ADVERTISEMENT

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിൽ വന്ന ലേഖനം വായിച്ചത് ഓര്‍ക്കുന്നു. ബംഗാളിലെ ഒരു യുവസംവിധായകന്‍ പരിണിതപ്രജ്ഞനായ നിര്‍മാതാവിനെ സമീപിക്കുന്നു. അയാള്‍ മുന്നോട്ട് വച്ച ആശയം ഇതായിരുന്നു. നിര്‍മ്മാതാവ് 3 കോടി രൂപ മാറ്റിവയ്ക്കണം. അതുകൊണ്ട് സംവിധായകന്‍ 10 സിനിമകള്‍ നിര്‍മ്മിച്ച് നല്‍കാം പോലും. ഒരു പടം തീര്‍ക്കാനുളള പൈസ കൊണ്ട് എന്തിന് 10 പടം എന്ന ചോദ്യത്തിന് സംവിധായകന്‍ തൃപ്തികരമായ മറുപടി നല്‍കി. ഒരു സിനിമയെടുത്ത് വിജയിച്ചില്ലെങ്കില്‍ അതോടെ മുടക്കിയ പടം സ്വാഹ. പകരം പത്ത് പടങ്ങളില്‍ ഒരെണ്ണം ഹിറ്റായാല്‍ പോലും മുടക്ക് മുതലും ചെറിയൊരു ലാഭവും കിട്ടും. ഒരു പടത്തിന്റെ ശരാശരി നിർമാണച്ചിലവ് 30 ലക്ഷം മാത്രം. 

ഇതെങ്ങനെ സാധിക്കും എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ഇതായിരുന്നു. നല്ല തിരക്കഥയാണ് ഏതൊരു സിനിമയുടെയും വിജയഘടകങ്ങളില്‍ പ്രധാനം. ആദ്യം രസകരമായ ഒരു സ്‌ക്രിപ്റ്റ് രൂപപ്പെടുത്തും. പിന്നീട് അതിപ്രശസ്തരല്ലാത്ത അതേസമയം അഭിനയശേഷിയുളള അഭിനേതാക്കളെ വച്ച് പടം ചെയ്യും. എല്ലാ മേഖലകളിലും ചിലവ് കുറയ്ക്കും. കുറഞ്ഞ വാടകയുളള വീടുകളിലും ഗസ്റ്റ്ഹൗസുകളിലും താമസിച്ചും മറ്റുമായിരുന്നു ഷൂട്ടിംഗ്. സഹകാരികളുടെ വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചു. മിനിലൈറ്റ് യൂണിറ്റിനെ ആശ്രയിച്ചു. സെറ്റ് വര്‍ക്കുകളും ജുനിയര്‍ ആര്‍ട്ടിസ്റ്റുകളെയും തീര്‍ത്തും ഒഴിവാക്കി. കഥാപാത്രങ്ങളുടെ എണ്ണം കുറച്ചു.എന്തായാലും സംവിധായകന്‍ പറഞ്ഞ വാക്ക് പാലിച്ചു. ഉദ്ദേശിച്ച ബജറ്റില്‍ തന്നെ സിനിമകള്‍ പൂര്‍ത്തിയാക്കി. റിലീസ് ചെയ്തപ്പോള്‍ പത്തില്‍ നാലെണ്ണം വിജയിച്ചു. ആറ് പടങ്ങള്‍ തീയറ്ററുകളില്‍ പരാജയപ്പെട്ടു. പക്ഷെ അവയെല്ലാം തന്നെ കലാപരമായി മികച്ച സിനിമകളായിരുന്നു. 

സംവിധായകൻ ജയരാജ്
സംവിധായകൻ ജയരാജ്

മലയാളത്തിലുമുണ്ട് ലീസ്റ്റ് ബജറ്റ് സിനിമകള്‍

30 ലക്ഷം മുതല്‍ 50 ലക്ഷം വരെയുളള ബജറ്റില്‍ സിനിമകള്‍ തീര്‍ക്കുന്നവര്‍ മലയാളത്തിലുമുണ്ട്. അവരില്‍ പ്രധാനിയാണ് ദേശീയ പുരസ്‌കാര ജേതാവായ ജയരാജ്. ദേശാടനം അടക്കമുളള സിനിമകള്‍ അദ്ദേഹം തീര്‍ത്തത് സങ്കല്‍പ്പിക്കാനാവാത്ത വിധം കുറഞ്ഞ ബജറ്റിലാണ്. ദേശാടനം അക്കാലത്ത് വന്‍ഹിറ്റായി  എന്നതും പ്രധാനമാണ്. പിന്നീട് കരുണം, ശാന്തം, ഒറ്റാല്‍....എന്നിങ്ങനെ നിരവധി സിനിമകള്‍ 50 ലക്ഷത്തിന് താഴെ പൂര്‍ത്തിയാക്കുകയും ഇവയെല്ലാം ദേശീയ-അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. അതൊക്കെ ഇന്ന് സാധിക്കുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ 2023 ല്‍ റിലീസ് ചെയ്ത ജോഷി മാത്യൂ ചിത്രമായ നൊമ്പരക്കൂട് ഫസ്റ്റ് കോപ്പിയായത് 30-35 ലക്ഷത്തിനാണ്. പല ഓഫ് ബീറ്റ് സിനിമകളും സമാന ബജറ്റില്‍ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്. 40 ലക്ഷത്തില്‍ തീര്‍ത്ത സജിന്‍ ബാബുവിന്റെ ബിരിയാണിയില്‍ കനി കുസൃതി അടക്കമുളള അറിയപ്പെടുന്ന താരങ്ങളുണ്ടായിരുന്നു. വിന്‍സിക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത രേഖയുടെ ബജറ്റും ഏറെക്കുറെ സമാനമായിരുന്നു.‌‌

