ADVERTISEMENT

The aim of art is not to represent the outward appearance of things but their inward significance - Aristotle

 

ഒരു നോവലിന് ചിത്രം വരയ്ക്കുമ്പോള്‍ ഓരോ അധ്യായത്തിലെയും ഏതെങ്കിലും സവിശേഷനിമിഷത്തെ, അല്ലെങ്കില്‍ സംഭവത്തെ ആവിഷ്കരിക്കുകയാണോ വേണ്ടത്. അതോ, ആ അധ്യായത്തെ സമഗ്രമായി ഒരൊറ്റ ചിത്രത്തിലേയ്ക്ക് സന്നിവേശിപ്പിക്കുകയാണോ ചെയ്യേണ്ടത്. ഇതിലേതു ചെയ്താലും നോവലിനോട് ചേര്‍ന്നും വികര്‍ഷിച്ചും നില്‍ക്കുന്ന ഒരു തനിമ ചിത്രങ്ങള്‍ക്കുണ്ടാവേണ്ടതല്ലേ... ഈ മൂന്നു ചോദ്യങ്ങളെക്കുറിച്ചും ഞാനെന്‍റെ ചിത്രജീവിതത്തിന്‍റെ തുടക്കം മുതലേ ആലോചിച്ചിട്ടുണ്ടെങ്കിലും സവിശേഷമായി അതേക്കുറിച്ച് ധാരാളം ആലോചിക്കുകയും നിരന്തരം വരയ്ക്കുകയും ചെയ്ത ദിവസങ്ങളായിരുന്നു രണ്ടായിരത്തി ഇരുപത്തിരണ്ടിലെ പുതുവത്സരദിനം മുതല്‍ മാര്‍ച്ചുവരെയുള്ള നാളുകള്‍.

soman-katalur-illustration-2

 

പുതുവത്സരപ്പിറ്റേന്നാണ് കൊൽക്കത്തയിൽ നിന്ന് എനിക്ക് ആ ഫോൺ വന്നത്. ചലച്ചിത്രകാരനും ദേശീയ ചലച്ചിത്രപുരസ്കാര ജേതാവും എഴുത്തുകാരനുമൊക്കെയായ ജോഷി ജോസഫാണ് വിളിച്ചത്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും പരസ്പരം അതുവരെ മിണ്ടിയിട്ടില്ലെങ്കിലും പല നിലയിൽ മുമ്പേ പരിചിതന്‍. അദ്ദേഹം എഴുതിയ ‘മഹാശ്വേതാദേവിയോടൊപ്പം’, ‘കൊൽക്കത്ത കോക്ക്ടെയ്ൽ’ എന്നീ പുസ്തകങ്ങൾ മനസ്സിൽ മിന്നി. കവി എം.എസ്. ബനേഷ് കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ രചിച്ച ആദ്യ നോവലിന് ചിത്രം വരയ്ക്കാമോ എന്ന ചോദ്യം വിസ്മയിപ്പിച്ചു.

 

എഴുത്തായാലും ചിത്രമെഴുത്തായാലും ചെറിയ ചില സംരംഭങ്ങളുമായി മുന്നോട്ട് പോകുന്ന എനിക്ക് അപ്രതീക്ഷിതമായ ആ ആവശ്യത്തിന്മേല്‍ പകച്ചുനില്‍ക്കേണ്ടിവന്നു. സോമന്‍ തന്നെ വരയ്ക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്ന ഹൃദയപൂർവ്വമുള്ള പറച്ചിൽ കേട്ടപ്പോൾ സത്യത്തിൽ ആശങ്കയാണ്  തോന്നിയത്.

