഞ്ഞ പ്രണയം. ‘നമ്മളിലൊരാൾ ആണായിരുന്നെങ്കിൽ കോലാഹലങ്ങളില്ലാതെ കല്യാണം കഴിക്കാമായിരുന്നു അല്ലേ?’ എന്ന് ചാറ്റിനിടയിൽ എപ്പോഴോ പറഞ്ഞു പോയിരുന്നു. പ്ലസ്ടൂ അവസാനമെത്തിയപ്പോൾ അതൊരുവട്ടം നൂറയുടെ ഉമ്മ കണ്ടു. അതോടെ ഭൂകമ്പത്തിനു മുൻപുള്ള വലിയ കുലുക്കത്തിന് തുടക്കമായി.

നൂറ: ഉമ്മയെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചിതമായിരുന്നു രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയം. അവർ വിവാഹസ്വപ്നങ്ങൾ പങ്കുവയ്ക്കുന്ന ചാറ്റ്. ഇതൊക്കെ ഒന്നും വിടാതെ ഉമ്മ കണ്ടു. പോരെ, പൂരം.

ആദില: ചാറ്റ് ചെയ്ത ശേഷം ലോഗ് ഔട്ട് ചെയ്യുന്നതായിരുന്നു പതിവ്. ഒരിക്കൽ നൂറ അതു മറന്നു. അങ്ങനെയാണ് ഉമ്മ അവളുടെ ചാറ്റ് ഹിസ്റ്ററിയുടെ ‘പോസ്റ്റ്മോർട്ടം’ നടത്തുന്നത്. ഒട്ടും വൈകിയില്ല എന്റെ വീട്ടിലും ഫോണെത്തി. രണ്ടു വീടുകളും ഒരുപോലെ യുദ്ധഭൂമിയായി.

എതിർപ്പുകളുടെ മരുഭൂമിയിൽ

നൂറ: ഒരു ദിവസം കൊണ്ട് വീട്ടിൽ എല്ലാവരും അന്യരായതു പോലെ. ‘ഇനി ഫോൺ ചെയ്യേണ്ട. നിങ്ങളുടെ ഫ്രണ്ട്ഷിപ് ശരിയല്ല’ എന്നാണ് ഉമ്മ പറഞ്ഞത്. അപ്പോഴും ഉമ്മ ‘ഫ്രണ്ട്ഷിപ്’ എന്നാണ് ഞങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. ആണിനും പെണ്ണിനും അപ്പുറം ഈ ലോകത്ത് സ്വത്വങ്ങളുണ്ടെന്നും അവർക്ക് തിരഞ്ഞെടുപ്പുകൾ ഉണ്ടെന്നും അവർക്ക് അറിയില്ലായിരുന്നു.

ആദില: പിന്നെ, ചാരക്കണ്ണുകൾക്ക് നടുവിലായി ജീവിതം. ഫോൺ എടുത്താൽ ആരെങ്കിലും പിന്നിലുണ്ടാകും. പരസ്പരം ഒന്നും മിണ്ടാനായില്ലെങ്കിലും പ്രണയം തുടർന്നു.

നൂറ: പ്ലസ്ടൂ വരെ വരെ ഇരുമെയ്യും ഒരു മനസ്സുമായി നടന്ന ഞങ്ങൾ രണ്ടിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. കോഴിക്കോട് ലിസ കോളജിൽ ഞാൻ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിക്കു ചേർന്നു. ആദില കൊച്ചി സെന്റ് സേവ്യേഴ്സ് കോളജില്‍ കമ്യുണിക്കേറ്റീവ് ഇംഗ്ലിഷിനും.

ആദില: ഡിഗ്രി രണ്ടാം കൊല്ലമായതോടെ കാര്യം കയ്യിൽ നിൽക്കില്ലെന്ന് തോന്നിയ ഉമ്മമാർ വിവരം ഉപ്പമാരോട് പറഞ്ഞു. അതോടെ സാഹചര്യം കൂടുതൽ വഷളായി.

നൂറ: ആകാശം ഇടിഞ്ഞു വീണാലും ഡിഗ്രി കഴിയുന്നതോടെ എന്നെ കെട്ടിച്ചു വിടും എന്ന് വീട്ടുകാർ ഉറപ്പിച്ചിരുന്നു. ആലോചനകളും വന്നു തുടങ്ങി.