ഇതൊക്കെ ഓഫ്ബീറ്റ് സിനിമകളുടെ അവസ്ഥ. എന്നാല്‍ താരനിബിഢമായ വാണിജ്യ സിനിമകളും ഈ തരത്തില്‍ കോസ്റ്റ് ഇഫക്ടീവായി ചിത്രീകരിക്കാന്‍ കഴിയുമെന്നതാണ് വസ്തുത. അതിന് മികച്ച ആസൂത്രണവൈഭവത്തിനൊപ്പം ചിലവ് കുറച്ച് സിനിമകള്‍ ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടും വേണം. എല്ലാ സിനിമകളും ഇങ്ങനെ ചെയ്യണം എന്ന് നിഷ്‌കര്‍ഷിക്കാനാവില്ല. ബാഹുബലി പോലുളള സിനിമകള്‍ ഡിമാന്‍ഡ് ചെയ്യുന്ന ബജറ്റും സന്നാഹങ്ങളും   നല്‍കേണ്ടത് അനിവാര്യമാണ്. മറിച്ച് മറ്റ് സിനിമകളില്‍ ശ്രമിച്ചാല്‍ ചിലവുകള്‍ നിയന്ത്രിക്കാവുന്നതേയുളളു. പ്രത്യേകിച്ചും ഈ സന്ദര്‍ഭത്തില്‍ അത് ആവശ്യവുമാണ്. കോടികളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് പ്രചരിക്കുന്നുണ്ടെങ്കിലും ശരിയായി കണക്കുകള്‍ പരിശോധിച്ചാല്‍ പരിതാപകരമാണ് പല സിനിമകളുടെയും അവസ്ഥ. 

manjummel-boys

എത്ര കോടി കളക്ട് ചെയ്താലും അതില്‍ ഗണ്യമായ ഒരംശം വിനോദ നികുതിയായി സര്‍ക്കാരിലേക്ക് പോകും. അവശേഷിക്കുന്ന തുകയില്‍ നിന്നും തീയറ്റര്‍ ഷെയറും ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഷെയറും തട്ടികഴിച്ചാല്‍ പിന്നെ നിർമാതാവിന് ലഭിക്കുന്ന തുകയ്ക്ക് കാര്യമായ വല‌ുപ്പം ഉണ്ടാവില്ല. മാത്രമല്ല പല സിനിമകളുടെയും ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറത്താണ്. താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലത്തുക കുത്തനെ വര്‍ദ്ധിപ്പിച്ചതാണ് ഇതിന് കാരണം. പോരാത്തിത് വിലക്കയറ്റം രൂക്ഷമായ കാലഘട്ടത്തില്‍ ആനുപാതികമായി ഉയരുന്ന നിര്‍മ്മാണച്ചിലവ് വേറെ. ഇന്ധനവില മുതല്‍ ഹോട്ടല്‍റൂം വാടക അടക്കമുളള കാര്യങ്ങളില്‍ വന്ന ഗണ്യമായ വര്‍ദ്ധന സിനിമാ നിർമാണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഒരു സിനിമ ഷൂട്ട് ചെയ്യാനുളള പ്രതിദിനച്ചിലവ് രണ്ട് ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ്. പ്രൊഡക്ഷന്റെ സമീപന രീതികളെ അനുസരിച്ചാവും ഈ മാറ്റങ്ങള്‍ സംഭവിക്കുക. അങ്ങനെ കണക്കാക്കിയാല്‍ ഒരു ലോബജറ്റ് സിനിമയുടെ പോലും നിർമാണച്ചിലവ് ഇന്ന് എട്ടും പത്തും കോടിയാണ്.  ഇത് തിരിച്ചു പിടിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ അചിന്ത്യമാണ്. 

പിന്‍വലിയുന്ന ഒ.ടി.ടി 

പൊന്നും വില കൊടുത്ത് സിനിമകള്‍ എടുക്കുന്ന പതിവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ടിവി ചാനലുകളും അവസാനിപ്പിച്ചിരിക്കുന്നു. തിയറ്ററില്‍ സൂപ്പര്‍ഹിറ്റായ സിനിമകളില്‍ മാത്രമാണ് അവരുടെ കണ്ണ്. അത് തന്നെ മോഹവില നല്‍കി സ്വന്തമാക്കാന്‍ ആര്‍ക്കും താൽപര്യമില്ല. മുന്‍കാലങ്ങളില്‍ വിലപേശിയായിരുന്നു കച്ചവടം. മുന്‍പ് ഒ.ടി.ടി ഒരു വന്‍തുക ഓഫര്‍ ചെയ്യും. ചിലര്‍ അതിന് കച്ചവടം ഉറപ്പിക്കും. മറ്റ് ചിലര്‍ അതിലും ഉയര്‍ന്ന തുക ചോദിക്കും. 

romancham-2

ഇന്ന് ഒ.ടി.ടി ഏറ്റവും കുറഞ്ഞ തുക പറയും. അതിന് വിസമ്മതിച്ചാല്‍ സിനിമ ഹാര്‍ഡ് ഡിസ്‌കിലിരിക്കും. ഒ.ടി.ടികള്‍ തമ്മിലുളള മത്സരം അവസാനിച്ചതു തന്നെ കാരണം. പണ്ട് ഒരു കൂട്ടര്‍ നിരസിക്കുന്ന സിനിമ അടുത്ത കൂട്ടര്‍ വലിയ തുക കൊടുത്ത് ഏറ്റെടുത്തിരുന്നു. ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പരസ്പരധാരണയിലായതോടെ അതും ഗോവിന്ദ. ഒരു നിശ്ചിത പരിധിക്കപ്പുറം പണം മുടക്കി സിനിമകള്‍ എടുക്കാന്‍ ആരും തയ്യാറല്ല.