നോവലെഴുതിയ ആള്‍ മലയാളത്തിലെ ശ്രദ്ധേയനായ കവിയാണ്. ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’, ‘കാത്തു ശിക്ഷിക്കണേ’, ‘നല്ലയിനം പുലയ അച്ചാറുകൾ’ തുടങ്ങി വ്യത്യസ്തതയുള്ള കവിതാ സമാഹാരങ്ങൾ വായിച്ച് അമ്പരക്കുകയും ആസ്വദിക്കുകയും ചെയ്തതാണ്. അദ്ദേഹം ആദ്യം എഴുതുന്ന നോവൽ തീർച്ചയായും അഗാധമായ അനുഭവങ്ങൾ സമ്മാനിക്കുന്നതായിരിക്കും. അതിന് ചിത്രീകരണം നിർവ്വഹിക്കാനുള്ള ഉൾബലം എനിക്കുണ്ടോ എന്ന ഉത്കണ്ഠ ഒരു ഭാഗത്ത്. അധ്യയനാവസാനമെത്തുമ്പോൾ കൊടുമ്പിരി കൊള്ളുന്ന അധ്യാപക ജോലിയുടെ തിരക്ക് കൊണ്ടുള്ള സമയക്കുറവ് മറ്റൊരു ഭാഗത്ത്. അതിലുമപ്പുറം നോവലിനോട് നീതി പുലർത്തിക്കൊണ്ട് ഒരു ചിത്രപാഠം ഒരുക്കാനാവുമോ എന്ന വേവലാതിയും.

soman-katalur-illustration-6

 

കൃതിയുടെ ആന്തരികാർഥങ്ങളോട് കൈകോർക്കാനും ആ വഴിക്ക് വായനക്കാരെ ഉൻമേഷമുള്ളവരാക്കാനും വരയ്ക്ക് സാധ്യമാവണമെന്ന മോഹം ഏത് രേഖാചിത്രണ സന്ദർഭത്തിലും ഉണ്ടാവാറുണ്ട്. മൗലികമായി ഒരു സ്വതന്ത്ര രൂപമായിരിക്കെ മറ്റൊരു മാധ്യമ രൂപത്തെ ചിത്രകല എങ്ങനെ വിശദമാക്കുകയും വികസിപ്പിക്കുകയും ചെയ്യും എന്നതാണല്ലോ രേഖാചിത്രണത്തിന്‍റെ സാധ്യത. രേഖകളുടെ വ്യാപ്തിയും ഭാഷയുടെ വ്യാപ്തിയും ചേർന്നുള്ള ഈ ജുഗൽബന്ദിക്ക് ആത്മസമർപ്പണം അനിവാര്യമാണ്. ഈ സന്ദർഭത്തിൽ അത് എത്രത്തോളം എനിക്ക് സാധിക്കും എന്നത് ഒരു പ്രതിസന്ധി തന്നെയാണെന്ന് തോന്നി.

 

ഒരാഴ്ചയ്ക്കുള്ളിൽ നോവലിന്‍റെ കോപ്പി തപാലിൽ കിട്ടി. ജലഭരദിനരാത്രങ്ങൾ - ബനേഷിന്‍റെ മറ്റു കൃതികളുടെ പേരുപോലെ തന്നെ വ്യത്യസ്തവും നവീനതയുള്ളതുമാണ് നോവലിന്‍റെ ശീർഷകവും.

soman-katalur-illustration-1

പലവിധ വേവലാതികളിൽ കുത്തിയൊലിച്ച് പായുന്നതിനിടയിൽ ആദ്യ നാല് അധ്യായങ്ങള്‍ അലസമായി വായിച്ചു. ആഖ്യാനത്തിലും പ്രമേയത്തിലും ഏറെ വൈചിത്ര്യവും വ്യാപ്തിയുമുള്ള ഒന്ന്. നിറയെ ആഴമുള്ള സൂചനകൾ കൊളുത്തിയിട്ടിരിക്കുന്ന നോവൽ. എന്നെ അത് ചെറുതായി വട്ടം കറക്കി.