ആദില: ഞാൻ പഠിക്കണമെന്നും ജോലി നേടണമെന്നും ഉമ്മിക്ക് മാത്രമാണ് ആഗ്രഹമുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് കെട്ടിച്ചുവിടണമെന്നായിരുന്നു വാപ്പയുടെ തീരുമാനം. ബന്ധം വീട്ടിൽ അറിഞ്ഞതോടെ മറ്റൊരു വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം ‍ഡിഗ്രിക്ക് പോയാൽ മതിയെന്നായി. ജോലി നേടാൻ ഡിഗ്രി വേണം. അതുകൊണ്ട് തൽക്കാലത്തേക്ക് ഞങ്ങൾ സ്വയം ലിമിറ്റ് ചെയ്തു. ഒരുമിച്ച് ജീവിക്കാനുള്ള നല്ല നാളിനായി കാത്തിരുന്നു. ഒടുവിൽ വരാനിരിക്കുന്ന എല്ലാ യുദ്ധങ്ങളും മുന്നിൽ കണ്ട് ഡിഗ്രി അവസാനിക്കുന്ന ഘട്ടത്തിൽ ഞങ്ങൾ വീടുവിട്ടിറങ്ങി.

നൂറ: എൽജിബിടി കമ്യൂണിറ്റിയിൽ ഉള്ളവരെ ചേർത്തു പിടിക്കുന്ന കോഴിക്കോടുള്ള വനജ കലക്ടീവിലായിരുന്നു ഞങ്ങൾ അഭയം തേടിയത്.

ആദില: പക്ഷേ, മണിക്കൂറുകൾക്കുള്ളിൽ കടന്നൽ കൂടിളകി വരും പോലെ നൂറയുടെ കുടുംബക്കാർ എത്തി. ഞാൻ നൂറയുടെ കയ്യിൽ മുറുകെ പിടിച്ചു. ആൺപെൺവ്യത്യാസമില്ലാതെ അവർ ഞങ്ങളെ ചീത്തവിളിച്ചു.

നൂറ: മറ്റുചിലർക്ക് ഞങ്ങളുടെ ബന്ധത്തിന് എക്സ്പയറി ഡേറ്റ് ഇടുന്നതിലായിരുന്നു താൽപര്യം. ഇവർ ഏതെങ്കിലും ട്രെയിനിന് അടിയിൽ അരഞ്ഞുതീരും. ഒരു മുഴം കയറിൽ അവസാനിക്കും എന്നിങ്ങനെയുള്ള മനസ്സ് മുറിക്കുന്ന വാക്കുകൾ.

ആദില: പൊലീസ് എത്തിയതോടെ അവിടെക്കൂടിയ പലർക്കും രമ്യതയുടെ സ്വരമായി. ‘ഇപ്പോൾ ഞങ്ങളുടെ കൂടെ വാ. ആലോചിക്കാൻ സമയം താ’ എന്നൊക്കെ പറഞ്ഞു.

എല്ലാം കലങ്ങിത്തെളിയും എന്ന പ്രതീക്ഷയിൽ അവരുടെ ഒപ്പം പോയി. അന്ന് ആലുവയിലുള്ള എന്റെ വീട്ടിലേക്കാണ് പൊലീസ് ഞങ്ങളെ കൂട്ടിവിട്ടത്.നൂറ: ആദിലയുടെ വീട്ടിലെത്തിയിട്ടും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല.

ആദില: സ്വന്തം ഉപ്പയെപ്പോലെ കരുതിയിരുന്ന ഒരാളുടെ വാക്കുകൾ ഇന്നും മനസ്സിലെ നീറ്റലാണ്. അത്ര നീചമായ ഭാഷയിൽ അദ്ദേഹം ഞങ്ങളുടെ മേൽ അപമാനം കോരിയൊഴിച്ചു.

നൂറ: ‘ഇവരെ കെട്ടി ഇട്ടിട്ടായാലും അകറ്റണം’ എന്ന് പറയുന്നത് ഭാഗ്യത്തിന് ഞാൻ കേട്ടു. ആ ഘട്ടത്തില്‍ നിവർത്തിയില്ലാതെ പൊലീസിനെ വിളിച്ചു. പിന്നെ, കുറച്ച് ദിവസത്തേക്ക് ഒന്നടങ്ങിയ മട്ടായിരുന്നു.

അവളില്ലാതെ ഞാനില്ല...

ആദില: പക്ഷേ, അവിടെയും തീർന്നില്ല യുദ്ധം.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

English Summary: Lesbian Couple Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com