എത്ര മെഗാഹിറ്റായ പടത്തിനും മുടക്കുമുതലിന് ആനുപാതികമായ വരുമാനം ലഭിക്കുന്നില്ല എന്നാണ് ഒ.ടി.ടികളുടെ പരാതി. കൊവിഡ് കാലത്തും അതിന് ശേഷവും സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് നിലനില്‍ക്കുന്നില്ല എന്ന് അവര്‍ പറയുന്നു. ഒ.ടി.ടികള്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയതും ആളുകള്‍ കുടുംബമായി തീയറ്ററില്‍ പോയി സിനിമ കാണാന്‍ ആഗ്രഹിക്കുന്നതും ഒരു കാരണമാവാം. അങ്ങനെ ചലച്ചിത്രവ്യവസായത്തിന്റെ നെടുതൂണുകളായി നിലനിന്ന ഒ.ടി.ടിയും ടെലിവിഷന്‍ സംപ്രേഷണാവകാശവും ഇടങ്ങേറിലായെന്ന് മാത്രമല്ല തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം പോലും വന്‍വിജയം കൊയ്യുന്ന ഏതാനും സിനിമകളിലേക്ക് ചുരുങ്ങി. ഇടത്തരം സിനിമകള്‍ എത്ര മികച്ചതാണെങ്കിലും തീയറ്ററുകളില്‍ ആളുകള്‍ കയറുന്നില്ല എന്നതാണ് സ്ഥിതി.

attam-vinay-forrt

അടുത്തകാലത്ത് റിലീസ് ചെയ്ത സോമന്റെ കൃതാവ്, ആട്ടം എന്നീ സിനിമകള്‍ മികച്ച അഭിപ്രായം നേടിയവയാണ്. നെഗറ്റീവ് റിവ്യൂസ് നല്‍കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ പോലും മികച്ചതെന്ന് വാഴ്ത്തിപ്പാടിയ പടങ്ങള്‍. എന്നാല്‍ ഇതൊന്നും കളക്ഷനില്‍ പ്രതിഫലിച്ചില്ല. കാരണം ലളിതമാണ്. ഇന്നത്തെ പ്രേക്ഷകന്റെ ആസ്വാദനാഭിരുചിയുമായി പൊരുത്തപ്പെടുന്ന പടങ്ങള്‍ മാത്രമേ തിയറ്ററില്‍ വിജയിക്കുന്നുള്ളൂ. നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇരയായ രോമാഞ്ചം, ആവേശം എന്നീ സിനിമകള്‍ക്ക് ലഭിച്ച ബമ്പര്‍ കളക്ഷന്‍ ഈ സത്യം അടിവരയിട്ട് ഉറപ്പിക്കുന്നു. സിനിമയൂടെ പ്രമേയത്തിലും കഥാഘടനയിലും ആഖ്യാനരീതിയിലും സീക്വന്‍സുകളിലും സീനുകളുടെ ഫോര്‍മേഷനിലും സംഭാഷണങ്ങളുടെ രീതിയിലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. നർമരംഗങ്ങളുടെ പോലും സ്വഭാവം പാടെ മാറിമറിഞ്ഞു. ഇന്നത്തെ സിനിമകളിലെ തമാശകള്‍ കണ്ടാല്‍ ചിരി വരില്ലെന്നും എന്താണ് ഇതിലിത്ര കോമഡിയെന്നും ഒരു കാലഘട്ടത്തെ മുഴുവന്‍ സ്വാധീനിച്ച ബഹുമുഖപ്രതിഭ ചോദിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം വിമര്‍ശിച്ച സീനുകള്‍ കണ്ട് യുവാക്കള്‍ തീയറ്ററില്‍ ചിരിച്ചുമറിയുകയായിരുന്നു. 

stills-from-avesham-movie

ഉയരുന്ന ചിലവ്

സിനിമയൊന്നുമില്ലാതെ വെറുതെ വീട്ടില്‍ ഇരിക്കുന്ന സീനിയര്‍ താരങ്ങള്‍ പോലും ഏതെങ്കിലും ഒരു കഥാപാത്രത്തിനായി ക്ഷണിച്ചാല്‍ ചോദിക്കുന്നത് ലക്ഷങ്ങളാണ്. പ്രതിദിനം രണ്ട് ലക്ഷം മുതല്‍ ആവശ്യപ്പെടുന്നവരുണ്ട്. തങ്ങളുടെ പേരിനും പ്രശസ്തിക്കും ഈ തുക തന്നേ മതിയാകൂ എന്ന് ഇവര്‍ വാശി പിടിക്കുന്നു. യഥാർഥത്തില്‍ ഈ താരങ്ങളുടെ മുഖം പോസ്റ്ററില്‍ അച്ചടിച്ചു എന്നതിന്റെ പേരില്‍ ഒരാള്‍ പോലും തീയറ്ററില്‍ എത്തുകയില്ല. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും ഈ താരങ്ങള്‍ നിര്‍ബന്ധമല്ല. ഈ മൂന്ന് ഇടങ്ങളിലും ആവശ്യമുളളത് ലക്ഷകണക്കിന് ആളുകളെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ കെല്‍പ്പുളള നായകനടന്‍മാര്‍ മാത്രമാണ്. സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും ഇവരുടെ പടങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടിയുണ്ട്. 

bandra-dileep

എന്നാൽ മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളുടെ സിനിമകള്‍ അടപടലം തീയറ്ററില്‍ തകര്‍ന്നു വീഴുന്നുണ്ട്. ഇത് ആ നടന്‍മാരുടെ കുഴപ്പം കൊണ്ടല്ല. വന്‍പരാജയം ഏറ്റുവാങ്ങിയ സിനിമകളില്‍ പോലും ഈ നടന്‍മാര്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. അവരുടെ തിരഞ്ഞെടുപ്പുകള്‍ പാളിപ്പോയതാണ് സിനിമകളുടെ പരാജയകാരണം. വിരസവും ദുര്‍ബലവുമായ തിരക്കഥകളും ആഖ്യാനരീതിയും കൊണ്ട് സിനിമകള്‍ പരാജയപ്പെടുകയും അത് നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ കാലാന്തരത്തില്‍ നഷ്ടപ്പെടുന്നത് നടന്റെ താരമൂല്യം തന്നെയാണ്. ബോറന്‍ സിനിമകളില്‍ മാത്രം അഭിനയിച്ച് പരാജയം ഏറ്റുവാങ്ങുന്ന നായകനെ എല്ലാ പ്ലാറ്റ്‌ഫോമുകളും കയ്യൊഴിയും. 

