അവകാശ പത്രിക അംഗീകരിക്കാൻ എസ്എഫ്ഐയുടെ ഉജ്വല മാർച്ച്
Mail This Article
പാലക്കാട് ∙ എസ്എഫ്ഐ സംസ്ഥാന സർക്കാരിനു സമർപ്പിച്ച വിദ്യാർഥി അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. വിക്ടോറിയ കോളജ് പരിസരത്തു നിന്നാരംഭിച്ച മാർച്ചിൽ ആയിരക്കണക്കിനു വിദ്യാർഥികൾ അണിനിരന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മെൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.അരുൺദേവ് അധ്യക്ഷനായി. സെക്രട്ടറി എസ്.വിബിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി.നിമേഷ്, എൻ.രശ്മി എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ഓഫിസിലേക്കു തിരിയുന്ന ഭാഗത്ത് പൊലീസ് മാർച്ച് തടഞ്ഞു.
ആവശ്യങ്ങൾ
∙ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥി സംഘടന സ്വാതന്ത്ര്യം ഉറപ്പാക്കുക
∙ പൊതു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വിദ്യാർഥി അവകാശ രേഖ പ്രഖ്യാപിക്കുക
∙ ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളഞ്ഞു കേരള സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജനപക്ഷ വിദ്യാഭ്യാസ ബദൽ യാഥാർഥ്യമാക്കുക
∙ കേരളത്തിൽ മുഴുവൻ സർവകലാശാലകളിലും അക്കാദമിക് കലണ്ടറുകൾ ഏകീകരിച്ചു സമയബന്ധിതമായി പരീക്ഷയും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തുക
∙ സ്വാശ്രയ–സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസുകൾ നിയന്ത്രിക്കാൻ വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി സർവകലാശാല തലത്തിൽ സമിതി രൂപീകരിക്കുക
∙ മുടങ്ങിക്കിടക്കുന്ന ഇ ഗ്രാന്റ്സ്, ഫെലോഷിപ്പുകൾ, സ്കോളർഷിപ് എന്നിവ ഉടൻ വിതരണം ചെയ്യുക
∙ കെഎസ്ആർടിസി ബസുകളിലുൾപ്പെടെ വിദ്യാർഥി യാത്രാനുകൂല്യ അവകാശം സംരക്ഷിക്കുക. സ്റ്റാൻഡുകളിൽ വിദ്യാർഥികളെ ബസിൽ കയറ്റാനുള്ള ‘ഇന്റർവ്യൂ’ അവസാനിപ്പിക്കുക
∙ മുഴുവൻ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക, അധ്യാപക, അനധ്യാപക ഒഴിവുകൾ നികത്തുക തുടങ്ങി 54 ആവശ്യങ്ങളാണ് അവകാശ പത്രികയിൽ ഉന്നയിച്ചിട്ടുള്ളത്.