സ്ട്രീറ്റുകളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
Mail This Article
ദോഹ∙ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റുകളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു.
കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗണ്‍ ചെയ്തിരുന്ന ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി കഴിഞ്ഞ ദിവസമാണ് തുറന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയക്കായുള്ള സ്ഥിര കമ്മിറ്റി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ പിഴ നല്‍കണമെന്ന് മാത്രമല്ല ട്രാന്‍സ്ഫര്‍ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.
കമ്പനികള്‍, ഫാക്ടറികള്‍, വര്‍ക് ഷോപ്പുകള്‍ എന്നിവയ്ക്ക് അവരുടെ ഉല്‍പന്നങ്ങളും അസംസ്‌കൃത സാമഗ്രികളും അകത്തേക്കും പുറത്തേക്കും കൊണ്ടുപോകാം. എന്നാല്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. തൊഴിലുടമ, ഭരണനിര്‍വഹണ വിഭാഗം, തൊഴിലാളി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ആര്‍ക്കും സ്ട്രീറ്റുകളിലേക്ക് പ്രവേശനമില്ല.
പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
സ്ട്രീറ്റുകളില്‍ നിന്ന് പുറത്തേക്ക് പോകുന്ന തൊഴിലാളികള്‍ നിര്‍ബന്ധമായും ഇഹ്‌തെറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് കമ്പനികള്‍ ഉറപ്പാക്കണം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തവരേയും മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരെയും പുറത്തേക്ക് പോകാന്‍ അനുവദിക്കില്ല. വ്യവസായിക മേഖലയ്ക്ക് പുറത്തുള്ള പദ്ധതികളിലെ ജോലിക്കായി തൊഴിലാളികളെ കമ്പനികള്‍ക്ക് കൊണ്ടുപോകാം. എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയക്ക് പുറത്തുള്ളവരുമായി തൊഴിലാളികളെ ഇടപെടുത്തില്ലെന്ന് കമ്പനികള്‍ എഴുതി ഒപ്പിട്ട് നല്‍കണം.
തൊഴിലാളികളെ തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കുന്നത് തുടരും. മാസ്‌ക് ധരിക്കാത്ത ആരേയും സ്ട്രീറ്റുകളിലേക്ക് പ്രവേശിപ്പിക്കില്ല. തൊഴിലിടങ്ങളില്‍ സാനിട്ടൈസറുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ, ഒക്കുപ്പേഷനല്‍ സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. തൊഴിലാളികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഇതുസംബന്ധിച്ച ബോധവല്‍ക്കരണ ബ്രോഷറുകളും വിതരണം ചെയ്യണം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും പുറത്തേക്കും തൊഴിലാളികളെ മാറ്റാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് അതിനുള്ള പെര്‍മിറ്റും അനുവദിക്കും.