അതുകൊണ്ട് തന്നെ ഇന്ന് മലയാളത്തില്‍ ഒരു നായക നടനും വിജയം ഉറപ്പാക്കാന്‍ ശേഷിയില്ല എന്നതാണ് വാസ്തവം. എന്നാല്‍ സാധുക്കളായ നിർമാതാക്കള്‍ ഈ യാഥാർഥ്യം മനസിലാക്കുന്നില്ല. ഇന്ന താരം ഉണ്ടെങ്കില്‍ ഇത്ര രൂപയുടെ ബിസിനസ് നടക്കും എന്ന പഴയ കണക്കാണ് ഇവരുടെ റഫറന്‍സ്. മധ്യവയസിലെത്തിയ ഒരു ഹീറോ അവസാനം അഭിനയിച്ച മൂന്ന് സിനിമകളും ബിസിനസ് നടക്കാതെ ഹാര്‍ഡ് ഡിസ്‌കില്‍ വിശ്രമിക്കുമ്പോഴും മുന്‍കാലത്ത് ഹിറ്റുകള്‍ സമ്മാനിച്ചതിന്റെ പ്രതീക്ഷയില്‍  അദ്ദേഹത്തെ നായകനാക്കി പടം ചെയ്യാന്‍ ഓടുകയാണ് നിര്‍മ്മാതാക്കള്‍. എത്ര പടങ്ങള്‍ പൊളിഞ്ഞാലും ബിസിനസ് നടക്കാതെ പോയാലും ഇവര്‍ ആരും പ്രതിഫലം കുറയ്ക്കുന്നില്ല. താരങ്ങള്‍ മാത്രമല്ല സാങ്കേതിക വിദഗ്ധരും ഇക്കാര്യത്തില്‍ മോശമല്ല. 

100 കോടി ക്ലബ്ബില്‍ കയറിയ ഒരു മലയാള സിനിമയുടെവിജയരഹസ്യം വാസ്തവത്തില്‍ നായകന്റെ ഉജ്ജ്വലമായ അഭിനയവും സംവിധായകന്റെ മേക്കിംഗ് സ്‌റ്റൈലുമായിരുന്നു. എന്നാല്‍ വിജയത്തിന്റെ അവകാശം സ്വയം ഏറ്റെടുത്ത തിരക്കഥാകൃത്ത് ഇതേ കോംബോയിലുളള അടുത്ത പടത്തിന് വാങ്ങിയത് 1 കോടി രൂപയാണ്. പടം ബോക്‌സ് ആഫീസില്‍ തലകുത്തി വീണു എന്ന് മാത്രമല്ല മുടക്കു മുതലിന്റെ ഒരംശം പോലും തിരിച്ചുപിടിച്ചില്ല. എന്നിട്ടും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയും കൂട്ടി ചോദിച്ചും വിലസുന്നവര്‍ ചലച്ചിത വ്യവസായത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് തീരെ ആശങ്കാകുലരല്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. സത്യമാണോ എന്നറിയില്ല ദീര്‍ഘകാലമായി സിനിമയില്‍ പ്രചരിക്കുന്ന ഒരു കഥയുണ്ട്. ഒരു സിനിമയക്ക് താന്‍ വാങ്ങുന്നതിലും അധികം പണം നല്‍കിയ നിര്‍മ്മാതാവിന് നടന്‍ ശ്രീനിവാസന്‍ അതില്‍ നിന്നും ന്യായമായ ഒരു തുക മാത്രമെടുത്ത് ബാക്കി തിരിച്ചു നല്‍കി പോലും. നിരവധി സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റുകളുടെ ട്രാക്ക് റിക്കോര്‍ഡുളള സത്യന്‍ അന്തിക്കാടും ന്യായമായ പ്രതിഫലം മാത്രം ഈടാക്കുമ്പോള്‍ ഇന്നലെ വന്ന ചെറുപ്പക്കാര്‍ ചോദിക്കുന്നത് അതിന്റെ മൂന്നിരട്ടിയാണത്രെ.

romancham-hit

രോമാഞ്ചവും മഞ്ഞുമ്മലും നല്‍കുന്ന പാഠം

സിനിമയുടെ വിറ്റുവരവിനെക്കുറിച്ചും ബജറ്റിനെക്കുറിച്ചും ചിന്തയില്ലാത്ത ചില താരങ്ങളും സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് കാര്യങ്ങള്‍ തകിടം മറിക്കുമ്പോള്‍ നിസഹായരായി നിന്നു കൊടുക്കുകയാണ് പല നിർമാതാക്കളും. എന്നാല്‍ നടനും നിര്‍മ്മാതാവുമായ സൗബിന്‍ വളരെ ബുദ്ധിപരമായി സിനിമയെ സമീപിക്കുന്ന വ്യക്തിയാണ്. ഫസ്റ്റ് കോപ്പിയായ ശേഷം മറ്റൊരു നിര്‍മ്മാതാവിന് മറിച്ചു വിറ്റെങ്കിലും രോമാഞ്ചം എന്ന സിനിമയുടെ ആദ്യ നിർമാതാവ് സൗബിനായിരുന്നു. വലിയ താരനിരയില്ലാതെ ചെറിയ ബജറ്റില്‍ പരീക്ഷണചിത്രമായി ഒരുക്കിയ രോമാഞ്ചം കോടാനുകോടികള്‍ വാരിക്കൂട്ടി. തൊട്ടുപിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുമായി സൗബിന്‍ വന്നു. കാഴ്ചയില്‍ ഭംഗിയുളള ഒരു നായിക പോലുമില്ലാത്ത, പരമ്പരാഗത വാണിജ്യസിനിമാ ഫോര്‍മുലകളെ പടിക്ക് പുറത്ത് നിര്‍ത്തിയ മഞ്ഞുമ്മലില്‍ ഷുവര്‍ ബിസിനസ് തേടി നടക്കുന്ന കേശവമ്മാമമാര്‍ സങ്കല്‍പ്പിക്കുന്ന തരം കഥ പോലുമില്ലായിരുന്നു. 

