ADVERTISEMENT

പ്രണയത്തിന് മഴയുടെ താളമാണെന്നു തൂവാനത്തുമ്പികൾ പഠിപ്പിച്ചത് തലമുറകളെയാണ്. ആ സിനിമയിറങ്ങിയ കാലത്ത് ജനിച്ചിട്ടുപോലുമില്ലാതിരുന്നവർ പിൽക്കാലത്ത് അതിനെ പ്രണയത്തിന്റെ കൾട്ട് സിനിമയായി വാഴ്ത്തി. ആ സിനിമ പകർന്ന വൈകാരികാനുഭവത്തെ ക്ലാരയെന്നു വിളിച്ച് അവർ ഏതൊക്കെയോ മഴകൾ നനഞ്ഞു. 

 

ഓരോ ജനുവരി ഇരുപത്തിനാലിലും, മറവിയുടെ സംവത്സരങ്ങളെ പിന്നിലാക്കി ഓർമ പറയും പത്മരാജൻ ഇപ്പോഴും ഇവിടെയുണ്ടെന്ന്. പാലകൾ പൂത്തുപടർന്ന ഒരു നാട്ടുപാതയോരത്തോ തോരാമഴ കണ്ട് ഏതോ ജനാലയ്ക്കു പിന്നിലോ നിന്ന് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്ന്. 

thoovanathumbikal-77-gif
തൂവാനത്തുമ്പികളിലെ ഒരു രംഗം

 

പത്മരാജന്റെ കഥകളും നോവലുകളും സിനിമകളും മലയാളിയുടെ ജീവിതത്തിലൂടെ ഇന്നും നിത്യേനയെന്നവണ്ണം കടന്നുപോകുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ പത്മരാജൻ കഥകളുടെയും കഥാപാത്രങ്ങളുടെയും നിഴൽ പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ആവർത്തന വിരസത ഒട്ടുമേയില്ലാതെ മലയാളികൾ അതു കണ്ടിരിക്കുന്നു. 

film-beatiful-22-gif
ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ഒരു രംഗം

 

പത്മരാജൻ കഥകൾ അല്ലെങ്കിൽ കഥാപാത്രങ്ങൾ പരാമർശിക്കപ്പെട്ട ചില ചിത്രങ്ങളിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ ആദ്യം മനസ്സിലെത്തുക 2005ൽ പുറത്തിറങ്ങിയ ‘തന്മാത്ര’യാണ്. പത്മരാജൻറെ ഓർമ എന്ന ചെറുകഥയെ ആധാരമാക്കിയാണ്, അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ ബ്ലെസി ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു അൽഷിമേഴ്സ് രോഗിയുടെ ജീവിതമായിരുന്നു ഇതിവൃത്തം.

 

അനൂപ് മേനോൻ — ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന ‘ബ്യൂട്ടിഫുൾ’ എന്ന ത്രികോണ പ്രണയകഥയിൽ നായികയുടെ കടന്നുവരവ് തൂവാനത്തുമ്പികൾ എന്ന പത്മരാജൻ ചിത്രം നായകനും കൂട്ടുകാരനും ചേർന്നു കാണുന്നതിന്റെ പശ്ചാത്തലത്തിലാണ്. ഒരു മഴ നനഞ്ഞാണ് അവൾ അവരുടെ വീട്ടിലേക്കു വന്നുകയറുന്നത്. 

 

2013ൽ പുറത്തിറങ്ങിയ ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന അനീഷ് അൻവർ ചിത്രത്തിലും ഒരു പത്മരാജൻ കഥയുടെ സാന്നിധ്യമുണ്ടായിരുന്നു. സക്കറിയ എന്ന ഗൈനക്കോളജിസ്റ്റിൻറെ മുന്നിലെത്തിയ കൗമാരക്കാരിയും അവിവാഹിതയുമായ ഗർഭിണി, തൻറെ കുഞ്ഞിന്റെ അച്ഛനാരാണെന്ന് പറയാതെ പറയുന്ന ഒരു രംഗം ഈ ചിത്രത്തിലുണ്ട്. വളരെ നാടകീയമാണ് ആ രംഗം. കുഞ്ഞുങ്ങളില്ലാത്ത ഡോക്ടർക്കും ഭാര്യയ്ക്കും തൻറെ കുഞ്ഞിനെ നൽകി ഉപരി പഠനത്തിനായി നാടുവിട്ടു പോകുംമുമ്പ് അവൾ ഒരു സമ്മാനം ഡോക്ടർക്കു നൽകി; പത്മരാജൻറെ ഒരു കഥാസമാഹാരം. അതിൽ മൂവന്തി എന്ന കഥ പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. മകളെ അച്ഛൻ ബലാൽസംഗം ചെയ്തതിനെപ്പറ്റിയുള്ളതായിരുന്നു ആ കഥ.

 

2008 ൽ അനൂപ് മേനോന്റെ തിരക്കഥയിൽ രാജീവ്നാഥ് സംവിധാനം ചെയ്ത ‘പകൽനക്ഷത്രങ്ങൾ’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിലും പത്മരാജന്റെ നിഴലുകളുണ്ട്. സിദ്ധാർഥൻ എന്ന സംവിധായകനെ അവതരിപ്പിച്ചത് മോഹൻലാലായിരുന്നു.

 

ഒളിഞ്ഞും തെളിഞ്ഞും പത്മരാജൻ കഥകളും കഥാപാത്രങ്ങളും ഇന്നും വെള്ളിത്തിരയിൽ നിറയുമ്പോൾ ജനുവരി വരുത്തിയ ആ മഹാനഷ്ടത്തെക്കുറിച്ച് എങ്ങനെ ഓർക്കാതിരിക്കാനാവും മലയാളികൾക്ക്? 

പ്രണയവും പ്രതികാരവും രതിയും മൃത്യുഭീതിയുമെല്ലാം ഇഴപിരിഞ്ഞ മനുഷ്യമനസ്സിൻറെ സങ്കീർണ്ണതകളെ എഴുത്തിലും സിനിമയിലും വരച്ചിട്ട ആ പ്രതിഭയ്ക്ക് ഓർമകൾ കൊണ്ടൊരു ബാഷ്പാഞ്ജലി.

 

English Summary: When Remembering Padmarajan And Thoovanathumbikal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com