 

തിരികെ വന്ന് ഒരിക്കൽക്കൂടി ആദ്യ അധ്യായം മുതൽ വായിച്ചു. അപ്പോഴേക്ക് ബനേഷ് ചില ഫോട്ടോഗ്രാഫുകൾ അയച്ചിരുന്നു. ബിജോയ് ചൗധരി എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ എടുത്തവ. രബീന്ദ്ര സേതു, വിദ്യാസാഗർ സേതു, നൂറിലേറെ വർഷം പഴക്കമുള്ള കൊൽക്കത്തയിലെ പഴയ കെട്ടിട സമുച്ചയങ്ങൾ. കൂട്ടത്തിൽ നോവലിലെ കേന്ദ്ര കഥാപാത്രമായ ഒസുവിന്‍റെ മുഖഛായയുള്ള യുവാവിന്‍റെയും ചില ബംഗാളി സ്ത്രീകളുടെയും വൃദ്ധരുടെയും മുഖങ്ങള്‍. കൊല്‍ക്കത്താ തെരുവുകളുടെ ഫോട്ടോകള്‍. ചിത്രീകരണത്തിന് ഒരു മൂഡ് ക്രിയേറ്റ് ചെയ്യാനാവും ആ ഫോട്ടോകൾ അയച്ചതെന്ന് ഞാൻ ഊഹിച്ചു.

soman-katalur-illustration-3

 

നോവല്‍ വായനയ്ക്ക് തടസ്സമാവാതെ ഭാവാന്തരീക്ഷത്തെ പരിപോഷിപ്പിക്കുന്ന ഏത് വിധം ചിത്രാഖ്യാനമാണ്  പ്രയോജനപ്പെടുത്തേണ്ടതെന്ന് ഞാൻ പേർത്തും പേർത്തും ആലോചിച്ചു. അതിനിടയിൽ ജോഷിയും കുറെ വിഡിയോകളും ചിത്രങ്ങളും അയച്ചു കൊണ്ടിരുന്നു. തിരക്കുകളിൽ ഓടുമ്പോഴും എന്‍റെ ബാഗിൽ ജലഭര ദിനരാത്രങ്ങൾ നിശ്ശബ്ദമായി ഒഴുകി.

soman-katalur-illustration-4

 

പല സമയങ്ങളിലായി ഞാൻ നോവലിലൂടെ കടന്നുപോകുമ്പോഴും ചിത്രമെഴുത്തിന്‍റെ രീതി ചികഞ്ഞു കൊണ്ടേയിരുന്നു. ഗോത്രവർഗ്ഗവരകളുടെ ആധുനിക രീതിയിലുള്ള വിന്യാസമാണ് പൊതുവേ എന്‍റെ ചിത്രങ്ങളുടെ വഴിയും പൊരുളുമെന്ന് പലരും പറയാറുണ്ട്. ആ മട്ടും ഭാവവും ഉപേക്ഷിച്ച് ഓർമകൾ കൊണ്ടും ഒഴുക്കുകൊണ്ടും പരിചരിക്കുന്ന നോവലിന് പുതിയൊരു രേഖാഭാഷ്യം ചമയ്ക്കാൻ കഴിയണമെന്ന് ആഗ്രഹിച്ചു. അപ്പോഴും സ്മരണകൾ ഇരമ്പുന്ന, മറ്റൊരു സാംസ്കാരിക ഭൂമിക തിടം വെയ്ക്കുന്ന ഈ പ്രത്യേക നോവലിന് എങ്ങനെയാവും ചിത്രാഖ്യാനം സാധ്യമാവുക എന്ന പ്രതിസന്ധി അങ്ങനെ തന്നെ കിടന്നു.

