ഓടയിൽ നിന്ന്: ജീവിച്ചിരിക്കുന്നവരൊക്കെ മനുഷ്യരാണെന്നു തെളിയിച്ചു കൊണ്ടേയിരിക്കണം!
Mail This Article
ക്ഷയരോഗിയായിരുന്നു ‘ഓടയിൽ നിന്ന്’ നോവലിലെ പപ്പു. രോഗവും രോഗഭീതിയും ലോകത്തെ ഒന്നിച്ച് ആതുരമാക്കിയിരിക്കുന്ന ഇക്കാലത്ത്, ഈ കഥാപാത്രത്തിന്റെ ഉള്ളറയിലൂടെ കയറിയിറങ്ങുന്നത് മനുഷ്യകുലത്തിലൂടെയുള്ള കടന്നു പോക്കായിരിക്കും. (മനുഷ്യനെ മാത്രമല്ല, സാഹിത്യകഥാപാത്രങ്ങളെയും തന്റെ മാനസിക വിശകലത്തിന് വിഷയമാക്കുന്ന ഒരു ശീലം മനഃശാസ്ത്രത്തിന്റെ കുലപതി സിഗ്‌മണ്ട് ഫ്രോയ്ഡിന് ഉണ്ടായിരുന്നത് ഓർമിക്കാം.)
കോവിഡ് എന്ന പേടിക്കു കീഴിൽ നിന്ന് ആലോചിക്കുമ്പോൾ ഒരു കാര്യം തെളിഞ്ഞു വരും- ഓരോ കാലത്തിന്റെയും എഴുത്തിനെ ബലപ്പെടുത്തിയിരുന്നത് ഓരോരോ രോഗങ്ങളായിരുന്നു. ഓരോ സാഹിത്യകാലത്തിനും ഓരോ രോഗങ്ങളുണ്ടായിരുന്നു. റിയലിസ്റ്റിക് കാലത്തിന് അത് ക്ഷയമായിരുന്നു. പിന്നീട് ആധുനികതയിൽ അത് വസൂരിയായി (കാക്കനാടൻ, ഒ.വി. വിജയൻ ഓർക്കുക). ആധുനികാനന്തര കാലത്ത് അത് പ്രണയത്തെയും ശരീരത്തെയും കാർന്നു കീഴടങ്ങുന്ന എച്ച്ഐവി ആയിരുന്നു. ഒന്നുമല്ലാത്ത ഈ കാലത്ത് ഇപ്പോൾ കോവിഡ്.
പി.കേശവദേവ് പപ്പുവിനെ കണ്ടെത്തുന്നത് കൊല്ലത്തുനിന്ന് അറിഞ്ഞ ഒരു യഥാതഥ സന്ദർഭത്തിൽ നിന്നാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ കാലത്തിന്റെ പ്രത്യേകത കാലത്തെ അതേപോലെ വരച്ചിടുക എന്നതായിരുന്നു. അങ്ങനെ പപ്പു അടിമുടി യഥാതഥമായ ഒരു മനുഷ്യനായി നോവലിലേക്കിറങ്ങി. ഇന്നായിരുന്നെങ്കിൽ ഒരു പക്ഷേ അയാളുടെ വേഷവിധാനങ്ങളും മനോസഞ്ചാരങ്ങളും പല ക്രാഫ്റ്റുകൾക്കു വിധേയമായിപ്പോയേനെ. റിയലിസത്തിന്റെ ഉൽപന്നമായ പപ്പു എക്കാലത്തിന്റെയും മാതൃകയാകുന്ന അദ്ഭുതമാണ് നോവലിൽ നമ്മൾ കാണുക.
റിക്ഷക്കാരനായ പപ്പു തന്റെ റിക്ഷ തട്ടി വീഴുന്ന ഒരു പെൺകുട്ടിയെ പിടിച്ചെണീൽപ്പിക്കുന്നു. കൈപിടിച്ചുയർത്തിയശേഷമാണ് അയാൾ അറിയുന്നത് അവൾ അനാഥയാണെന്ന്. അയാൾ അവളെ സ്വന്തം കുഞ്ഞായി സ്വന്തം വീട്ടിലേക്കു കൊണ്ടു പോകുന്നു. റിക്ഷ വലിച്ച് വലിച്ച് അയാൾ കുട്ടിയെ വളർത്തി വലിയവളാക്കുന്നു. ഈ യാത്രയിലെല്ലാം അയാൾ തന്നെ സ്വയം അവഗണിക്കുന്നു. പരിഷ്കരണത്തിലേക്ക് വളർന്ന അവളെ വിവാഹം കഴിപ്പിക്കുന്നു.
