റമസാനിലെ പ്രവാസ ജീവിതം

Mail This Article
ആത്മീയവും ശാരീരികവുമായ പരിശുദ്ധി വരുത്തുന്ന ആരാധനയാണ് നോമ്പ്. എല്ലാ വസ്തുവിലും പരിശുദ്ധി ഒരു ഘടകമാണ്. മനുഷ്യശരീരത്തിന്റെ പരിശുദ്ധി വ്രതമാണ്. അള്ളാഹുവിന്റെ സാമീപ്യം സിദ്ധിക്കാൻ നോമ്പിനോട് കിടപിടിക്കുന്ന മറ്റൊന്നില്ലെന്ന് പരിശുദ്ധ ഖുർആൻ നമ്മെ അറിയിക്കുന്നു. നോമ്പുകാലം ക്ഷമയുടെയും സഹിഷ്ണുതയുടെയും ദിനങ്ങളാണ്. ഇസ്ലാം അഞ്ച് കാര്യങ്ങളിലാണ് പടുത്തുയർത്തിയിരിക്കുന്നത്. രണ്ട് സാക്ഷ്യവാക്യങ്ങൾ, നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ് എന്നിവയാണവ.
കഴിഞ്ഞ 22 വർഷം അറേബ്യൻ നാട്ടിലെ പ്രവാസജീവിതത്തിൽ നോമ്പ്കാലത്തെ ജീവിതക്രമത്തിലൂടെയാണ് കടന്നുപോയിട്ടുള്ളത്. കഴിഞ്ഞ 15 വർഷമായി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ മണലാരണ്യത്തിലെ ചുട്ടുപഴുത്ത മണൽത്തരികൾക്കൊപ്പമുള്ള കാറ്റേറ്റ് വാടുന്ന തൊഴിലാളികളുടെ നോമ്പുകാലമാണ് മനസ്സുനിറയെ.
തുറന്നിട്ട ആകാശത്തിനു കീഴെ നാൽപതും അൻപതും ഡിഗ്രി ചൂടിൽ ഖുർആൻ മന്ത്രവുമായി നോമ്പുകാലത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന തൊഴിലാളി സഹോദരങ്ങളെ കാണുന്നുണ്ട്. മഗ്രിബ് ബാങ്കുവിളിക്കായി ഏതെങ്കിലും പള്ളിയുടെ മുന്നിൽ ക്യൂ നിന്നിട്ടുവേണം നോമ്പുതുറക്കാനുള്ള ഭക്ഷണം അവർക്ക് ഒരുക്കാൻ. റംസാൻ വ്രതമാരംഭിക്കുമ്പോൾ മുസ്ലിം സഹോദരങ്ങൾക്കൊപ്പം ഞാനും ചില ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് വരാറുണ്ട്.
സുഹൃത്തുക്കൾക്കൊപ്പം വൈകുന്നേരം പള്ളിയിൽ പോയി നോമ്പ് തുറക്കുന്ന അനുഭവം മനസ്സിന് ഏറെ സന്തോഷം നൽകുന്നതാണ്. പ്രാർഥനാ നിരതമായ സമയമാണത്. ദുബായിൽ ബാച്ചിലർ ജീവിതം ആരംഭിക്കുന്നത് മുതലാണ് നോമ്പ് അനുഷ്ഠാനത്തെക്കുറിച്ച് മനസ്സിലാക്കുന്നതും അതിനോട് പൊരുത്തപ്പെടുന്നതും. കൂടെ താമസിക്കുന്ന മുസ്ലിം സഹോദരങ്ങൾ നോമ്പെടുക്കുമ്പോൾ സ്വാഭാവികമായും ഞാനും അതിന്റെ ഭാഗമാകാറുണ്ട്.

