പട്ടാപ്പകൽ മരത്തിൽനിന്നു കടുവ ചാടി; കൊളുന്തെടുക്കാൻ വന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Mail This Article
മൂന്നാർ ∙ മരത്തിനു മുകളിലിരുന്ന കടുവ താഴേക്കു ചാടി, കൊളുന്തെടുക്കാൻ പോകുകയായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. ഹാരിസൺ മലയാളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ മൂന്നാം നമ്പർ ഫീൽഡിൽ ഇന്നലെ രാവിലെ ഏഴരയ്ക്കാണ് സംഭവം. ഈ ഫീൽഡിൽ 60 തൊഴിലാളികളാണുള്ളത്. കടുവ വിശ്രമിച്ചിരുന്ന മരത്തിനു ചുവട്ടിലൂടെ ഇക്കാര്യം അറിയാതെ 48 തൊഴിലാളികൾ കടന്നു പോയി. ഇവരുടെ പിന്നാലെ പോകുകയായിരുന്ന രണ്ടു വളർത്തുനായ്ക്കളാണ് കടുവയുടെ മുരൾച്ച കേട്ട് മരത്തിനു ചുവട്ടിലെത്തി കുരച്ചത്.
ഈ സമയം ഒരു സ്ത്രീ ഉൾപ്പെടെ 5 തൊഴിലാളികൾ മരത്തിനു 30 മീറ്റർ വരെ അടുത്ത് എത്തിയിരുന്നു. വഴിയോരത്തെ മരത്തിൽ മുപ്പതോളം അടി ഉയരമുള്ള ശിഖരത്തിലാണ് കടുവ ഇരുന്നത്. നായ്ക്കളുടെ കുര കേട്ടതോടെ പത്തടിയോളം താഴേക്ക് ഇറങ്ങിയ ശേഷം നിലത്തേക്കു ചാടിയതായി ദൃക്സാക്ഷികളായ തൊഴിലാളികൾ പറഞ്ഞു.കടുവ ചാടുന്നത് കണ്ടതോടെ തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു.
നായ്ക്കളും ഓടിമറഞ്ഞു. തേയിലത്തോട്ടത്തിലൂടെ സമീപത്തെ കാട്ടിലേക്കാണ് കടുവ മറഞ്ഞത്. 2 മാസം മുൻപ് ഈ ഡിവിഷനിൽ 5 പശുക്കളെ കടുവ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നാം നമ്പർ ഫീൽഡിൽ ഫാക്ടറിക്കു സമീപം മരത്തിൽ ഇരുന്ന കടുവയെ തൊഴിലാളികൾ കണ്ടിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകൾ തിരിച്ചറിഞ്ഞു.