ADVERTISEMENT

കണ്ണൂർ∙ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാൽ) വാർഷിക പൊതുയോഗം ഇത്തവണയും ഓൺലൈനായി നടത്തുന്നതിൽ പ്രതിഷേധിച്ച് ഓഹരി ഉടമകളുടെ സമാന്തര സംഗമം സംഘടിപ്പിക്കാനൊരുങ്ങി ഒരുവിഭാഗം നിക്ഷേപകർ. തുടർച്ചയായി അഞ്ചാമത്തെ വാർഷിക പൊതുയോഗമാണ് വിഡിയോ കോൺഫറൻസ് വഴി 23ന് രാവിലെ 11 മുതൽ നടത്താൻ നിശ്ചയിച്ചത്.

ഓഹരി ഉടമകളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ യോഗം ചേരണമെന്ന ആവശ്യം കിയാൽ അധികൃതർ പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് സമാന്തരമായി യോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കാൻ നിക്ഷേപകർ തീരുമാനിച്ചത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം രണ്ടു യോഗങ്ങൾ മാത്രമാണ് ഓഹരി ഉടമകളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂർ വിമാനത്താവള കമ്പനിയിൽ 29 രാജ്യങ്ങളിൽ നിന്നായി 18,000 ഓഹരി ഉടമകളുണ്ടെന്നാണ് കിയാലിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈനായി 23ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ ആദ്യം ലോഗ്–ഇൻ ചെയ്യുന്ന 1000 പേർക്ക് മാത്രമാണ് അവസരം. രണ്ട് ശതമാനത്തിനു മുകളിൽ ഓഹരിയുള്ളവർക്ക് ഈ നിബന്ധന ബാധകമല്ലെങ്കിലും ചെറുകിട നിക്ഷേപകരിൽ ബഹുഭൂരിപക്ഷത്തിനും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കില്ലെന്ന് ഓഹരി ഉടമകൾ പറയുന്നു.

യോഗത്തിൽ ചോദ്യമോ അഭിപ്രായമോ ഉന്നയിക്കാനുണ്ടെങ്കിൽ 16ന് വൈകിട്ട് 5നു മുൻപ് കമ്പനി സെക്രട്ടറിക്ക് ഇ–മെയിൽ അയച്ച് അനുമതി വാങ്ങണം. മുൻ വർഷം ഇങ്ങനെ അനുമതി വാങ്ങിയവരോട് ചോദ്യം അയച്ചുനൽകാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ചില ചോദ്യങ്ങൾ അനുവദിച്ചില്ലെന്നും ഓഹരി ഉടമകൾ പരാതിപ്പെട്ടിരുന്നു. ഓഹരി ഉടമകളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ യോഗം നടത്താൻ കിയാലിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനികാര്യ മന്ത്രാലയത്തെ സമീപിക്കുന്ന കാര്യവും നിയമവഴി തേടുന്ന കാര്യവും നിക്ഷേപകർ ആലോചിക്കുന്നുണ്ട്.

കോവിഡ് കാലത്തുണ്ടായ ഓൺലൈൻ മീറ്റിങ് സമ്പ്രദായം കോവിഡ് കഴിഞ്ഞ് അഞ്ചാം വർഷവും തുടരുന്നത് അംഗീകരിക്കാനാവില്ല. കോടികൾ നിക്ഷേപിച്ച ഓഹരി ഉടമകളുടെ ന്യായമായ അവകാശങ്ങൾ നേരിട്ട് ചോദിക്കാനുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കുന്നത്. പാർലമെന്ററി സമിതി അനുകൂലമായി പ്രതികരിച്ചിട്ടും കണ്ണൂരിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടും അംഗീകരിക്കാൻ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com