 

soman-katalur-illustration-7

നദിയും ജലവും ജലയാനങ്ങളും പ്രതീകങ്ങളായും പ്രതിനിധികളായും പ്രമേയത്തെയും ആഖ്യാനത്തെയും നിർണയിക്കുന്ന നോവലിന് ഒഴുകുന്ന പ്രതീതിയുള്ള ചിത്രങ്ങളാവും ചേരുക എന്ന് തോന്നി. അതിലുപരി എന്നെത്തന്നെ വീണ്ടെടുക്കാൻ കഴിയുമോ എന്ന അന്വേഷണവും നടന്നു. തോമസ് മെർട്ടന്‍റെ വാക്കുകൾ ഞാനോർത്തു: Art enables us to find ourselves and lose ourselves at the same time. ബനേഷ് സൃഷ്ടിച്ച ജല പ്രവാഹത്തിന്‍റെ കരയിൽ മാത്രം നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായി. നോവലിന്‍റെ കയങ്ങളിലേക്ക് എന്നെത്തന്നെ വലിച്ചെറിഞ്ഞു. അതിലെ ചുഴികളും പ്രവാഹങ്ങളും എന്‍റെയുള്ളിലും അലയടിച്ചു.

 

ആലോചന പെരുത്ത ഒരു ദിവസം ഒന്നാമധ്യയത്തെ മുൻനിർത്തി ഒഴുക്കിനെ ഉമ്മവെച്ച് വരച്ച ഒരു ചിത്രം ബനേഷിന് അയച്ചു. ഒസുവും മാർപ്പാപ്പയും അമ്മയും ജലവും നീരൊഴുക്കുകകളും പക്ഷികളും മീനുകളും പുല്ലും പൂക്കളും ലഹരി നുരയുന്ന സായാഹ്നങ്ങളും - ഒക്കെ പരസ്പരാശ്രിതത്വത്തോടെ, പ്രാണസ്പർശത്തോടെ സംലയിക്കുന്ന മട്ടിലൊരു ചിത്രം. മറുപടി ഇങ്ങനെ ആയിരുന്നു: ‘പാനപാത്രങ്ങളില്‍ നിന്നുയരുന്ന ജലശീൽക്കാരങ്ങളും ചെതുമ്പലുകൾ പോലുള്ള പ്രതലവും, തകർപ്പൻ. ഇവ്വിധം മതി.’

soman-katalur-illustration-5

 

മറുപടിവാക്കുകളിലെ ലഹരി എന്നിൽ ആത്മഹർഷത്തിന്‍റെ ഉൻമാദം വിതറിയെങ്കിലും ‘ഉള്ളം കലങ്ങിയ വെള്ളം’എന്ന രണ്ടാമധ്യായം പേടിയോടെ തന്നെയാണ് വരച്ചത്. അതിൽ മഹാശ്വേതാദേവി കടന്നുവരുന്നു. മാത്രമല്ല ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഹൗറാ പാലം നീണ്ട് നിവർന്നു പോകുന്നു. തെരുവിലൂടെ ഏതോ ബാൻഡുമേളത്തിന്‍റെ അപ്രതീക്ഷിത സംഗീതം ഉയരുന്നു. ഒസു, അമ്മ, അപ്പൻ - പിന്നെ നോവലിലുടനീളം ഭാവബദ്ധതയായി മാറിയ ചലച്ചിത്ര സാന്നിധ്യം. രണ്ടാമത്തെ ചിത്രം അയച്ചപ്പോൾ എന്‍റെ ആത്മവിശ്വാസത്തെ കൊടുമുടിയിലെത്തിക്കുന്നതായിരുന്നു രചയിതാവിന്‍റെ പ്രതികരണം: ‘ത്രിമാന ദീപ്തമായി ഉള്ളം കലങ്ങിയ വെള്ളം...’

ms-banesh
എം.എസ്. ബനേഷ്

 

