നീലംപേരൂർ പൂരം പടയണി പിണ്ടിയും കുരുത്തോലയും ഇന്നു മുതൽ

Mail This Article
ചങ്ങനാശേരി ∙ അവസാനഘട്ട കാഴ്ചകളിലേക്ക് കടക്കാൻ നീലംപേരൂർ പൂരം പടയണി. നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 12 ദിവസങ്ങളായി നടക്കുന്ന പടയണിയുടെ അവസാന ഘട്ടമായ പിണ്ടിയും കുരുത്തോലയും ഇന്ന് ആരംഭിക്കുന്നു. കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ യാത്രയുമായി പടയണിയുടെ ഇതിവൃത്തത്തെ ബന്ധിപ്പിക്കുന്നതാണ് ഈ ഘട്ടത്തിന്റെയും ഐതിഹ്യം. കൊടിക്കൂറയാണ് ഇന്നത്തെ അടിയന്തരക്കോലം. രാത്രി 10ന് ചടങ്ങുകൾ തുടങ്ങും. ഗന്ധർവ നഗരത്തിൽ എത്തിയ ഭീമസേനൻ കൊടിക്കൂറ ദൂരെ നിന്നു കാണുന്നതാണ് ഇന്നത്തെ ആവിഷ്ക്കാരത്തിനു പിന്നിലെ ഐതിഹ്യം.
വാഴയുടെ വെള്ളപ്പോള കീറിയെടുത്ത്, കൂട്ടിക്കുത്തിയെടുത്ത്, കൊടിയുടെ രൂപം വാർന്നെടുക്കും. ഇതിൽ ചെത്തിപ്പൂവ് തൂക്കിയാണ് കൊടിക്കൂറ നിർമിച്ചെടുക്കുന്നത്.ഇന്നലെ രാത്രി വൈകി വഞ്ചിപ്പാട്ടിന്റെ താളത്തിന്റെ അകമ്പടിയോടെ പ്ലാവിലക്കോലങ്ങളിൽ അവസാനത്തേതായി ഭീമസേനൻ എത്തിയതോടെയാണ് നീലംപേരൂർ പൂരം പടയണിയുടെ മൂന്നാം ഘട്ടം അവസാനിച്ചത്. കുടംപൂജയ്ക്കും തോത്താകളിക്കും ശേഷം പ്ലാവിലയിൽ തീർത്ത ഭീമസേനനൊപ്പം കഴിഞ്ഞ ദിവസങ്ങളിലെ അടിയന്തരക്കോലങ്ങളായിരുന്ന താപസക്കോലവും ആനയും ഹനുമാനും വന്നതോടെയാണ് മൂന്നാം ഘട്ടത്തിന്റെ അവസാനമായ പ്ലാവില നിർത്ത് ചടങ്ങുകൾ പൂർത്തിയായത്.
പള്ളി ഭഗവതി, ഗരുഡൻ എന്നീ പ്ലാവിലക്കോലങ്ങളും യുവജനങ്ങളുടെ നേതൃത്വത്തിൽ എത്തിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ചടങ്ങുകളിൽ പങ്കാളികളാകുന്നതിനും സാക്ഷ്യം വഹിക്കുന്നതിനുമായി നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് ഒട്ടേറെ ആളുകൾ എത്തിയിരുന്നു. പകൽ സമയത്തും ക്ഷേത്ര പരിസരം സജീവമായിരുന്നു. കോലങ്ങളുടെയും അന്നത്തിന്റെയും അവസാനഘട്ട ജോലികളാണ് ക്ഷേത്രപരിസരത്ത് പുരോഗമിക്കുന്നത്.