കെ–റെയിൽ ദുരൂഹത നിറഞ്ഞ പദ്ധതി: തിരുവഞ്ചൂർ
Mail This Article
കോട്ടയം ∙ കെ–റെയിൽ ദുരൂഹത നിറഞ്ഞ പദ്ധതിയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ മാടപ്പള്ളിയിൽ സമരം ആരംഭിച്ച് ആയിരം ദിനങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി സമര പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കാബിനറ്റ് ജനങ്ങൾക്കു അപമാനമാണ്. കാബിനറ്റിലുള്ളവർ മൗനിബാബമാരാണ്. മുഖ്യമന്ത്രിക്കു ഒപ്പമിരിക്കാൻ പറ്റാത്തതു കൊണ്ട് മന്ത്രിമാർ നിലത്തിരുന്നാണ് കാബിനറ്റ് ചേരുന്നതെന്നും നവകേരള ബസിൽ മാത്രമാണ് എല്ലാരും ഒരുമിച്ചിരുന്നതെന്നും തിരുവഞ്ചൂർ പരിഹസിച്ചു. കെഎസ്ആർടിസിയും ആരോഗ്യമേഖലയും തകർന്നു. വനംമന്ത്രിക്കു നാട്ടിലിറങ്ങാൻ പറ്റാത്ത സ്ഥിതിയെത്തിയെന്നും തിരുവഞ്ചൂർ പറഞ്ഞു.
ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. എംപിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്, കെപിസിസി രാഷട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ദേശീയ നിർവാഹക സമിതിയംഗം ജി.രാമൻ നായർ, ജോസഫ് എം. പുതുശേരി, ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് എം.പി. മത്തായി കുഞ്ഞുകോശി പോൾ, വി.ജെ. ലാലി, സുധ കുര്യൻ, പ്രിൻസ് ലൂക്കോസ്, സലിം പി.മാത്യു, എം.പി.ജോസഫ്, ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പ്രസംഗിച്ചു.
സമരം ദിനചര്യയാക്കി വർഗീസ്
കോട്ടയം ∙ ആയിരം ദിവസവും സമരത്തിൽ പങ്കെടുത്ത മാടപ്പള്ളി ആനപ്പാറക്കൽ എ.ടി. വർഗീസ് (80) സമരപോരാളികളുടെ സംഗമത്തിൽ മിന്നുംതാരമായി. രാവിലെ 8.30നു സമരപ്പന്തലിലെത്തി ഉച്ചയോടെ തിരികെ മടങ്ങും. ആയിരം ദിവസമായി വർഗീസിന്റെ ദിനചര്യയുടെ ഭാഗമാണ് സമരം.വിജയിക്കുന്നതു വരെ സമരം തുടരാനാണു വർഗീസിന്റെ തീരുമാനം.