റെസ്ക്യൂ ഹീറോസ്; ജൂണിൽ മഴ തുടങ്ങിയതുമുതൽ വിശ്രമമില്ലാതെ ജോലി
Mail This Article
കണ്ണൂർ∙ കാറ്റുവീശിയാലും മഴയൊന്നു ശക്തിപ്രാപിച്ചാലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രക്ഷാദൗത്യവുമായി ഓടിയെത്തുന്നവരാണ് അഗ്നിരക്ഷാസേന. ജൂണിൽ മഴ തുടങ്ങിയതുമുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ജില്ലയിലെ അഗ്നിരക്ഷാ യൂണിറ്റുകൾ. ജലാശയങ്ങളിൽ വീണവർക്കു വേണ്ടിയുള്ള തിരച്ചിൽ, കെട്ടിടങ്ങളുടെ മുകളിലേക്കു വീണ വൃക്ഷങ്ങൾ മുറിക്കൽ, ഒഴുക്കിൽപെട്ട വളർത്തുമൃഗങ്ങളെ രക്ഷിക്കൽ, ഗതാഗത തടസ്സം ഉണ്ടാക്കി റോഡിൽ വീണ മരങ്ങൾ മുറിക്കൽ, തീപിടിത്തം എന്നിങ്ങനെ രക്ഷാദൗത്യത്തിനു കണക്കില്ല.
കണ്ണൂർ, ഇരിട്ടി, കൂത്തുപറമ്പ്, മട്ടന്നൂർ, പയ്യന്നൂർ, പാനൂർ, പെരിങ്ങോം, പേരാവൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് ജില്ലയിൽ അഗ്നിരക്ഷാസേനാ യൂണിറ്റുകളുള്ളത്. മിക്കയിടത്തും ആവശ്യത്തിന് അംഗങ്ങളില്ലെങ്കിലും അത്യാഹിത സ്ഥലത്തുനിന്ന് ഫോണെത്തിയാൽ യൂണിറ്റ് പുറപ്പെട്ടിരിക്കും. മൊബൈൽ ടാങ്കർ യൂണിറ്റ്, മിനി ടാങ്കർ യൂണിറ്റ്, ജീപ്, ആംബുലൻസ്,ബുള്ളറ്റ് ബൈക്ക് എന്നിവയാണ് സേനയ്ക്കുള്ള വാഹനങ്ങൾ. വെള്ളത്തിൽ മുങ്ങി പരിശോധിക്കുന്നതിനുള്ള സ്കൂബ, മരങ്ങൾ വെട്ടിമാറ്റാൻ ആവശ്യമായ ഹൈഡ്രോളിക് കട്ടറുകൾ, രാത്രി ജോലികൾക്ക് ആവശ്യമായ ലൈറ്റുകൾ, ജോലി സ്ഥലത്ത് ആവശ്യമായ വടങ്ങൾ, ഡിങ്കി എന്നിവയും എല്ലാ സ്റ്റേഷനുണ്ട്. മിക്ക യൂണിറ്റിലും സഹായത്തിന് സിവിൽ ഡിഫൻസ് വൊളന്റിയേഴ്സുമുണ്ട്.
രക്ഷാപ്രവർത്തനത്തിന് എണ്ണമില്ല
ദിവസങ്ങൾക്കു മുൻപ് ജില്ലയിൽ കാറ്റും മഴയും ശക്തമായപ്പോൾ തന്നെ എല്ലാ യൂണിറ്റുകളും സജ്ജമായിക്കഴിഞ്ഞിരുന്നു. കണ്ണൂർ അഗ്നിരക്ഷാസേന യൂണിറ്റിന് 2 മാസത്തിനുള്ളിൽ നടത്തേണ്ടി വന്നത് 93 രക്ഷാപ്രവർത്തനങ്ങളായിരുന്നു. ഇതിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ടത് 65 എണ്ണം. വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്കു മുകളിലും റോഡിലും വീണ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവങ്ങൾ 40. മഴക്കാലത്തും 22 ഇടങ്ങളിൽ തീയണയ്ക്കാൻ ഓടിയെത്തി. ബുധൻ രാത്രി ഉണ്ടായ കാറ്റിലെ അത്യാഹിതങ്ങൾ നീക്കാനുള്ള കഠിനശ്രമത്തിലായിരുന്നു യൂണിറ്റംഗങ്ങൾ.