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പോസ്റ്റർ (ഫോട്ടോ: ഇൻസ്റ്റഗ്രാം)
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പോസ്റ്റർ (ഫോട്ടോ: ഇൻസ്റ്റഗ്രാം)

ഒരാള്‍ കുഴിയില്‍ വീഴുന്നു, മറ്റൊരാള്‍ കുഴിയില്‍ ചാടി രക്ഷിക്കുന്നു. ഇത്തരമൊരു കോര്‍ ഐഡിയ പറഞ്ഞാല്‍ വലിയ നിർമാതാക്കളെന്ന് ഭാവിക്കുന്ന പലരും പടിയടച്ച് പിണ്ഡം വയ്ക്കും. ഈ യാഥാര്‍ത്ഥ്യം നന്നായി അറിയാവുന്ന സൗബിന്‍ നിര്‍മ്മാതാവിന്റെ റോള്‍ സ്വയം ഏറ്റെടുക്കുന്നു. 250 കോടിയാണ് ഈ സാഹസത്തിന് പ്രേക്ഷകര്‍ നല്‍കിയ പ്രതിഫലം. വിറ്റുവരവിന്റെ പത്തിലൊന്ന് തുകയ്ക്ക് സിനിമ പുര്‍ത്തിയാക്കാനും സൗബിന്റെ ആസൂത്രണമികവിന് കഴിഞ്ഞു. വലിയ താരങ്ങളല്ല സിനിമയാണ് പ്രധാനമെന്ന തിരിച്ചറിവ് സമ്മാനിച്ച ചിത്രങ്ങള്‍ കൂടിയായിരുന്നു രോമാഞ്ചവും മഞ്ഞുമ്മലും.സമീപകാലത്ത് റിലീസ് ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ ക്ഷേത്രത്തിന്റെ സെറ്റിടാന്‍ മാത്രം 4 കോടി ചിലവായെന്നും പുറമെ വി.എഫ്. എക്‌സിന് വേറെയും പണം ചിലവായതായി നിര്‍മ്മാതാക്കള്‍ പറയുന്നു.സെറ്റുകള്‍ക്ക് ചിലവാക്കിയ പണം കൊണ്ട് രണ്ട് സിനിമകള്‍ കൂടി നിര്‍മ്മിക്കാമായിരുന്നു എന്നതാണ് വസ്തുത.

jaya-jaya-jaya-jaya-he-review

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗുരുവായൂരമ്പലനടയില്‍ സംവിധാനം ചെയ്ത വിപിന്‍ദാസിന്റെ മുന്‍ചിത്രമായ ജയ് ജയ് ജയ് ഹേ. 5 കോടിയില്‍ തീര്‍ത്തെന്ന് പറയപ്പെടുന്ന സിനിമ കലക്ട് ചെയ്തത് 50 കോടിയിലേറെയാണ്. മറ്റ് അവകാശങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ 60 കോടിയിലധികം. വരും. രണ്ട് കാര്യങ്ങളാണ് ഈ സിനിമയില്‍ നിന്ന് മനസിലാക്കാനുളളത്. ഒന്ന് നിർമാതാക്കള്‍ വളരെ ബുദ്ധിപുര്‍വം വലിയ താരനിര ഒഴിവാക്കിയിരിക്കുന്നു. അന്ന് കാര്യമായ സ്റ്റാര്‍ഡം ഇല്ലാതിരുന്ന ബേസിലും ദര്‍ശനയുമാണ് മുഖ്യതാരങ്ങള്‍. അതിഥി വേഷത്തില്‍ അജു വര്‍ഗീസും മഞ്ചു പിളളയുമുണ്ട്. ഇത്രയും പേര്‍ ഒഴിച്ചാല്‍ അഭിനയിക്കാനറിയുന്ന താരതമ്യേന അപ്രശസ്തരെയാണ് വിവിധ കഥാപാത്രങ്ങളിലേക്ക് പരിഗണിച്ചത്. കൂടാതെ സെറ്റ്‌വര്‍ക്കുകളോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ധാരാളിത്തമോ മറ്റ് ആഢംബരസാധ്യതകളോ ഇല്ലാത്ത ഒരു കഥയും പശ്ചാത്തലവും തെരഞ്ഞെടുത്തിരിക്കുന്നു. ‍

somante-kruthavu-trailer

കുറെക്കൂടി പ്ലാന്‍ഡായി നീങ്ങിയാല്‍ ഇതേ ആശയം ഉള്‍ക്കൊളളുന്ന ഒരു സിനിമ മൂന്ന് കോടിയില്‍ താഴെ തീര്‍ക്കാവുന്നതേയുളളു. അതിന്റെ ഉദാഹരണവും നമുക്ക് മുന്നിലുണ്ട്. മലയാളത്തിലെ പഴയ ബാനറുകളിലൊന്നായ രാഗം മൂവിസ് നിര്‍മ്മിച്ച സോമന്റെ കൃതാവ് എന്ന സിനിമയില്‍ താരപദവിയുളള ഒരാള്‍ മാത്രമേയുളളു. നായകനായ വിനയ് ഫോര്‍ട്ട്. ബാക്കിയെല്ലാം ആക്ടിംഗ് സ്‌കില്ലുളള ചെറിയ പ്രതിഫലം പറ്റുന്ന അഭിനേതാക്കള്‍ മാത്രം. 2 കോടിയില്‍ താഴെ തീര്‍ത്ത പടം മികച്ച അഭിപ്രായം നേടിയെങ്കിലും തീയറ്ററില്‍ തരംഗമായില്ല. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടി സ്വീകരിച്ചിരുന്നെങ്കില്‍ നിശ്ചയമായും വിജയിക്കാവുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ഇന്നത്തെ നിലയില്‍ ഒരു മലയാള സിനിമയ്ക്ക് സങ്കല്‍പ്പിക്കാവുന്ന ബജറ്റില്‍ നിന്നും വളരെ കൂറഞ്ഞ തുകയ്ക്ക് തീര്‍ത്ത ഈ പടം തീയറ്റര്‍ ഷെയറും ഒ.ടി.ടി., സാറ്റലൈറ്റ്, ഓവര്‍സീസ്, ഡബ്ബിംഗ് റൈറ്റ്‌സ് എന്നിവ കണക്കാക്കുമ്പോള്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായി കണക്കാക്കാം.

