ADVERTISEMENT

ചെർപ്പുളശ്ശേരി ∙ ‘എത്ര വയ്യായ്കയുണ്ടെങ്കിലും ഓണക്കാലമായാൽ കുറച്ച് ഓലക്കുടകളെങ്കിലും ഉണ്ടാക്കിയില്ലെങ്കിൽ മനസ്സിന് ഒരു സമാധാനവുമില്ല. ഓണം വന്നതായി തോന്നണമെങ്കിൽ ഓലക്കുട നിർബന്ധമാണ്..’.നാലരപ്പതിറ്റാണ്ടിലേറെയായി ഓലക്കുട നിർമാണവും വിൽപനയും കുലത്തൊഴിലാക്കിയ വാണിയംകുളം പനയൂരിലെ പുറയ്ക്കാട്ടുപറമ്പിൽ ജാനകിയുടെ (72) വാക്കുകളാണിത്. പൂക്കളമൊരുക്കിയും പൂവിളിച്ചുമുള്ള ഓണാഘോഷത്തിനു പൂർണത വരണമെങ്കിൽ ഓലക്കുട തന്നെ വേണം. അങ്ങനെയൊരു കാലമുണ്ടായിരുന്നു. മഹാബലിത്തമ്പുരാനെ ഓലക്കുട ചൂടിക്കുന്ന മലയാളി സ്വപ്നം കാണുന്നത് മാവേലിനാടിനെയാണ്.  ഓണമുണ്ണുന്നതിനു കൂടിയാണ് ജാനകി പാടുപെടുന്നത്.

മാതാപിതാക്കളായ ആറുമുഖൻ, സീത എന്നിവരിൽ നിന്നാണ് ഓലക്കുട മെനഞ്ഞെടുക്കുന്ന വിദ്യ ജാനകി പരിശീലിച്ചത്. ആറുമുഖനും സീതയും ഇന്നു ജീവിച്ചിരിപ്പില്ല.അച്ഛനും അമ്മയും ഉണ്ടാക്കിയ കുടകൾ തനിക്കു 10 വയസ്സുള്ളപ്പോൾത്തന്നെ വാണിയംകുളം ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ അമ്മയെ സഹായിക്കുന്നതു ജാനകിയായിരുന്നു. അന്ന് ഒരു കുടയ്ക്ക് 15 പൈസ കിട്ടുമായിരുന്നെന്നു ജാനകി ഓർക്കുന്നു. ഇപ്പോൾ കാൽക്കുടയ്ക്ക് 800 രൂപ മുതൽ ആയിരം രൂപ വരെയാണു നിരക്ക്. സാധാരണ കുടയ്ക്ക് 400 രൂപ വില വരും.എന്നാൽ ഓലക്കുടയ്ക്കു തീരെ ‘ഡിമാൻഡ്’ ഇല്ലാത്ത അവസ്ഥയാണെന്നു ജാനകി പറയുന്നു.

കഴിഞ്ഞ കാലങ്ങളിൽ കുട്ടനാട്ടിലെ വള്ളംകളിക്കു ചെറിയ തൊപ്പിക്കുടകൾ ആവശ്യമായിരുന്നു. ആലപ്പുഴയിൽ നിന്നു തൊപ്പിക്കുടകൾക്കും കാൽക്കുടകൾക്കും ‘ഓർഡർ’ ലഭിക്കുകയും അതു സമയത്തിനു തയാറാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇത്തവണ അവർ ജാനകിയെ അന്വേഷിച്ചെത്തിയില്ല.ഓണം പ്രമാണിച്ച് ഇത്തവണ കാൽക്കുടയ്ക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. കലാമണ്ഡലത്തിൽ കഥകളി അരങ്ങിലേക്കു ലവനും കുശനും പിടിക്കാനുള്ള ഓലക്കുടകളും ഈയിടെയായി നിർമിച്ചു നൽകുന്നതു ജാനകിയാണ്. കൂനത്തറ, ആര്യങ്കാവ്, ചിനക്കത്തൂർ, മായന്നൂർ, ചേറമ്പറ്റ എന്നീ പൂരങ്ങൾക്കുള്ള വേലക്കുടകളും നിർമിച്ചുനൽകാറുണ്ടെന്ന് ജാനകി പറഞ്ഞു.

ശീലക്കുടകളെക്കാൾ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന പ്ലാസ്റ്റിക് മഴക്കോട്ടിന്റെ വരവോടെ ‘കുണ്ടംകുട’ വർഷങ്ങൾക്കു മുൻപുതന്നെ ഓർമച്ചിത്രമായി. കാർഷികവൃത്തിക്കു പണ്ട് അനിവാര്യമായിരുന്ന ഈ കുട ഇന്നാർക്കും വേണ്ട.കുടപ്പനയുടെ ഓലയും മുളയും ഈർമ്പനയുടെ ഈരയും ഉപയോഗിച്ചാണ് ഓലക്കുട മെനഞ്ഞെടുക്കുന്നത്. വാണിയംകുളം ചന്തയ്ക്കു ജാനകി സുപരിചിതയാണ്. വർഷങ്ങളായി വ്യാഴാഴ്ചകളിൽ ഇവർ ഓലക്കുട വിൽക്കാൻ ചന്തയിലെത്തിയിരുന്നു. എന്നാലിപ്പോൾ ഇവർ ചന്തയിൽ എത്തുന്നില്ലെന്നു തന്നെ പറയാം. ശീലക്കുടകൾക്കു മുന്നിൽ ശീലമല്ലാതായി മാറിയിരിക്കുകയാണ് ഓലക്കുട. മഹാബലിയെ എഴുന്നള്ളിക്കുന്നതു പോലും ശീലക്കുട പിടിച്ചായിരിക്കുന്നു. മഹാബലി ചക്രവർത്തി കാൽക്കുട പിടിക്കുന്നത് ഇപ്പോൾ പരസ്യചിത്രങ്ങളിൽ മാത്രമായി ഒതുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com