'എ ഡേ ഫോർ ഇന്ത്യ': വേറിട്ട ക്യാംപെയ്നുമായി യുകെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
Mail This Article
ലണ്ടൻ ∙ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്ന വ്യത്യസ്തമായ സമൂഹ മാധ്യമ ക്യാംപെയ്ൻ സംഘടിപ്പിച്ചു. 'എ ഡേ ഫോർ ഇന്ത്യ' എന്ന പേരിലാണ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഈ ക്യാംപെയ്ൻ സംഘടിപ്പിച്ചത്. ഒരു മുഴുവൻ ദിവസം നീണ്ടുനിന്ന ക്യാംപെയ്ൻ കേരളത്തിലും പ്രവാസികളുടെ ഇടയിലും വലിയ പ്രചാരം നേടി. പ്രമുഖ കോൺഗ്രസ് നേതാവ് അഡ്വ. എം. ലിജു ഓൺലൈനായി ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്‍റ് സുജു ഡാനിയൽ, വക്താവ് അജിത് മുതയിൽ, മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ സാം ജോസഫ്, കോ - കൺവീനർമാരായ സുരാജ് കൃഷ്ണൻ, നിസാർ അലിയാർ എന്നിവർ ക്യാംപെയ്ൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ക്യാംപെയ്നിന്‍റെ ഭാഗമായി യു കെയുടെ വിവിധ ഭാഗങ്ങളിൽ വാർ റൂമുകൾ ഒരുക്കിയിരുന്നു. ഇവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചുകൂടുകയും വിവിധ സമൂഹ മാധ്യമ പ്ലാറ്റഫോമുകൾ മുഖേന മുഴുവൻ സമയ തീവ്രപ്രചരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. ലണ്ടൻ, ബോൾട്ടൻ, ബർമിങ്ഹാം, മാഞ്ചസ്റ്റർ, പ്ലിമത്ത്, ഇപ്സ്വിച്, പ്രെസ്റ്റൺ, വിതിൻഷോ എന്നിവിടങ്ങളിലെ വാർ റൂമുകളിൽ നിന്നും സമൂഹ മാധ്യമ പ്ലാറ്റഫോമുകൾ വഴി യുഡിഫ് സ്ഥാനർഥികൾക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയർ ചെയ്യപ്പെട്ടത്.
കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്റുകൾ എത്തിക്കാനായതായി സംഘാടകർ പറഞ്ഞു. ക്യാംപെയ്നിന്‍റെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫർ ജോയ്, അജി ജോർജ്, അരുൺ പൗലോസ്, അരുൺ പൂവത്തുമ്മൂട്ടിൽ, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിൻ തോമസ് എന്നിവരും വാർ റൂം ലീഡർമാരായ ജിപ്സൺ ഫിലിപ്പ് ജോർജ്, ഷിനാസ് ഷാജു, സോണി പിടിവീട്ടിൽ എന്നിവരും നേതൃത്വം നൽകി.