malaikkottai-song

ഇവിടെയും ഒരു അപാകത സംഭവിച്ചിട്ടുണ്ട്. സോമന്റെ കൃതാവ് പറയുന്ന വിഷയം പുതിയതാണെങ്കിലും സ്ലോ പേസില്‍ സഞ്ചരിക്കുന്ന സിനിമയ്ക്ക് ഇന്നത്തെ പ്രേക്ഷകരെ കയ്യിലെടുക്കുക അത്ര എളുപ്പമായില്ല. അതേ സമയം ഇതിലും കുറഞ്ഞ ബജറ്റില്‍ തീര്‍ത്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രം ഫാസ്റ്റ് പേസിലുളള ഒരു ത്രില്ലറായിരുന്നു. സിനിമ തീയറ്ററില്‍ നിന്നും വന്‍തുക കളക്ട് ചെയ്തു എന്ന് മാത്രമല്ല ഇതര അവകാശങ്ങള്‍ വഴിയും നല്ല തുക കരസ്ഥമാക്കി. ഇതില്‍ നിന്നും മനസിലാക്കുന്ന കാതലായ വസ്തുത കമേഴ്‌സ്യലി വയബിളാകാന്‍ സാധ്യതയുളള ട്രെന്‍ഡിയായ സബ്ജക്ട് തിരഞ്ഞെടുക്കുകയും അത് ലാഗില്ലാതെ പറയുകയും ചെയ്താല്‍ ഉറപ്പായും പ്രേക്ഷകര്‍ സ്വീകരിക്കും. അവിടെ കണ്ണഞ്ചിക്കുന്ന സെറ്റുകളോ വലിയ താരങ്ങളോ വലിയ സാങ്കേതിക വിദഗ്ധരോ ഒന്നും ആവശ്യമില്ല.  ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലൈക്കോട്ടെ വാലിബന്‍. വമ്പന്‍ ബജറ്റും മോഹന്‍ലാലിനെ പോലെ മലയാളത്തിലെ ഏറ്റവും വലിയ താരവും അദ്ദേഹത്തിന്റെ പ്രകടനവും എല്ലാം ഉണ്ടായിട്ടും സിനിമ കലാപരമായും വാണിജ്യപരമായും ഒരു ദുരന്തമായി. ബജറ്റല്ല പ്രധാനമെന്നും ആസ്വാദനക്ഷമമായ സിനിമകളാണ് പ്രസക്തമെന്ന സത്യത്തിന് എക്കാലവും വലിയ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ചെറിയ ബജറ്റും വലിയ കലക്ഷനും

1.5 കോടിയില്‍ താഴെ പൂര്‍ത്തിയായ പിസ, 1.25 കോടിയില്‍ തീര്‍ത്ത കാതല്‍, 1.75 കോടിയില്‍ തീര്‍ത്ത കാക്കാമുട്ടെ എന്നീ സിനിമകള്‍ തിയറ്ററില്‍ വിജയിച്ചു എന്ന് മാത്രമല്ല തമിഴ് സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായി തീര്‍ന്നു. മലയാളത്തിലുമുണ്ട് നിരവധി ഉദാഹരണങ്ങള്‍. ഫാസിലിന്റെ നോക്കെത്താദൂരത്ത് കണ്ണും നട്ട്, മാമാട്ടിക്കുട്ടിയമ്മ, ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം, സത്യന്‍ അന്തിക്കാടിന്റെയും രാജസേനന്റെയും സിനിമകള്‍ ഇതൊന്നും ബജറ്റ് കൊണ്ട് വിജയം ഉറപ്പിച്ച പടങ്ങളല്ല. മികച്ച കണ്ടന്റ ് തന്നെയായിരുന്നു എക്കാലവും ഹീറോ. അത് എത്രത്തോളം രസകരമായി പറയാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം.

ramji-rao

തലയണമന്ത്രവും മേലേപ്പറമ്പില്‍ ആണ്‍വീടും അയലത്തെ അദ്ദേഹവും പോലുളള സിനിമകള്‍ ഒന്ന് വിഭാവനം ചെയ്ത് നോക്കൂ. അവിടെയൊന്നും ബജറ്റ് ഒരു ഘടകമായില്ല. റാംജിറാവ് സ്പീക്കിംഗ് പോലുളള പടങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി.

ഒരു കഥ ആര്‍ക്കും കണ്ടെത്താം. അതിന്റെ പ്രതിപാദന രീതിയിലാണ് മിടുക്ക്. തുച്ഛമായ ബജറ്റില്‍ തീര്‍ത്ത ദേശാടനം ഒരു ഹാസ്യചിത്രമല്ല. അത് ഉളളില്‍ തറയ്ക്കുന്ന അനുഭവമാണ്. പക്ഷെ ഇന്നും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ ഈ സിനിമകളിലുണ്ട്. ഇത്തരം പ്രവണതകളുടെ മറ്റൊരു മികച്ച ഉദാഹരണമാണ് പാല്‍ത്തൂജാന്‍വര്‍. മികച്ച കളക്ഷനൊപ്പം നല്ല സിനിമയെന്ന അഭിപ്രായവും നേടിയെടുത്തു ഈ ചിത്രം. 