‘ജലോപരി നടത്തം’ എന്ന മൂന്നാമധ്യായത്തിനുള്ള ചിത്രീകരണം ഏറെ സ്വാഭാവികതയോടെ നിർവ്വഹിക്കാനായത് ഓർക്കുകയാണ്. മഹാശ്വേതാദേവിയോട് പരാതി പറയാനെത്തിയ ഗ്രാമീണ സ്ത്രീകൾ, അവരെ ആശ്വസിപ്പിക്കുന്ന ദീദി. ബംഗാളി സ്ത്രീകളെയും മഹാശ്വേതാദേവിയേയും തീക്ഷ്ണമായ അന്തരീക്ഷത്തിൽ വരകളിലൂടെ പുറത്തു കൊണ്ടുവരാൻ എളുപ്പം കഴിഞ്ഞു. ‘ഉജ്ജ്വലം ആ പാമ്പും ആ കഠിന പതംഗവും ചൂഴുന്ന കറുപ്പും’ എന്ന് ആ ചിത്രത്തെക്കുറിച്ച്  നോവലിസ്റ്റ് കുറിച്ച വാക്കുകൾ– ഉലഞ്ഞുപോകുമായിരുന്ന എന്‍റെ ആത്മവിശ്വാസത്തെ പച്ചയിലേക്ക് പടർത്തി. ആ ചിത്രം ഒരു ചെറിയ കുറിപ്പോടെ ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചപ്പോൾ നല്ല പ്രതികരണവുമുണ്ടായി.

 

ചില ചിത്രങ്ങൾ എന്‍റെ ആത്മസുഹൃത്തും നിരൂപകനുമായ ദേവേശൻ പേരൂരിന് അയച്ചു കൊടുത്തു. വര ഏറെ വ്യത്യസ്തമായി എന്നും ബംഗാളി മനുഷ്യരുടെ ആന്ത്രപ്പോളജി എങ്ങനെയാണ് ഇവ്വിധം അനുഭവിപ്പിക്കാനായത് എന്നും ദേവേശന്‍റെ സന്ദേശം. നാലും അഞ്ചും ആറും അധ്യായങ്ങൾക്കുള്ള ചിത്രീകരണം വേഗത്തിലായി. നോവലിലെ കൂട്ടുപ്രതി (creative inputs) ജോഷി സന്ദേശത്തിലൂടെ ആവേശം പകർന്നു : we will have a seperate exhibition of your images in Kolkata...wonderful ! കേരളത്തിലോ കേരളത്തിന് പുറത്തോ ആർട്ട് എക്സിബിഷൻ ഇതുവരെ നടത്താത്ത എനിക്ക് അത് മികച്ച അംഗീകാരമായി അനുഭവപ്പെട്ടു. വായനയും വരയും തിരക്കുമായി മുന്നേറുന്ന ആ സന്ദർഭത്തിലാണ് യുക്രൈനുമേൽ റഷ്യയുടെ പടയോട്ടം തുടങ്ങിയത്. ജോഷി വിളിച്ചു പറഞ്ഞു, നോവലിന്‍റെ പത്താമധ്യായം ഒന്നുകൂടി വായിച്ചുനോക്കൂ എന്ന്.

 

വായിച്ചപ്പോൾ ഞാൻ നടുങ്ങിപ്പോയി. യുദ്ധത്തിന്‍റെ ഭീകരത പ്രവാചക സ്വരത്തിൽ ബെൻസി എന്ന അധ്യായത്തിലുണ്ട്. ‘‘...ശീതയുദ്ധമൊക്കെ കഴിഞ്ഞുവെങ്കിലും ഈ ലോകത്തെയും നമ്മുടെ നാഗരികതയെയും നിമിഷങ്ങൾക്കകം ചാരമാക്കാൻ വീർപ്പുമുട്ടിയിരിക്കുന്ന ആണവായുധങ്ങളാണ് അമേരിക്കയും റഷ്യയും സമുദ്രാന്തർവാഹിനികളിലൊക്കെ ആഴ്ത്തി വെച്ചിട്ടുള്ളതെന്ന് അപ്പൻ പണ്ട് പറഞ്ഞിട്ടുണ്ട്. ജലത്തെ ബലാൽക്കാരം ചെയ്ത് ആണവായുധങ്ങളുടെ ബീജം നിക്ഷേപിച്ച പോലെ. ആ ബോംബുകൾ ഒറ്റയടിക്ക് പൊട്ടിക്കുന്നതിന് അനുവാദം നൽകാൻ അവിടുത്തെ പ്രസിഡന്‍റുമാർക്ക് മിനിറ്റുകൾ മതി എന്ന ഭീകര നിസ്സാരതയെക്കുറിച്ചാണോ അപ്പൻ ദാദയോട് ഫോണിൽ പേശുന്നത്...’’   

