2025ലെ ആരോഗ്യ പരിചരണ വിപണി; ഈ മാറ്റങ്ങൾ ട്രെൻഡ് ആകും!
Mail This Article
മനുഷ്യന്റെ പരിണമിക്കുന്ന ജീവിതശൈലി ക്രമങ്ങള്‍ക്ക് അനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ക്കാണ് 2025ല്‍ ആരോഗ്യപരിചരണ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചികിത്സയില്‍ മാത്രം ഊന്നിയിരുന്ന മനോഭാവത്തില്‍ നിന്ന് രോഗനിയന്ത്രണത്തില്‍ കൂടി ശ്രദ്ധിക്കുന്ന മനോഭാവം വിപണിയെ വരും വര്‍ഷം രൂപപ്പെടുത്തുമെന്ന് ഉറപ്പ്.
ഇപ്പോള്‍ തന്നെ ശരീരത്തില്‍ അണിയുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഹെല്‍ത്ത് മോണിറ്ററുകള്‍ക്കും ഫിറ്റ്നസ് ആപ്ലിക്കേഷനുകള്‍ക്കും വെല്‍നസ് പ്രോഗ്രാമുകള്‍ക്കും ആവശ്യകതയേറി വരികയാണ്. വൈദ്യശാസ്ത്ര സാങ്കേതിക വിദ്യയിലുണ്ടാകുന്ന പുരോഗതിക്കൊപ്പം ഈ മാറ്റങ്ങള്‍ കൂടുതല്‍ ഉപഭോക്തൃാധിഷ്ഠിതവും വ്യക്തിഗതവുമായ ആരോഗ്യപരിചരണ സമീപനത്തിലേക്കാണ് നയിക്കാന്‍ പോകുന്നതെന്ന് സേഹത് യുപി സിഇഒയും സ്ഥാപകനുമായ കരണ്‍ ഭാര്‍ഗവ ദ വീക്കില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
2025ലെ ആരോഗ്യപരിചരണ ട്രെന്‍ഡുകളെ കുറിച്ച് ലേഖനത്തില്‍ കരണ്‍ നടത്തുന്ന മറ്റ് പ്രവചനങ്ങള്‍ ഇനി പറയുന്നവയാണ്.
ക്ഷേമത്തിലും രോഗനിയന്ത്രണത്തിലും ഊന്നല്‍
പുതിയ തലമുറ കൂടുതല്‍ രോഗനിയന്ത്രണ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായാണ് വിപണിയിലെ ഉത്പന്നങ്ങളുടെ വില്പനയില് ദൃശ്യമാകുന്ന ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. നടത്തത്തിന്റെ സ്റ്റെപ്പും ശ്വാസോച്ഛാസവും ഹൃദയമിടിപ്പും 24 മണിക്കൂറും രേഖപ്പെടുത്തുന്ന ഉപകരണങ്ങള്‍ സര്‍വസാധാരണമായതിന് കാരണവും ഇതാണ്. ഇവയ്ക്കൊപ്പം ജീവിതനിലവാരവും ക്ഷേമവും വര്‍ധിപ്പിക്കുന്ന സപ്ലിമെന്റുകള്ക്കുള്ള ആവശ്യകതയും വര്‍ധിച്ചു വരുന്നുണ്ട്.
ആപ്ലിക്കേഷനുകള്‍, ടെലിഹെല്‍ത്ത്
എന്തിനും ഏതിനും മനുഷ്യനെ സഹായിക്കുന്ന ആരോഗ്യപരിചരണ ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. ഡോക്ടറെ കാണാന്‍ ടെലിഹെല്‍ത്ത് പോലുള്ള സേവനങ്ങളുണ്ട്. കോവിഡിന് ശേഷം വിദൂരത്തിരുന്നുള്ള ആരോഗ്യപരിചരണം പലര്‍ക്കും ശീലവുമായി. കുറഞ്ഞ ചെലവില്‍ വൈദ്യപരിശോധന ഉറപ്പാക്കുന്ന ടെലിഹെല്‍ത്ത് സേവന വ്യവസായം ഈ വര്‍ഷവും ഗണ്യമായ വളര്‍ച്ച നേടുമെന്ന് കരുതപ്പെടുന്നു.
മാനസികാരോഗ്യത്തിനും ഊന്നല്‍
മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെ പറ്റി കൂടുതല്‍ അവബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമിക പരിചരണത്തിലും ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമുകളിലും ഇടം പിടിക്കാന്‍ കാരണമായി. സമഗ്രമായ മാനസികാരോഗ്യ പിന്തുണ കൂടി നല്കുന്ന തരത്തില്‍ ആരോഗ്യപരിചരണ സേവനങ്ങള്‍ ഈ വര്‍ഷം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി കരണ്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്തിഗതാവശ്യങ്ങള്ക്കനുസരിച്ച് രൂപപ്പെടുത്താം
ഓരോ രോഗിയുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്ന പേര്‍സണലൈസ്ഡ് മെഡിസിന്റെയും വ്യക്തിഗത ക്ഷേമ പരിപാടികളുടെയും രോഗീകേന്ദ്രീകൃത പരിചരണ മോഡലുകളുടെയും കാലമാണ് ഇനി വരാന്‍ പോകുന്നത്. ഒരു തുണി വാങ്ങുമ്പോഴോ, ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴോ ഉപഭോക്താവ് നല്കുന്ന റേറ്റിങ് പ്രധാനമാണെന്നത് പോലെ ഇനി രോഗികളുടെ സംതൃപ്തിയും അവരുടെ റേറ്റിങ്ങുമൊക്കെ ആരോഗ്യപരിചരണ ദാതാക്കളുടെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന കാലം വരാം.