വിവാഹം പുതിയ ഗൃഹപ്രവേശമാണ്. അവിടെ പലതിന്റെയും നിറങ്ങൾ മാറുന്നു. പുതിയ പശ്ചാത്തലത്തിന്റെ വെട്ടത്തിൽ അവൾക്ക് അയാളുടെ സാന്നിധ്യം അസ്വസ്ഥതയുളവാക്കുകയാണ്. അയാളുടെ സാമീപ്യം, തൊഴിൽ, നിറം, മണം എല്ലാം. പുതുജീവിതം പഴയകാലത്തിന്റെ നിലകളെ നിഷേധിക്കും. പപ്പു ചുമയ്ക്കുന്നത് മകൾക്ക് വിരക്തിയാകുന്നു. അയാളോ, ക്ഷയം നെഞ്ചിൻകൂടിൽ ഒളിപ്പിച്ചു കൊണ്ടാണ് തന്റെ ലക്ഷ്യത്തിലേക്ക് ഇത്രയും നാൾ ഇടറി നീങ്ങിയത്. ഒരു ലക്ഷ്യം സാധിച്ചു കഴിഞ്ഞാൽ അത്രയും നാൾ ഒളിഞ്ഞിരുന്ന രോഗം ശരീരത്തെ പൊളിച്ചു പുറത്തു ചാടും. പപ്പു ക്ഷയരോഗിയാകുന്നു. പിന്നെ, അസ്വസ്ഥകരമായ തന്റെ സാന്നിധ്യം ഒഴിവാക്കിക്കൊടുത്ത് അയാൾ വീടുവിട്ട് ഇറങ്ങുന്നു.
വീട് വിട്ട് ഇറങ്ങിപ്പോകുന്നവർ ലോക കഥയുടെ ഉന്നതമായ ഒരു വിഷയമാണ് എല്ലാക്കാലത്തും. പല രീതിയിൽ വീടൊഴിഞ്ഞ് പോകുന്നവർ. ഇവിടെ മകളുടെ നിരാസം അനുഭവിച്ചാണ് പപ്പു ഇറങ്ങുന്നത്. അതേസമയം, അത് സ്വയം നിരാസത്തിന് വിധേയനായ ഒരു ജേതാവായിട്ടാണ്.
ഒരേ കാലത്തു തന്നെ പല മട്ടിൽ രോഗത്താൽ നിഷ്കാസിതരായവരെ കഥയിൽ നമ്മൾ കാണുന്നുണ്ട്. ഇക്കഥയുടെ നേരെ വിപരീതമായ പരിസരമാണ് കോവിലന്റെ ‘ചെത്തിപ്പൂക്കൾ’ എന്ന കൃതിയിൽ. അവിടെ നാട്ടിലെ ആദ്യ കാമുകിയെ സ്വീകരിക്കാൻ കഴിയാതെ പിന്നീട് നഗരത്തിൽ എത്തി കുടുംബജീവിതം നയിക്കുന്ന പരിഷ്കൃതനായ ഭർത്താവാണ് നായകൻ. ഒടുവിൽ ക്ഷയത്തിന്റെ പിടിയിലായ അയാൾ നാട്ടിൽ എത്തുന്നു. കാമുകിയെ കാണുന്നു. പെട്ടെന്നു ചുമച്ച് രക്തം തുപ്പുന്നു അയാൾ. അയാൾക്ക് അരികിലേക്ക് ചേർന്നു നിന്നുകൊണ്ട് കാമുകി ആ ചോരയെ ‘ചെത്തിപ്പൂക്കൾ’ എന്നാണ് വിളിക്കുന്നത്. ഭാര്യയ്ക്കാകട്ടെ, അത് രോഗത്തിന്റെ വിസർജ്യവും.
