തീപ്പിടുത്തമുണ്ടായ മനാമ സൂഖ് പാരമ്പര്യ രീതിയിൽ പുനരുദ്ധരിക്കും
Mail This Article
മനാമ ∙ കഴിഞ്ഞ മാസം അഗ്നിക്കിരയായ മനാമ സൂഖ് പുനരുദ്ധരിക്കുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫ പറഞ്ഞു.ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രാജകീയ ഉത്തരവിനെ തുടർന്ന് വിപണിയുടെ സാംസ്കാരിക പൈതൃകം നിലനിർത്തിക്കൊണ്ട് തന്നെ സൂഖ് പുതുക്കിപ്പണിയാനും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപ്രസിദ്ധമായ അൽ മനാമ മാർക്കറ്റിനെ സംരക്ഷിക്കുന്നതിനും വാണിജ്യ, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള പദവി ഉയർത്തുന്നതിനുമുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയാണ് രാജാവിന്റെയും കിരീടാവകാശിയുടെയും മാർഗനിർദേശം പ്രതിഫലിപ്പിക്കുന്നതെന്ന് മനാമ ഗവർണർ പറഞ്ഞു. ബഹ്‌റൈനിലെ ഏറ്റവും പഴക്കം ചെന്ന ഈ മാർക്കറ്റ് തലസ്ഥാനത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപരവും സാംസ്കാരികവുമായ പ്രധാന അടയാളമാണ്.
വികസന പദ്ധതി വാണിജ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മനാമ സൂഖിന്‍റെ ചരിത്രപരമായ പ്രദേശം പുനർവികസിപ്പിച്ചെടുക്കുന്നതിന് സമഗ്രമായ പദ്ധതി രൂപീകരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനാണ് ബന്ധപ്പെട്ട അധികാരികളോട് നിർദേശിച്ചത്.
മനാമ സൂഖ് : മലയാളികളുടെ ഗൃഹാതുരത്വം
മനാമയിലെ സൂഖിലേക്ക് പോവുക എന്നത് ബഹ്‌റൈനിലെ മലയാളികളുടെ ഒരു ഗൃഹാതുരത്വമാണ്. എവിടെയാണ് വിലക്കുറവ് എന്നത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഇടം. കച്ചവടക്കാരിൽ കൂടുതലും മലയാളികൾ ആണെന്നത് കൊണ്ട് തന്നെ ചെറിയ തോതിൽ വില പേശാനും നാട്ടിലേക്ക് പോകുന്ന ഇടത്തരം കുടുംബങ്ങളെ തിരിച്ചറിഞ്ഞ് പരമാവധി വില കുറച്ചു നൽകാൻ കടക്കാരും തയ്യാറാകുന്ന സ്‌ഥലം.
ബ്രാൻഡഡ് ഇനങ്ങൾ മുതൽ എല്ലാവർക്കും നാട്ടിലേക്ക് പോകുമ്പോഴുള്ള പർച്ചേസിങ് എളുപ്പമാക്കുന്ന മാർക്കറ്റ് എന്നത് കൊണ്ട് തന്നെ അവധിക്കാലം ആകുമ്പോൾ പൊതുവെ സൂഖുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുക. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഒരു ഷോപ്പിങ്ങിൽ സാധ്യമാകും എന്നതും മനാമയിലെ ഷോപ്പിങ്ങിന്‍റെ അനുഭവം വേറിട്ടതാക്കുന്നു.
മനാമ സൂഖിലെ ഓൾഡ് സൂഖ് എന്നറിയപ്പെടുന്ന 25 ഓളം കടകളാണ് കത്തിയമർന്നത്. സൂഖിലെ മറ്റു ഭാഗങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്.