 

‘ഭീകര നിസ്സാരത’ എന്ന വാക്ക് എന്‍റെയുള്ളിൽ ക്ലസ്റ്റർ ബോംബ് പോലെ പൊട്ടി. ഏഴും എട്ടും ഒമ്പതും അധ്യായങ്ങൾ വിട്ട് പത്താമധ്യായത്തിനുള്ള ചിത്രം ഉടൻ വരച്ചു. അത് കുറിപ്പോടെ ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു. ആ വര പക്ഷേ നോവലിനേക്കാൾ സമകാലിക യുദ്ധത്തെയാണ് പ്രതിഫലിപ്പിച്ചതെന്ന് വരച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി. ജോഷിയുടെ പ്രതികരണവും ആ തോന്നല്‍ ശരിവച്ചു. ‘This is too busy an image... a little breathing space is what the image demands... so I feel.’

 

ആ ചിത്രം ഞാൻ മാറ്റി വരച്ചു. ഏകാകിനിയും അരക്ഷിതയുമായി നിൽക്കുന്ന ബെൻസി. അവളുടെ കാൽചുവട്ടിൽ മഹാസമുദ്രം. കൂറ്റൻ അന്തർവാഹിനി. അത് പുറത്തേക്ക് ഒഴുക്കുന്ന ആണവായുധങ്ങൾ. മീനുകൾക്കിടയിൽ പ്രവാഹങ്ങളിൽ അശാന്തിയുടെ ബീജങ്ങൾ പുളയ്ക്കുന്നത് ചിത്രീകരിച്ചു. അതിനിടെ ജോഷിയുടെ ചിറക് വെച്ച മെസേജുകൾ:  ‘Somaaaa... me not hurrying your work or pace ... but in Kolkata, Photographer Suvendu chatterjee and in Chandigarh, poet Surbhi Goel and Senior lAS officer VS Kundu, have already become great adimirers of ur images.. so ... we are all waiting for the new images’

 

‘സ്ഥലജല ഭ്രമം’ എന്ന ഏഴാമധ്യായം ആസ്വദിച്ചാണ് വരച്ചത്. ജലത്തിൽ വീണ ടോർച്ചിന്‍റെ പ്രകാശത്തിൽ വ്യക്തമാവുന്ന കാഴ്ചകളെ സുതാര്യതയോടെ ഒപ്പിയെടുക്കാൻ കഴിഞ്ഞു. എട്ടും ഒമ്പതും പതിനൊന്നും പന്ത്രണ്ടും പതിമൂന്നും അധ്യായങ്ങളാണ് ഏറെ സ്വാതന്ത്ര്യത്തോടെ വരച്ചത്. നോവൽ പാഠവും ചിത്രപാഠവും ചേർന്ന് പുതിയൊരു അർഥ സാധ്യതയിലേക്ക് അത് സഞ്ചരിക്കുന്നതായി തോന്നി. ‘മഹാശ്വേതാദേവി’ എന്ന പതിനൊന്നാമധ്യായത്തിനുള്ള ചിത്രീകരണം ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വഴുതിപ്പോയി.

