കൈനകരി മുണ്ടയ്ക്കൽ പാലം നിർമാണം പുനരാരംഭിച്ചു
![alappuzha-kainakari-mundakkal-bridge alappuzha-kainakari-mundakkal-bridge](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2020/6/9/alappuzha-kainakari-mundakkal-bridge.jpg?w=1120&h=583)
Mail This Article
കുട്ടനാട് ∙ കൈനകരി മുണ്ടയ്ക്കൽ പാലത്തിന്റെ നിർമാണം പുനരാരംഭിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ 3 മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ചു ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്. പാലത്തിന്റെ സമീപനപാതയുടെ നിർമാണവും പെയിന്റിങ് ജോലികളുമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇരുമ്പുവലയ്ക്കുള്ളിൽ കരിങ്കൽ അടുക്കി സമീപനപാതയുടെ ഭിത്തി നിർമിക്കുന്നതടക്കമുള്ള ജോലികൾ കിഴക്കേകരയിൽ പൂർത്തിയാകാനുണ്ട്. പടിഞ്ഞാറേ കരയിലെ സമീപനപാതയുടെ ടാറിങ് ജോലികളാണു പൂർത്തിയാകേണ്ടത്. എടത്വ സ്വദേശിയായ പി.സി. ചെറിയാൻ ടെൻഡർ തുകയായ 1.89 കോടി രൂപയും അതിന്റെ 76 % വർധനവും വരുത്തിയാണു കരാർ ഏറ്റെടുത്തിരിക്കുന്നത്. 2014 ലെ റേറ്റ് അനുസരിച്ചുള്ള കരാറായിരുന്നു മുൻപു നൽകിയിരുന്നത്. നിർമാണ വസ്തുക്കളുടെ വിലവർധനവു കണക്കിലെടുത്താണു 76% വർധനവുകൂടി വരുത്തിയിരിക്കുന്നത്.
പുനർനിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജിജോ പള്ളിക്കൽ, പഞ്ചായത്തംഗങ്ങളായ ബീന വിനോദ്, ഗിരിജ വിനോദ്, കെ.പി.രാജീവ്, സുബി സന്തോഷ്, സിഡിഎസ് ചെയർപഴ്സൻ പ്രസീത മിനൽകുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ തോമസ് കെ.തോമസ്, പി.ജി.സനൽകുമാർ, കെ.എസ്. അനിൽകുമാർ, പി.രതീശൻ, എ.ആർ.മണിക്കുട്ടൻ, പി.വി.സുനോസ്, കോൺട്രാക്ടർ പി.സി. ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.