ഒരേകാലത്തു തന്നെ ഈ വ്യത്യാസങ്ങൾ കഥയിൽ അവതരിച്ചിരുന്നു. എങ്കിലും കാലം മാറുമ്പോൾ കാഴ്ച അപ്പാടെ മാറുന്നു. പപ്പുവിന്റെ കാലത്ത് ഓടയിൽ വീണ പെൺകുട്ടിയെ എഴുന്നേൽപ്പിക്കുന്നത് മനുഷ്യത്വത്തിന്റെ സാധാരണ ജോലിയാണ്. ഇക്കാലത്തോ, അതൊരു കൗതുക വാർത്തയും. അന്ന് അനാഥത്വം എന്ന വാക്കിന് ഇപ്പോഴത്തേതു പോലുള്ള അർഥമില്ല. അനാഥാലയങ്ങൾ എന്ന വാക്ക് ഇന്നത്തെപ്പോലെ വ്യവസ്ഥാപിതമായിരുന്നില്ല.
കാരുണ്യം നഷ്ടമായ കാലത്തു നിന്നുകൊണ്ട് പപ്പുവിന്റെ കഥ വായിക്കുമ്പോൾ വായനക്കാരൻ ഒരു തിരുത്തിന് വിധേയമാകുകയാണ്. വീണു പോയ ഒരാൾ ചോര വാർന്നു മരിക്കുക എന്നതാണ് ഇന്നിന്റെ റിയാലിറ്റി. മനുഷ്യത്വം എന്ന പദത്തിലൂന്നിയുള്ള റിയലിസത്തിലാണ് പപ്പുവിന്റെ ചുവടുവയ്പുകൾ. ‘മനുഷ്യൻ എത്ര സുന്ദരമായ പദം’ എന്ന പ്രത്യയശാസ്ത്രത്തിൽ ഊന്നിയാണ് റിയലിസ്റ്റ് കഥകൾ ഉയിരുകൊണ്ടത്. ജീവിച്ചിരിക്കുന്നവരൊക്കെ മനുഷ്യരാണെന്നു തെളിയിച്ചു കൊണ്ടേയിരിക്കണം! ആ പതാകയാണ് പപ്പു എന്ന കഥാപാത്രം പിടിക്കുന്നത്; അതും പിടിച്ചുകൊണ്ട് നോവലിനു പുറത്തേക്കു നടക്കുന്നത്. അന്നത്തെ മനുഷ്യർ പപ്പുവിനെ ചൂണ്ടി അയാൾ ഒരു നല്ല മനുഷ്യനായിരുന്നു എന്നു പറയും. ഇന്നാവട്ടെ, അയാൾ ഒരു മണ്ടനായിരുന്നല്ലോ എന്ന് ഒരു പക്ഷേ ചിന്തിക്കും. കാരണം, മനുഷ്യത്വത്തിന്റെ സാന്ദ്രതയ്ക്കു സംഭവിച്ച ലഘൂകരണമാണ്.
പപ്പു അടിത്തട്ടിലുള്ള ഒരു തൊഴിലാളിയായിരുന്നു. നിരുപാധികമായ കാരുണ്യ പ്രകടനത്തിന്റെ ഉദാത്തകഥയായി പപ്പുവിന്റെ കഥ ഉയരുന്നു. എക്കാലത്തിന്റെയും കഥയാകുന്നു ‘ഓടയിൽ നിന്ന്’. കാരണം അനാഥത്വം അവസാനിക്കുന്നില്ല, ചേരികൾ ഇല്ലാതാകുന്നില്ല, പലായനങ്ങൾ ഒടുങ്ങുന്നില്ല. രോഗഭീതിയിൽ നാം ഇന്നു കാണുന്ന കൂട്ടപ്പലായനങ്ങൾ മനുഷ്യത്വത്തിനു നേർക്കുള്ള ചോദ്യങ്ങളായി നിൽക്കുന്നു.
കാലം മാറുമ്പോൾ മനസ്സുകളുടെ ഓരോരോ ജനാലകൾ അടയുന്നുണ്ടാകും. എന്നാൽ, കരുണ എന്ന സത്യത്തിനു നേരെ അത് അന്വേഷണത്തിന്റെ ഒരു വാതിൽ തുറന്നിട്ടിരിക്കും. അതിന്റെ ഉദാത്ത പ്രതീകം : ഓടയിൽ നിന്ന്.
English Summary: A retrospective of P Kesavadev's novel 'Odayil Ninnu' in the time of COVID-19