 

‘മേശവിളക്കിന്‍റെ പകുതി വെട്ടത്തിൽ വെളിച്ചവും നിഴലും പപ്പാതി വീണ മുഖം തിരിച്ചു കൊണ്ടു മഹാശ്വേതാദേവി എന്നോട് എന്തോ ചോദിക്കാൻ ആഞ്ഞു. പിന്നെ സംശയഭാവത്തോടെ അപ്പനിരിക്കുന്ന ദിക്കിലേക്ക് നോക്കി.’ - നോവലിലെ ഈ ഭാഗമായിരുന്നു വരച്ചതെങ്കിലും യാദൃച്ഛികമായി പല ദിക്കിലേക്കും വര മാർച്ചുചെയ്തു.

 

വാസ്തവത്തിൽ കല തീർപ്പുകളല്ല, വഴികൾ മാത്രമാണ്. എൽബർട്ട് ഹബാർഡിന്‍റെ വാക്കുകൾ ഓർത്തു : Art is not a thing, it is a way. ‘മാതാവിന്‍റെ ഫിക്ഷൻ’ എന്ന അധ്യായം വായിച്ചപ്പോൾ ഞാൻ എന്‍റെ അമ്മയെ ഓർത്തുപോയി. ‘അമ്മിയിൽ അരയ്ക്കുമ്പോഴും അപ്പന്‍റെ വാക്കുകളിലാണ് അമ്മയുടെ കാതുകളെന്നു തോന്നും മുഖം ചരിച്ചുള്ള നില്പുകളിലും ഭാവങ്ങളിലും ’- എന്ന നോവൽ അനുഭവത്തിന് ബംഗാൾ - കേരള വ്യത്യാസമില്ല.

 

‘അമ്മ അറിയാൻ’ എന്ന പതിനഞ്ചാം അധ്യായം വരകളുടെ ആധിക്യം കൊണ്ട് നിഗൂഢവൽക്കരിക്കാത്ത ഒന്നാണ്. ഒരു മരവും മൂന്ന് മനുഷ്യരും പാരസ്പര്യത്തോടെ നിൽക്കുന്ന ദൃശ്യമാണത്. ‘കുറെ നാൾ കൂടി കാലങ്ങൾക്ക് ശേഷമുള്ള ആ നിമിഷത്തെ ചില്ലിട്ടു വെച്ച് ഒരു കുടുംബ ചിത്രമാക്കിയിരുന്നെങ്കിൽ അതിന് ഹൂഗ്ലി തീരത്തെ ത്രിത്വം എന്ന സബ് ടൈറ്റിൽ കൃത്യമായും ചേരുമായിരുന്നു.’ - നോവലിലെ ഈ വാക്യമാണ് ചിത്ര മുഹൂർത്തമായി തെഴുത്തത്.

 

‘ക്ണാപ് ’ എന്ന പതിനേഴാമത്തെ അധ്യായത്തിന് മൂന്ന് ചിത്രങ്ങൾ വരയ്ക്കേണ്ടി വന്നു. ക്ഷൗരകർമ്മവും ഉദകക്രിയയും ചേർത്ത് കാവ്യാത്മക ഭാഷയിൽ എഴുതിയ ഈ അധ്യായത്തിനുള്ള ചിത്രഭാഷ കനത്ത വെല്ലുവിളി ഉയർത്തി. മൂന്നിൽ ഭേദപ്പെട്ട ഒന്ന് നോവലിനായി തിരഞ്ഞെടുത്തു. ‘പാനപാത്രങ്ങൾ’, ‘അപ്പനറിയാൻ’ എന്നിങ്ങനെ പേരുകളുള്ള അവസാന അധ്യായങ്ങൾ പക്ഷേ ആസ്വദിച്ചാണ് വരച്ചത്. ആ വര കണ്ടപ്പോള്‍ നോവലിസ്റ്റ് പ്രതികരിച്ചത് ഇങ്ങനെ: ‘ഒന്നിൽ നിന്ന് ഇതുവരെ വരഞ്ഞു നീന്തി വന്നതിന്‍റെ ഗംഭീര വ്യത്യാസം പ്രകടം.’

