കാലിക്കറ്റ് സർവകലാശാല : പിജി എൻട്രൻസ് മേയ് 6, 7, 8 തീയതികളിൽ, എംബിഎ അപേക്ഷ 10 വരെ

Mail This Article
കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയപഠനകേന്ദ്രങ്ങൾ എന്നിവയിലെ പിജി, ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയ്ക്ക് (CU-CET 2025) ഓൺലൈൻ അപേക്ഷ 15നു വൈകിട്ട് 5 വരെ സ്വീകരിക്കും. എൻട്രൻസ് മേയ് 6, 7, 8 തീയതികളിൽ. വെബ്സൈറ്റ്: https://admission.uoc.ac.in.
മുഖ്യ പ്രോഗ്രാമുകൾ
എ) പഠനവകുപ്പുകൾ:
(1) എംഎ: ഇംഗ്ലിഷ് / മലയാളം / ഹിന്ദി / സംസ്കൃതം / ഉറുദു / അറബിക് / ഫങ്ഷനൽ ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ / കംപാരറ്റീവ് ലിറ്ററേച്ചർ / ഇക്കണോമിക്സ് / ഫോക്‌ലോർ / ഹിസ്റ്ററി / ജേണലിസം / മ്യൂസിക് / ഫിലോസഫി / പൊളിറ്റിക്കൽ സയൻസ് / സോഷ്യോളജി / വിമൻസ് സ്റ്റഡീസ് / ഡവലപ്മെന്റ് സ്റ്റഡീസ് / എപിഗ്രഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി
(2) എംഎസ്‌സി: കെമിസ്ട്രി / അപ്ലൈഡ് ജിയോളജി / ബോട്ടണി / അപ്ലൈഡ് സൈക്കോളജി / സുവോളജി / ബയോകെമിസ്ട്രി / കംപ്യൂട്ടർ സയൻസ് /എൻവയൺമെന്റൽ സയൻസ് / ഹ്യുമൻ ഫിസിയോളജി / മാത്തമാറ്റിക്സ് / മൈക്രോബയോളജി/ ഫിസിക്സ് / റേഡിയേഷൻ ഫിസിക്സ് /സ്റ്റാറ്റിസ്റ്റിക്സ് / ഫൊറൻസിക് സയൻസ് / ബയോടെക്നോളജി / ഫിസിക്സ്–നാനോസയൻസ് / കെമിസ്ട്രി–നാനോസയൻസ്
(3) എംകോം / മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് / മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ് / ഇരട്ട സ്െപഷലൈസേഷനോടെ എൽഎൽഎം
(4) 10 വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റർ ബിരുദ പ്രോഗ്രാമുകൾ
(5) മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ

(ബി) സർവകലാശാലയിലെ സ്വാശ്രയപഠന കേന്ദ്രങ്ങൾ:
എംഎസ്ഡബ്ല്യു / എംസിഎ / ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ / ഇന്റഗ്രേറ്റഡ് ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്
(സി) അഫിലിയേറ്റഡ് കോളജുകൾ: എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ എംഎസ്‌സി ഹെൽത്ത് ആൻഡ് യോഗ തെറപ്പി / എംഎസ്‌സി ഫൊറൻസിക് സയൻസ് / എംഎസ്ഡബ്ല്യു/ എംഎസ്ഡബ്ല്യു – ഡിസാസ്റ്റർ മാനേജ്മെന്റ് / എംഎസ്‌സി ജനറൽ ബയോടെക്നോളജി
മറ്റു വിവരങ്ങൾ
പിജി, ബിപിഎഡ് പ്രോഗ്രാമുകളിലേക്കു ബിരുദമുള്ളവർക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കു പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം. മിനിമം മാർക്ക് നിബന്ധന പാലിക്കണം. ഫൈനൽ സെമസ്റ്റർ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. സീറ്റുകൾ, ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യത, അപേക്ഷാരീതി, സിലക്‌ഷൻ ശൈലി മുതലായവ പ്രോസ്പെക്ടസിലുണ്ട്. പ്രവേശനസമയത്ത് നിശ്ചിത യോഗ്യതയുണ്ടായിരിക്കണം. സംവരണക്രമം പാലിക്കും. സർവകലാശാലാ പഠനവകപ്പുകളിൽ മറ്റു സംസ്ഥാനക്കാർക്ക് ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്ക് അപേക്ഷകരില്ലെങ്കിൽ അവ റദ്ദുചെയ്യും. ആകെ പ്രോഗ്രാമുകളെ ആറായി തിരിച്ചാണ് എൻട്രൻസ് നടത്തുക. ഒരേ അപേക്ഷയിൽത്തന്നെ ഓരോ വിഭാഗത്തിൽനിന്ന് ഒരു പ്രോഗ്രാം എന്ന കണക്കിനു പരമാവധി 6 പ്രോഗ്രാമുകൾക്കു വരെ ഒരാൾക്ക് അപേക്ഷിക്കാം. ഇതിനു പുറമേ തനത് എൻട്രൻസ് നടത്തുന്ന 6 സെറ്റ് പ്രോഗ്രാമുകളുണ്ട്. അവയും ചേർത്തായാലും 6 പ്രോഗ്രാം എന്ന പരിധി കടക്കരുത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
എൻട്രൻസ് റജിസ്ട്രേഷൻ ഫീസ്
ഒരു പ്രോഗ്രാമിന് 610 രൂപ. പട്ടികവിഭാഗത്തിന് 275 രൂപ. എൽഎൽഎമ്മിനു മാത്രം യഥാക്രമം 830 / 390 രൂപ. ഏതു വിഭാഗത്തിലായാലും ഓരോ അധിക പ്രോഗ്രാമിനും 90 രൂപ കൂടുതലടയ്ക്കണം. ഓൺലൈനായി പണമടയ്ക്കാം.
ഇ–മെയിൽ: cucet@uoc.ac.in
വകുപ്പുകളുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
എംബിഎ അപേക്ഷ 10 വരെ
സർവകലാശാല നടത്തുന്ന എംബിഎ, എംബിഎ (ഹെൽത്ത് കെയർ മാനേജ്മെന്റ്), എംബിഎ (ഇന്റർനാഷനൽ ഫിനാൻസ്) പ്രവേശനത്തിന് 10നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. സ്വാശ്രയ പ്രോഗ്രാമുകളുമുണ്ട്.
50% മാർക്കോടെ ബിരുദവും, സാധുതയുള്ള KMAT/CMAT/CAT സ്കോറും വേണം; പിന്നാക്കവിഭാഗക്കാർക്കു 45%, പട്ടിക, ഭിന്നശേഷി വിഭാഗക്കാരെങ്കിൽ ജയം. സിലക്‌ഷന്റെ ഭാഗമായി ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവുമുണ്ട്. പ്രോഗ്രാം നടത്തുന്ന അൺ–എയ്ഡഡ് /സ്വാശ്രയ കോളജുകളടക്കമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റിന് എംബിഎ പ്രോസ്പെക്ടസ് നോക്കാം.