ശക്തമായ മഴയിൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ പെരിങ്ങോം അഗ്നിരക്ഷാസേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുത്തിയൊഴുകുന്ന കോഴിച്ചാൽപുഴയ്ക്കു കുറുകെയിട്ട ഒരു കമുകിൻ തടിക്കു മുകളിലൂടെ ഒന്നര മാസം പ്രായമായ കുഞ്ഞിനെയടക്കമായിരുന്നു രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫിസർ പി.വി. അശോകന്റെ നേതൃത്വത്തിൽ സുനിൽകുമാർ, സന്തോഷ് കുമാർ, ഷാജീവ്, ലതേഷ്, ജയേഷ്, അനുരാഗ്, രാജേഷ്, സുനിൽ, വിനീഷ്, രാകേഷ്, ഷൈജു, അനൂപ്, നോബിൾ, ജോർജ്, മാത്യു, ദിനേശൻ, ഗോവിന്ദൻ, സജേഷ്. രജീഷ് എന്നിവരായിരുന്നു നേതൃത്വം നൽകിയിരുന്നത്.
പന്ന്യന്നൂർ ചമ്പാട് മനയത്തുവയലിൽ പതിച്ച ഹൈടെൻഷൻ വൈദ്യുതലൈൻ നന്നാക്കാൻ പുലർച്ചെ എത്തിയ കെഎസ്ഇബി ജീവനക്കാരും ജീപ്പും വെള്ളത്തിൽ കുടുങ്ങിയപ്പോൾ പാഞ്ഞെത്തിയത് പാനൂർ സ്റ്റേഷനിലെ അംഗങ്ങളായിരുന്നു. വെള്ളം ക്രമാതീതമായി ഉയർന്നപ്പോൾ ജീപ്പിന്റെ കരിയറിനു മുകളിൽ കയറി നിന്ന 3പേരെയാണ് സാഹസികമായി രക്ഷിച്ചത്. മൊകേരി പഞ്ചായത്തിലെ കൂരാറയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട 2 വീട്ടുകാരെ സേനയെത്തി റബർ ഡിങ്കിയിൽ ബന്ധുവീട്ടിലെത്തിച്ചു. 14 പേരടങ്ങുന്ന കുടുംബത്തെയാണ് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. മൊകേരി മുത്താറിപ്പീടികയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാണു വീടിന്റെ ചുമർ അപകടാവസ്ഥയിലായപ്പോൾ വീട്ടിലുണ്ടായിരുന്ന 3 പേരെ ബന്ധു വീട്ടിലെത്തിച്ചു.
സ്റ്റേഷൻ ഓഫിസർ എൻ.കെ.ശ്രീജിത്ത്, അസി.സ്റ്റേഷൻ ഓഫിസർമാരായ എ.അനിൽകുമാർ, കെ.ദിവുകുമാർ, സീനിയർ ഫയർ ഓഫിസർമാരായ കെ.സുനിൽ, കെ.ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ചുഴലിക്കാറ്റിൽ മരം വീണ് ഗതാഗതം മുടങ്ങിയ മലയോര ഹൈവേയിൽ തടസ്സങ്ങൾ നീക്കിയത് പേരാവൂർ യൂണിറ്റംഗങ്ങളായിരുന്നു. ആറളം ഫാം മുതൽ വയനാട് ജില്ലയിലെ പേര്യ വരെയും ബോയ്സ് ടൗൺ വരെയും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയാണ് സ്റ്റേഷൻ ഓഫിസർ സി.ശശിയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകർ. മഴയും കാറ്റും തുടരുകയാണ്. രാപകലില്ലാതെ അഗ്നിരക്ഷാസേനയുടെ പരക്കം പാച്ചിലും.