പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സനദ്‌ദാന സമ്മേളനം ഇന്നു സമാപിക്കും
Mail This Article
പട്ടിക്കാട്∙ ആത്മീയ, പ്രബോധന രംഗങ്ങളിൽ വെളിച്ചം പകർന്ന വിവിധ സെഷനുകളാൽ സമ്പുഷ്ടമായ അഞ്ചു ദിവസത്തെ, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വാർഷിക, സനദ്‌ദാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ഏഴിന് സമാപന പൊതുസമ്മേളനം ശൈഖ് അഹ്‌മദ് ജാസിം അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആധ്യക്ഷ്യം വഹിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ്‌ദാനവും പ്രഫ. കെ. ആലിക്കുട്ടി മുസല്യാർ സനദ്‌ദാന പ്രസംഗവും നടത്തും. 572 യുവ പണ്ഡിതർ സനദ് സ്വീകരിക്കും. 8819 ഫൈസിമാരാണ് ഇതിനകം ജാമിഅയിൽനിന്നു പഠനം പൂർത്തിയാക്കിയത്. മാണിയൂർ അഹ്‌മദ് മുസല്യാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.
ഇന്നലെ ‘ജൂനിയർ കോൺ 2024’ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ആധ്യക്ഷ്യം വഹിച്ചു. പി. വി. അബ്ദുൽ വഹാബ് എംപി, എംഎൽഎമാരായ പി. കെ. ബഷീർ, പി. അബ്ദുൽ ഹമീദ്, കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ, മുൻ മന്ത്രി നാലകത്ത് സൂപ്പി, ടി. എച്ച്. ദാരിമി, മുതീഉൽ ഹഖ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു. ജൂനിയർ കോൺ രണ്ടാം സെഷൻ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാട്
ആധ്യക്ഷ്യം വഹിച്ചു. ജാമിഅ ജൂനിയർ കോളജ് വിദ്യാർഥികളുടെ ഗ്രാൻഡ് സല്യൂട്ട് എം. പി. അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ. ആലിക്കുട്ടി മുസല്യാർ ആധ്യക്ഷ്യം വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സല്യൂട്ട് സ്വീകരിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുജ്തബ ഫൈസി ആനക്കര, എം.കെ മുനീർ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.