പുതുമുഖങ്ങളെ അണിനിരത്തി നിർമിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നഖക്ഷതങ്ങള്‍, നമ്മള്‍...തുടങ്ങി ഒമര്‍ലുലുവിന്റെ ആദ്യകാലസിനിമകളായ ഹാപ്പി വെഡ്ഡിംഗ് പോലുളള സിനിമകള്‍ ബോക്‌സ് ആഫീസില്‍ വിജയം കൊയ്തു എന്നതിലേറെ കോസ്റ്റ് ഇഫക്ടീവായി പ്ലാന്‍ ചെയ്ത് എടുത്ത പടങ്ങള്‍ എന്ന നിലയില്‍ കൂടിയാണ് ശ്രദ്ധേയമാവുന്നത്. 

udal-review

ഇക്കാലത്ത് ഇതൊക്കെ സാധിക്കുമോ എന്നതിനുളള മറുപടിയാണ് 1.5 കോടിയില്‍ തീര്‍ത്ത് 2022–ൽ റിലീസ് ചെയ്ത ഉടല്‍ എന്ന സിനിമ. വന്‍ കളക്ഷനാണ് ഈ സിനിമ നേടിയത്. ഒരു വീടും വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളുമായി 18 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ് ഉടല്‍. ‌രസകരമായ വിഷയങ്ങളും അതിലും രസകരമായ പ്രതിപാദന രീതിയുമാണ് എക്കാലവും സിനിമയുടെ വിജയരഹസ്യം. പക്ഷെ ഈ രസം ഫിലിം മേക്കര്‍ക്ക് മാത്രം അനുഭവപ്പെട്ടാല്‍ പോരാ. പ്രേക്ഷകന് കൂടി തോന്നണം. അത് കണ്ടെത്താനും തിരിച്ചറിയാനുമുളള സെന്‍സിബിലിറ്റിയാണ് ബജറ്റിനേക്കാള്‍ പ്രധാനം. നിര്‍ഭാഗ്യവശാല്‍ മലയാള സിനിമയിലെ വലിയൊരൂ  വിഭാഗത്തിനും ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കൊളളുമെന്ന് ഇവര്‍ ശഠിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും കോടികള്‍ ചിലവിട്ട് സിനിമകള്‍ നിര്‍മ്മിക്കുന്നു. പരാജയപ്പെടുമ്പോള്‍ റിവ്യൂവേഴ്‌സിന്റെ തലയില്‍ ചാരി രക്ഷപ്പെടുന്നു. തങ്ങള്‍ വിഭാവനം ചെയ്ത മഹത്തായ കണ്ടന്റ് മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത പ്രേക്ഷകനെ കുറ്റപ്പെടുത്തുന്നു.

താന്‍ രാവിലെയും വൈകിട്ടും ഗുളിക കഴിക്കും പോലെ കുറസോവയുടെയും ഫെല്ലിനിയുടെയും ബര്‍ഗ്മാന്റെയും പടങ്ങള്‍ കണ്ടിട്ടാണ് സിനിമ ഉണ്ടാക്കുന്നതെന്നാണ് ഒരു യുവചലച്ചിത്രകാരന്‍ ഔദ്ധത്യത്തോടെ പറഞ്ഞത്. 

പകലന്തിയോളം പണിയെടുത്ത് തളര്‍ന്ന് ഒരു റിലീഫിനായി വലിയ ടിക്കറ്റ് ചാര്‍ജ് കൊടുത്ത് തീയറ്ററിലെത്തുന്ന പ്രേക്ഷകന് എന്ത് കുറസോവ? എന്ത് ബര്‍ഗ്മാന്‍? അവന് രസിപ്പിക്കുന്ന പടങ്ങള്‍ മതി. ചിന്തിക്കാന്‍ വേറെ എന്തെല്ലാം ജീവിതപ്രശ്‌നങ്ങള്‍ കിടക്കുന്നു. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലെത്തിക്കാനല്ല ഇല്ലാത്ത പണം മുടക്കി കാണികള്‍ തീയറ്ററുകളില്‍ കയറുന്നത് എന്ന സാമാന്യ ബോധം കോടികളിട്ട് അമ്മാനമാടുന്ന പല സിനിമാ പ്രവര്‍ത്തകര്‍ക്കുമില്ല. ഫലം പാവം നിര്‍മ്മാതാവിന്റെ കീശ കീറും.

മറികടക്കാം ഈ പ്രതിസന്ധി

മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെ സമര്‍ത്ഥമായി എങ്ങനെ മറികടക്കാമെന്ന് കൂടി പര്യാലോചിക്കേണ്ടതുണ്ട്. വളരെ ക്യൂട്ടായ സിനിമകള്‍ ഒരുക്കുക എന്നതാണ് ഇതിനുളള പോംവഴി. അന്നോളം ആരും അറിയാത്ത തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവയും സൗദി വെളളക്കയും ജനം കയ്യടിയോടെ സ്വീകരിച്ചു. ഒരു റിവ്യൂവറും അതിനെ ചീത്ത പറഞ്ഞില്ല. അപ്പോള്‍ കുഴപ്പം പ്രേക്ഷകര്‍ക്കോ നിരൂപകര്‍ക്കോ താരങ്ങള്‍ക്കോ അല്ല. കാല്‍ക്കാശിന് കൊളളാത്ത പടങ്ങള്‍ ഒരുക്കുന്ന സംവിധായകരും അവരെ അന്ധമായി വിശ്വസിക്കുന്ന നിര്‍മ്മാതാക്കള്‍ക്കുമാണ്. വന്‍ബജറ്റിന്റെ പിന്‍ബലമില്ലാതെ തന്നെ പതിറ്റാണ്ടുകളായി സത്യന്‍ അന്തിക്കാടിനെ പോലൊരു സംവിധായകന്‍ മിനിമം ഗ്യാരന്റി ഫിലിം മേക്കറായി നിലനില്‍ക്കുന്നതിന്റെ രഹസ്യം വളരെ ലളിതമാണ്. കഥ എന്തായാലും ബോറടിക്കാതെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കും വിധത്തില്‍ സിനിമയൊരുക്കുന്നത് എങ്ങനെ എന്ന തിരിച്ചറിവ്. കഥ കണ്ടെത്തുന്നത് മുതല്‍ തിരക്കഥ രൂപപ്പെടുത്തുമ്പോഴും സിനിമ പ്രസന്റ ് ചെയ്യുമ്പോഴും ഇത് എങ്ങനെ വേണമെന്ന് അദ്ദേഹത്തിനറിയാം. ടെക്‌നിക്കല്‍ ഗിമ്മിക്കുകളും പടുകൂറ്റന്‍ സെറ്റുകളും വലിയ താരങ്ങളും ഇല്ലെങ്കിലും അദ്ദേഹത്തിന് പ്രശ്‌നമില്ല. അന്‍പതിലധികം ചിത്രങ്ങളിലൂടെ അദ്ദേഹം ഇത് ആവര്‍ത്തിച്ച് തെളിയിച്ചു കഴിഞ്ഞു. 