 

അവസാന അധ്യായം എം.എൻ. വിജയൻ മാഷ് കഥാപാത്രമായി വന്നതിന്‍റെ ഭാവരാശിയും ഭാവഗാംഭീര്യവും വരയിലേക്കും വന്നുചേർന്നതാവാം. അപ്പനും, ചുമരിലെ ഘടികാരവും, വിജയൻ മാഷുമെല്ലാം ചേർന്ന് വരയുടെ കലാശക്കൊട്ട് അവിസ്മരണീയ അനുഭവമായി. പിന്നീട് എല്ലാ ചിത്രങ്ങളും ഒത്തുനോക്കിയപ്പോൾ ആദ്യത്തെ അധ്യായവും ആറാമത്തെ അധ്യായവും മാറ്റി വരയ്ക്കാൻ തോന്നി.  ഉണർവോടെയും ഉൻമേഷത്തോടെയും പുതിയ ചിത്രങ്ങൾ വരഞ്ഞു. മാത്രമല്ല ആദ്യ അധ്യായങ്ങളിൽ പലതിനെയും വര കൊണ്ടും പ്രതീക പ്രയോഗം കൊണ്ടും ഒന്നുകൂടി പൊലിപ്പിച്ചെടുത്തു. നോവൽ വായനയും ചിത്രഭാഷ്യവും എനിക്ക് സ്വയം നവീകരിക്കാനുള്ള അവസരം തന്നു. ഈ രേഖാചിത്ര സംരംഭത്തിൽ നിന്ന് തിരക്കുപറഞ്ഞ് ഒഴിഞ്ഞിരുന്നെങ്കിൽ എത്ര കനത്ത നഷ്ടമാവുമായിരുന്നു എന്ന് ഇപ്പോൾ ഒരു ഉൾക്കിടിലത്തോടെ ഓർത്തു പോവുന്നു.

 

സിനിമയും തത്വചിന്തയും പരിസ്ഥിതിയും വ്യക്തിബന്ധങ്ങളിലെ അനന്യതയും ഏകാന്തതയും ചലച്ചിത്ര സംസ്കാരവും എല്ലാമെല്ലാം ഒരു കവിക്ക് മാത്രം സാധ്യമായ ഭാഷയിലൂടെ നോവലിൽ പ്രത്യക്ഷീകരിക്കപ്പെടുന്നത് വിസ്മയത്തോടെ അനുഭവിച്ചു. ജലം എന്ന പ്രകൃതി പ്രതിഭാസം ഉള്ളുലയ്ക്കും വിധം ആർദ്രസാന്നിധ്യമായി തുള്ളിത്തുളുമ്പുന്ന ഈ പുസ്തകത്തിൽ സാംസ്കാരിക ജാഗ്രതയുടെ ആൾരൂപമായ വലിയ എഴുത്തുകാരി മഹാശ്വേതാദേവി ശ്രദ്ധേയ കഥാപാത്രമായാണ് നിറഞ്ഞൊഴുകുന്നത്.

 

വിലോഭനീയ ഭാവനയും വിഭ്രാമക സങ്കല്പങ്ങളും  അനുഭവിപ്പിക്കുന്ന ഈ കൃതിക്ക് വരച്ച ചിത്രങ്ങൾ എന്‍റെ രചനാ ജീവിതത്തിന്‍റെ വിതാനം ഉയർത്തി എന്നതിന് ഒട്ടും സംശയമില്ല. അറിയപ്പെടാത്ത അനേകം മനുഷ്യരിലൂടെയും കഥാപാത്രങ്ങളിലൂടെയും അനുഭൂതികളിലൂടെയും കടന്നുപോയതിന്‍റെ ഭ്രമാത്മക അനുഭവരാശി സുപ്രധാനമായി കരുതുന്നു. ജലരേഖകളായി പൊലിയാത്ത ഈ അനശ്വരരേഖകൾ സാധ്യമാക്കിയ നോവലിന് നന്ദി.

 

Content Summary: Soman Katalur on drawing illustrations for novel of MS Banesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com