‘നിന്റെ ഭാര്യയ്ക്ക് പെട്ടി തയാറാക്കി വച്ചോളൂ’; പത്മകുമാറിന്റെ ഫാംഹൗസിലെ ജോലിക്കാരിക്ക് വധഭീഷണി
Mail This Article
കൊല്ലം∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ ഗൗരവം കുറയ്ക്കാൻ പൊലീസ് ബോധപൂർവം ശ്രമിക്കുന്നതായി ആരോപണം. കുഞ്ഞിനെ ഉറ്റവരിൽ നിന്ന് തട്ടിയെടുത്ത് 21 മണിക്കൂർ തടങ്കലിൽ പാർപ്പിച്ചതു തന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെ അതിന്റെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എഡിജിപി മാധ്യമങ്ങളോടു പങ്കുവച്ചത്. കാറിൽ തട്ടിക്കൊണ്ടുപോയപ്പോൾ ബഹളമുണ്ടാക്കിയ കുട്ടിക്കു ഗുളിക കൊടുത്തുവെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ ‘റിലാക്സ്ഡ്’ (ശാന്തമാക്കാൻ) ആക്കാനാണു ഗുളിക കൊടുത്തതെന്നാണ് എഡിജിപി പറഞ്ഞത്. ഏതു ഗുളികയാണു കുട്ടിക്കു നൽകിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയില്ല. കുട്ടിയെ മയക്കിക്കിടത്താനാകും ഗുളിക നൽകിയത്. ബലപ്രയോഗത്തിലൂടെയാകും നൽകിയതും.
‘സേഫ് ഹാൻഡിൽ’ (ഉത്തരവാദിത്തപ്പെട്ട കൈകളിൽ) ഏൽപ്പിക്കണമെന്ന ബോധ്യത്തോടെയാണു പിറ്റേന്ന് അനിതാകുമാരി കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് എഡിജിപി പറഞ്ഞത്. കോളജ് വിദ്യാർഥികൾ എത്തി കുഞ്ഞുമായി സംസാരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ ഭർത്താവിനൊപ്പം പോയതെന്നാണു പൊലീസ് ഭാഷ്യം. സ്വന്തം രക്ഷയേക്കാൾ പ്രതികൾ ഊന്നൽ നൽകിയതു കുട്ടിയുടെ സുരക്ഷയ്ക്കാണെന്നും അങ്ങനെ വരുത്തിത്തീർത്തു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഉത്തരവാദിത്തപ്പെട്ട കൈകളിൽ ഏൽപിച്ചുവെന്ന് ഉറപ്പു വരുത്താൻ പ്രതികൾ ശ്രമിക്കുമോ എന്നും ഇതിനെതിരെ ചോദ്യമുയരുന്നു. പത്മകുമാറിന്റെ മകളും പ്രതിയുമായ അനുപമയ്ക്ക് ഈ കേസിലെ പങ്കും ലളിതവൽക്കരിച്ചിട്ടുണ്ട്. ഒരു വർഷമായി കുടുംബം കുറ്റകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നെന്നു പൊലീസ് പറയുന്നുണ്ട്. എന്നാൽ അനുപമ ഇടപെട്ടിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്നും കൂട്ടിച്ചേർക്കുന്നു. യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതിനെ തുടർന്നു ‘ഡിപ്രസ്ഡ്’ ആയ അവസരത്തിലാണു കൃത്യം നടത്താൻ അനുപമ ഒരുങ്ങിയതെന്നുമാണു പൊലീസ് വാദം. ‘അസ്സലായി ഇംഗ്ലിഷ് പറയുന്ന കുട്ടി. സെൽഫ് എഫർട്ട് (സ്വന്തമായി പ്രയത്നം) എടുത്തു ചെയ്യുന്ന കുട്ടി. ബിഎസ്‍സി കംപ്യൂട്ടർ സയൻസിനു ജോയിൻ ചെയ്തെങ്കിലും എൽഎൽബി എടുക്കാനായിരുന്നു കുട്ടിക്കു താൽപര്യം’ – എന്നൊക്കെയാണ് എഡിജിപി അനുപമയെക്കുറിച്ചു വർണിക്കുന്നത്.
