ആരോഗ്യ പരിപാലനത്തിന്റെ പത്തനംതിട്ട മാതൃക; ജനറൽ ആശുപത്രിക്കു സമീപത്തെ തോട് മാലിന്യ(രോഗ) വാഹിനി
Mail This Article
പത്തനംതിട്ട∙ ജനറൽ ആശുപത്രിക്കു സമീപത്തെ തോട്ടിൽ മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. സർവ മാലിന്യവും തോട്ടിൽ തള്ളുന്നതാണ് പ്രശ്നം. ‘പ്ലാസ്റ്റിക്കിനെ അകറ്റാം പ്രകൃതിയെ ഇണക്കാം’ എന്നെഴുതിയിരിക്കുന്ന ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരസഭയുടെ മൂക്കിനുതാഴെ മാലിന്യം കെട്ടിക്കിടക്കുന്നതു നീക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കാരണം തോടിന്റെ ഒഴുക്ക് സുഗമമല്ല. തോടിനു സമീപത്തു കാടുകയറിക്കിടക്കുന്ന പുരയിടത്തിലും ചാക്കിൽ കെട്ടി മാലിന്യം തള്ളൽ പതിവാണ്.
സർജിക്കൽ മാസ്ക്, സിറിഞ്ച്, ഇൻസുലിൻ ബോട്ടിൽ തുടങ്ങിയ ബയോമെഡിക്കൽ വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പി, ഡയപ്പർ കവറുകൾ, പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യങ്ങൾ, മാംസാവശിഷ്ടങ്ങൾ എന്നിവയാണ് തോട്ടിൽ കുമിഞ്ഞുകൂടി കിടക്കുന്നത്. ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നത് തടയാനായി നഗരസഭയുടെ പല ഭാഗങ്ങളിലും ക്യാമറ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇടവഴികളിലുള്ള ഇത്തരം തോടുകൾ കേന്ദ്രമാക്കിയാണ് മാലിന്യങ്ങൾ കളയുന്നത്. ഗാർഹിക, ആശുപത്രി മലിനജലത്തിൽ പലതരം അപകടകാരികളായ അണുക്കൾ ഉൾപ്പെടുന്നു.മതിയായ സംസ്കരണമില്ലാതെ വെള്ളത്തിലേക്കു തള്ളുന്ന മാലിന്യങ്ങൾ കോളറ, ടൈഫോയ്ഡ് തുടങ്ങിയ മാരകരോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു കാരണമാകുന്നതിനാൽ മാലിന്യങ്ങൾ എത്രയും വേഗം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആശുപത്രി പരിസരത്ത് വൃത്തി വേണ്ടേ?
ജനറൽ ആശുപത്രിക്ക് പിറകിലുള്ള ഡോക്ടേഴ്സ് ലെയ്ൻ റോഡിന്റെ വശങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവയാണ് റോഡിന്റെ ഇരുവശങ്ങളിലും തള്ളുന്നത്. വീടുകളിൽ നിന്നു മാലിന്യങ്ങൾ ഹരിതകർമ സേന ശേഖരിച്ചു മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി സെന്ററുകളിൽ എത്തിക്കുന്നുണ്ടെങ്കിലും നഗരത്തിൽ മാലിന്യപ്രശ്നത്തിന് പൂർണമായ പരിഹാരം കാണാൻ അധികൃതർക്കു കഴിയുന്നില്ല. പ്രദേശത്തെ ഓടയിലും മാലിന്യം വലിച്ചെറിയുന്നുണ്ട്.
ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ വാട്ടർ പ്രിവൻഷൻ ആക്ട്, കൺട്രോൾ ഓഫ് പൊല്യൂഷൻ ആക്ട് 1974, കേരള മുനിസിപ്പാലിറ്റി നിയമം1994, കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി ) നിയമം 2018 എന്നീ നിയമങ്ങൾ നിലവിലുണ്ടെങ്കിലും കുറ്റക്കാരെ കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികൾ. നഗരത്തെ മലിനമാക്കുന്നവർക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വകുപ്പുകൾ ചേർന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉണർന്നു പ്രവർത്തിച്ചാൽ പത്തനംതിട്ടയെ എത്രയും വേഗം മാലിന്യമുക്തമാക്കാൻ കഴിയും.