താമസം ഷാർജ എമിറേറ്റിൽ ആയതിൽ പിന്നെ സുഹൃത്തുക്കളായ എഴുത്തുകാർ വെള്ളിയോടനും സലിം അയ്യനത്തിനുമൊപ്പം നോമ്പ് തുറക്കാൻ വിവിധ പള്ളികളിൽ പോയിരുന്നത് വേറിട്ട അനുഭവമാണ്. നോമ്പിന് ഒരു ക്രമമുണ്ട്. അത്താഴവും ഇഫ്താറും നോമ്പിന്റെ തുടക്കവും ഒടുക്കവുമാണ്. അവസാനിപ്പിച്ച് വീണ്ടും ആരംഭിക്കുന്ന രീതിയിലല്ലാതെ നോമ്പെടുക്കരുതെന്ന് പ്രവാചകൻ പഠിപ്പിക്കുന്നുണ്ട്. നോമ്പിൽ സന്യാസത്തിന്റെ ഘടകമുണ്ട്. അതൊരു സമ്പൂർണ്ണ സന്യാസത്തിലേക്ക് ബാലൻസ് തെറ്റി വീഴാതിരിക്കാനുള്ള നോമ്പിന്റെ ആന്തരിക സംവിധാനമാണ് അത്താഴവും നോമ്പ് മുറിക്കുന്നതിലെ ധൃതിപുണ്യവും.
ജോലിക്ക് പോകേണ്ടതുകൊണ്ട് എളുപ്പം ഉണ്ടാക്കാനാകുന്ന ഭക്ഷണങ്ങൾ പുലർച്ചെ കഞ്ഞിയോ ആവിയിൽ ചുട്ടെടുക്കുന്ന പലഹാരങ്ങളോ കഴിക്കും. ഉറങ്ങാൻ വൈകുന്ന ദിവസങ്ങളിൽ അത്താഴം ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. ആദ്യ നോമ്പ് ഒരു അനുഭവം തന്നെയാണ്. തലവേദനയാണ് പ്രധാന ബുദ്ധിമുട്ട്. വെള്ളം കുടിക്കാനുള്ള ആസക്തിയാണ് മറ്റൊരു പ്രശ്നം. മനസ്സും ശരീരവും ശുദ്ധമാക്കുന്നൊരു പ്രക്രിയയായാണ് അനുഭവപ്പെടുന്നത്.
ജോലിസമയം ആയതുകൊണ്ട് നോമ്പുകാലം അതിനോട് പൊരുത്തപ്പെട്ടു പോകും. മൂന്ന് മണിയോടെ ജോലി അവസാനിപ്പിച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ക്ഷീണം മൂലം ഒന്ന് രണ്ട് മണിക്കൂർ ഉറങ്ങി പോകും. കാരക്കയിൽ തുടങ്ങി പഴവർഗ്ഗങ്ങൾ ധാരാളം നോമ്പ് തുറക്കാനുണ്ടാകും. കൂടെ കുറച്ച് പലഹാരങ്ങളും കടകളിൽ നിന്ന് എത്തിക്കും. പള്ളിയിൽ പോകുന്ന ദിവസങ്ങളിൽ നോമ്പ് തുറന്ന് കഴിഞ്ഞ് അവിടെനിന്ന് ബിരിയാണിയും ലഭിക്കും.
നോമ്പ് തുറന്ന് കഴിഞ്ഞാൽ അതുവരെ ഉണ്ടായിരുന്ന ക്ഷീണം മാറിക്കിട്ടും. ആദ്യ ദിനങ്ങളിലെ ബുദ്ധിമുട്ട് പിന്നീടങ്ങോട്ട് ഇല്ലാതാകും. കൂട്ടത്തോടെ നോമ്പ് തുറക്കുമ്പോൾ കിട്ടുന്ന ഉന്മേഷം വേറെ തന്നെയാണ്. മനസ്സിൽ ദുഷ്ചിന്തകളോ, ദേഷ്യമോ, പകയോ കൊണ്ടുനടക്കാതെ ശുദ്ധമാക്കുന്ന ദിനങ്ങളാണ് നോമ്പുകാലം. മനുഷ്യൻ ശുദ്ധീകരിക്കപ്പെടാൻ നോമ്പെടുക്കുന്നത് അനിവാര്യമാണ്. അതുകൊണ്ടാണ് ഏഴ് വയസ്സ് മുതൽ സ്ത്രീയും പുരുഷനും നോമ്പിന്റെ പരിശുദ്ധിയിലേക്ക് ആഴ്ന്നിറങ്ങുന്നത്.