ഉപഭോഗത്തിലും ആരോഗ്യചിന്ത
മഹാമാരിക്ക് ശേഷം ഉപഭോക്താക്കള്‍ ഒരു ഉത്പന്നം തിരഞ്ഞെടുക്കുമ്പോള്‍ കൂടി അത് ദീര്‍ഘകാല ആരോഗ്യഗുണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് കൂടി ആലോചിക്കാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആരോഗ്യചിന്ത ഉപഭോഗ തീരുമാനങ്ങളെ വലിയ തോതില്‍ ഇന്ന് സ്വാധീനിക്കുന്നുണ്ട്. വരും വര്‍ഷത്തില്‍ ഇത് കൂടുതല്‍ ആഴത്തില്‍ പ്രകടമായെന്ന് വരാം.
പ്രായാധിക്യവും നിരന്തരമായ രോഗ നിവാരണവും
ആഗോള ജനസംഖ്യയ്ക്ക് ഇന്ന് പ്രായമേറി വരികയാണ്. പ്രായാധിക്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും നിരന്തര രോഗങ്ങള്‍ക്കുമുള്ള പ്രതിവിധികളും അതിനാല്‍ തന്നെ നിര്‍ണ്ണായകമാണ്. മെച്ചപ്പെട്ട ആഹാരം, വര്‍ധിച്ച ശാരീരിക പ്രവര്‍ത്തനങ്ങള്‍ പോലുള്ള ജീവിതശൈലീ മാറ്റങ്ങള്‍ ഈയവസ്ഥകളെ നേരിടാന്‍ ആവശ്യമാണ്. പ്രായമായവരുടെ സങ്കീര്‍ണ്ണമായ ആവശ്യങ്ങളെ പരിഹരിക്കുന്ന സംയോജിത പരിചരണ മോഡലുകള്‍ ഇതിനാല്‍ തന്നെ ഈ വര്‍ഷത്തില്‍ കൂടുതല്‍ ജനപ്രിയമാകും. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നവരുടെ പലവിധത്തിലുള്ള ആയാസങ്ങളെ ലഘൂകരിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കാനും സാധ്യതയുണ്ട്.
ആരോഗ്യപരിചരണത്തില്‍ എഐ
രോഗനിര്‍ണ്ണയത്തിലെ കൃത്യത വര്‍ധിപ്പിച്ചും വ്യക്തിഗത ചികിത്സാ പ്ലാനുകള്‍ നിര്‍ദ്ദേശിച്ചും അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകള്‍ സുഗമമാക്കിയും നിര്‍മ്മിത ബുദ്ധി ആരോഗ്യപരിചരണ മേഖലയില്‍ വലിയ വിപ്ലവത്തിനാണ് ചുക്കാന്‍ പിടിക്കുന്നത്. ഇത് കൂടുതല്‍ വ്യാപകമാകുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള കൂടുതല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കും.
മൂല്യാധിഷ്ഠിത പരിചരണം
എത്രയധികം സേവനങ്ങള്‍ നല്കുന്നു എന്നതിലല്ല മറിച്ച് രോഗികള്‍ക്ക് എത്ര ഫലം ഉളവാക്കുന്നു എന്ന തരത്തില്‍ മൂല്യാധിഷ്ഠിത ആരോഗ്യപരിചരണവും 20205ല്‍ ട്രെന്ഡിയാകുമെന്ന് ഉറപ്പ്.
ആരോഗ്യപോളിസികള്‍
ആരോഗ്യപരിചരണത്തിലെ സാങ്കേതിക വിദ്യയുടെ സംയോജനത്തെ പിന്തുണച്ച് കൊണ്ടും വര്‍ധിക്കുന്ന ചികിത്സ ചെലവുകളുടെ ഭാഗം രോഗിയുടെ തലയില്‍ വീഴാതെ രക്ഷിച്ചു കൊണ്ടും ആരോഗ്യപോളിസികളും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ പറ്റി ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യലഭ്യതയെ സ്വാധീനിക്കും സാമ്പത്തിക ഘടകങ്ങള്‍
വര്‍ധിക്കുന്ന ആരോഗ്യചെലവുകളും വിലക്കയറ്റവും പോലുള്ള സാമ്പത്തിക ഘടകങ്ങള്‍ ആരോഗ്യപരിചരണ മേഖലയുമായി ബന്ധപ്പെട്ട ഉപഭോക്തൃ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് കാണാം. നിലവാരമുള്ള ആരോഗ്യപരിചരണം ഉറപ്പാക്കാനുള്ള നയതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയാണ് തൊഴില്‍ദാതാക്കളും നയരൂപീകരണം നടത്തുന്നവരും. വലിയ സാമ്പത്തിക ചെലവുണ്ടാക്കുന്ന ചികിത്സകളേക്കാള്‍ രോഗനിയന്ത്രണമാണ് ഫലപ്രമെന്ന തിരിച്ചറിവും സമൂഹത്തില്‍ പരക്കെ ഉണ്ടായിട്ടുണ്ട്.