സ്കോട്‌ലൻഡിൽ മരണം: ദുരൂഹത ഇല്ലെന്ന് ബ്രിട്ടിഷ് പൊലീസ്

Mail This Article
തൃശൂർ ∙ യുകെയിലെ സ്കോട്‌ലൻഡിൽ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ തൃശൂർ സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എസ്എൻ പാർക്കിൽ പരേതനായ വിമുക്തഭടൻ ടി.യു.ശശിധരന്റെയും റിട്ട.നഴ്സ് എം.എസ്. പത്മിനിയുടെയും ഇളയ മകൻ ഏബൽ തറയിലാണു (24) മരിച്ചത്. സംസ്കാരം ഇന്നലെ വടൂക്കര ശ്മശാനത്തിൽ നടന്നു. എഡിൻബറ സ്റ്റിർലിങ് സർവകലാശാലയിലെ എംഎസ് സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന ഏബലിന്റെ മൃതദേഹം മാർച്ച് 12നാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്താൻ അടിയന്തര നടപടികളും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർക്ക് ഇമെയിൽ അയച്ചിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസ് സ്ഥിരീകരിച്ചു. റെയിൽവേ ട്രാക്ക് പരിസരം, ട്രെയിൻ എന്നിവിടങ്ങളിൽ നിന്നു ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആത്മഹത്യയാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് ബ്രിട്ടിഷ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. തുടർന്നാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ പഠനത്തിനു ശേഷം വിദ്യാർഥി വീസയിലാണ് ഏബൽ സ്കോട്‌ലൻഡിലെത്തിയത്. എംഎസ് പഠനത്തിനു ശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വീസയിൽ അത്‌ലറ്റിക് കോച്ചായും സെയിൽസ് അഡ്വൈസറായും ജോലി ചെയ്തു വരികയായിരുന്നു. തൃശൂർ ഗവ.മെഡിക്കൽ കോളജിലെ ഹെഡ് നഴ്സായിരുന്നു അമ്മ പത്മിനി. അഭിറാം സഹോദരൻ.