ഫാംഹൗസിലെ ജോലിക്കാരിക്ക് വധഭീഷണി
കൊല്ലം∙ അറസ്റ്റിലായ കെ.ആർ.പത്മകുമാറിന്റെ പോളച്ചിറ ഫാംഹൗസിലെ ജോലിക്കാരി ഷീബയ്ക്ക് വധഭീഷണി. ഷീബയുടെ ഭർത്താവിന്റെ ഫോണിലേക്കാണ് വിളി വന്നത്. ‘നിന്റെ ഭാര്യയ്ക്ക് പെട്ടി തയാറാക്കി വച്ചോളൂ’ – എന്നായിരുന്നു സന്ദേശം. വിളിച്ചയാളുടെ ഫോൺ നമ്പർ സഹിതം പരവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ ഇന്ന്? പ്രതികൾ നൽകിയ മൊഴിയുടെ സത്യാവസ്ഥ ഉറപ്പുവരുത്തും
കൊല്ലം∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്നു കൊട്ടാരക്കര കോടതിയിൽ പൊലീസ് നൽകിയേക്കും. കേസുമായി ബന്ധപ്പെട്ടു പ്രതികൾ നൽകിയ മൊഴിയുടെ സത്യാവസ്ഥ ഉറപ്പുവരുത്താനും മറ്റുമായാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. കൂടാതെ, കേസിൽ തെളിവ് ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കണം. കേസിലെ മുഖ്യപ്രതി പത്മകുമാറിന് 5 കോടി രൂപയുടെ ബാധ്യത ഉണ്ടായത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ള മൊഴികളാണ് പൊലീസിന് സ്ഥിരീകരിക്കേണ്ടത്. ഇതിൽ സാമ്പത്തിക ക്രമക്കേടിന്റെ സാധ്യതയും അന്വേഷിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമായി പറഞ്ഞ10 ലക്ഷം രൂപയുടെ പെട്ടെന്നുണ്ടായ ബാധ്യത ഏതുതരത്തിലാണെന്നതും ഉറപ്പിക്കണം. ഈ തുക ആർക്കു കൊടുക്കാനാണ് എന്നതും അന്വേഷിക്കണം.
കേസിൽ പത്മകുമാറും ഭാര്യയും മകളും മാത്രമാണ് പ്രതികളെന്നു പറയുന്നുവെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസിന് ഉറപ്പിക്കണം. കുട്ടിയെ ഉപേക്ഷിച്ച ശേഷം ബിഷപ് ജെറോം നഗറിൽ പ്രതികൾ എത്തിയിരുവെന്നാണ് മൊഴി. ഇവിടവുമായി ഇവർക്കുള്ള ബന്ധവും അന്വേഷിക്കും. കേസ് അന്വേഷണം ഏറ്റവും മികച്ച രീതിയിലാണെന്ന് പറയുന്നുണ്ടെങ്കിലും അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പൊലീസിന് പിഴവു വന്നിട്ടുണ്ടെന്നോയെന്ന് പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അന്വേഷണം തുടങ്ങാൻ വൈകിയതും, പ്രതികൾ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു കടന്നപ്പോഴുമുള്ള പൊലീസ് നടപടികളും ദുരൂഹമാണ്. മഞ്ഞ ടോപ്പ് ധരിച്ച സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നു 5 മിനിറ്റിനുള്ളിൽ കണ്ടെത്തിയിട്ടും അവർക്കു വേണ്ടിയുള്ള പരിശോധന വൈകിയതും അന്വേഷിക്കണം.
വെള്ളിയാഴ്ച പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ച പത്മകുമാറിനെ ജയിൽ ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. 27ന് വൈകിട്ടാണ് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്നു ഉച്ചയോടെ കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാലികയെ കണ്ടെത്തുകയായിരുന്നു.