ദുബായ്ക്ക് വെളിച്ചമേകാൻ ഹത്ത; വൈദ്യുതി ഉൽപാദനം 80 വർഷം വരെ

Mail This Article
ദുബായ് ∙ ജിസിസിയിലെ ആദ്യ ജലവൈദ്യുതി നിലയമായ ഹത്ത പവർ പ്ലാന്റിൽനിന്നുള്ള വൈദ്യുതി ഏപ്രിൽ മുതൽ ദുബായ്ക്ക് വെളിച്ചമാകും. ഇതാദ്യമായാണ് ഹത്തയിൽ നിന്നുള്ള വൈദ്യുതി കയറ്റുമതി ചെയ്യുന്നതെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
96.82% നിർമാണം പൂർത്തിയായ സംശുദ്ധ ഊർജ പ്ലാന്റിന്റെ പ്രവർത്തനം ജനുവരിയിൽ ആരംഭിച്ചതായും ഏപ്രിലോടെ ദേശീയ ഗ്രിഡ് വഴി വൈദ്യുതി ദുബായിൽ എത്തിക്കുമെന്നും കൂട്ടിച്ചേർത്തു. ഹത്ത പവർ പ്ലാന്റിൽ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. 72 മീറ്റർ ഉയരമുള്ള പ്രധാന ഭിത്തിയും 37 മീറ്റർ ഉയരമുള്ള സൈഡ് ഡാമും ഉൾപ്പെടുന്ന പ്ലാന്റിന്റെ മുകളിലെ ഡാമും പരിശോധിച്ചു.
ഹത്ത ഡാമിലും പർവതങ്ങളിൽ പുതുതായി നിർമിച്ച അപ്പർ ഡാമിലും സംഭരിച്ച വെള്ളം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 250 മെഗാവാട്ട് ഉൽപാദന ശേഷിയും 1,500 മെഗാവാട്ട് സംഭരണ ശേഷിയുമുള്ള പ്ലാന്റ് 142.1 കോടി ദിർഹം ചെലവിലാണ് നിർമിച്ചത്. 80 വർഷം വരെ വൈദ്യുതി ഉൽപാദിപ്പിക്കാനാകും. സംശുദ്ധ സ്രോതസ്സുകളിൽ നിന്നുള്ള ഊർജ ഉൽപാദനം വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹത്തയിലെ ജലവൈദ്യുത നിലയമെന്ന് അൽ തായർ പറഞ്ഞു. സൗരോർജം, ഹരിത ഹൈഡ്രജൻ എന്നിവയാണ് മറ്റുള്ളവ.
എമിറേറ്റിലുടനീളം സമഗ്രവും സുസ്ഥിരവുമായ വികസനം നേടുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശം അനുസരിച്ചാണ് പദ്ധതിനടപ്പാക്കുന്നതെന്ന് അൽതായർ പറഞ്ഞു. ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നിവയെ പിന്തുണയ്ക്കുന്ന പദ്ധതിയാണിത്. 2050ഓടെ ദുബായിലെ മൊത്തം വൈദ്യുതി ഉൽപാദന ശേഷിയുടെ 100% ശുദ്ധ ഊർജ സ്രോതസ്സുകളിൽ നിന്നാക്കാനാണ് ലക്ഷ്യമിടുന്നത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നാസർ ലൂത്ത, ട്രാൻസ്മിഷൻ പവർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹുസൈൻ ലൂത്ത പ്രോജക്ട്സ് ആൻഡ് എൻജിനീയറിങ് വൈസ് പ്രസിഡന്റ് മൻസൂർ അൽസുവൈദി, പ്രോജക്ട് മാനേജർ ഖലീഫ അൽ ബദ്വാവി എന്നിവരും അൽതായറിനൊപ്പം പരിശോധനയ്ക്ക് എത്തി.