mohanlal-sathyan-anthikad

സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ജോഷിയും ഇത്രയും ദീര്‍ഘകാലം പിടിച്ചു നിന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. അവിടെ ബജറ്റോ താരങ്ങളോ അല്ല ഘടകം. സിനിമയോടുളള സമീപനം തന്നെയാണ്. 

പ്രിയദര്‍ശന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ഓര്‍ക്കുന്നു.‌ ‘നമ്മള്‍ ഏറെ വാഴ്ത്തിപ്പാടുന്ന പല ന്യൂജന്‍ സംവിധായകരും സമര്‍ത്ഥരാണ്. പക്ഷെ അവരില്‍ ഞാന്‍ കാണുന്ന ഒരു പ്രശ്‌നം അവര്‍ വണ്‍ടൈം വണ്ടേഴ്‌സാണ് എന്നതാണ്. പലര്‍ക്കും ആദ്യ സിനിമയുടെ വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ചിലര്‍ ഒന്നോ രണ്ടോ സിനിമകള്‍ കൊണ്ട് അവസാനിക്കുകയാണ്. വിജയം ദീര്‍ഘകാലം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ഞങ്ങളൂടെ തലമുറയിലെ ഒരു ഡസനോളം സംവിധായര്‍ക്ക് അത് കഴിഞ്ഞിരുന്നു എന്നത് ഇന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു’

പണത്തേക്കാള്‍ പ്രധാനം ആഖ്യാനരീതി

കോടിക്കണക്കിന് രൂപ കയ്യിലുണ്ടെന്ന് കരുതി തിയറ്ററില്‍ നന്നായി ഓടുന്ന ഒരു സിനിമ സൃഷ്ടിക്കാനാവില്ല. സിനിമാ നിര്‍മ്മാണത്തിലെ ഏറ്റവും വിഷമം പിടിച്ച ഘടകം അതിന്റെ ട്രീറ്റ്‌മെന്റ്  നിശ്ചയിക്കുക എന്നതാണ്. പറയുന്നത് എന്തുമാകട്ടെ അത് എത്ര മാത്രം ആസ്വാദ്യമായി  പറയാം എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും സെന്‍സിബിലിറ്റിയുമായി ബന്ധപ്പെട്ട വിഷയമാണ്. 1992–ല്‍ കെ.ആര്‍.മോഹനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്വരൂപം എന്ന സിനിമയുടെ ഏറെക്കുറെ സമാനമായ ഇതിവൃത്തമാണ് ചിന്താവിഷ്ടയായ ശ്യാമളയിലുടെ 1998–ല്‍ ശ്രീനിവാസന്‍ പറയാന്‍ ശ്രമിച്ചത്. ശ്യാമള തിരക്കഥയെഴുതി സംവിധാനം ചെയ്ത ശ്രീനിവാസന്‍ തന്നെയായിരുന്നു സ്വരൂപത്തിലും നായകന്‍. ഈ രണ്ട് സിനിമകളും എടുത്തു വച്ച് പരിശോധിച്ചാല്‍ ഒരു വിഷയത്തെ എങ്ങനെ വിരസമായും ആസ്വാദ്യകരമായും അവതരിപ്പിക്കാം എന്ന് മനസിലാവും. പറയുന്ന വിഷയം എന്തായാലും അത് അയഞ്ഞ താളത്തില്‍ വരണ്ട രീതിയില്‍ പറഞ്ഞാല്‍ കാണികള്‍ നിരസിക്കും. കലയുടെ ഏത് നിയമസംഹിത ഉയര്‍ത്തിപ്പിടിച്ച് വാദിച്ചാലും വലിയ മുതല്‍മുടക്ക് ആവശ്യമായ ഒരു വ്യവസായം കൂടിയായ സിനിമയില്‍ എന്റര്‍ടൈന്‍മെന്റ് വാല്യൂ എന്നത് വളരെ പ്രധാനമാണ്. ശ്രീനിവാസന്‍ ഒരു വിഷയമെടുത്ത് കേവലം തട്ടുപൊളിപ്പന്‍ സിനിമയൊരുക്കുകയല്ല ചെയ്തത്. വളരെ ഗഹനവും ആഴമേറിയതുമായ ഒരു തീമിന്റെ അന്തസത്ത നിലനിര്‍ത്തിക്കൊണ്ട് തന്നെ രസഭംഗം വരാത്ത ഒരു അസല്‍ സിനിമ സൃഷ്ടിക്കുകയായിരുന്നു. ഒരേ സമയം വിപണന വിജയവും പുരസ്‌കാരങ്ങളും നിരൂപകശ്രദ്ധയും നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ സ്വരൂപം എന്ന സിനിമയെക്കുറിച്ച് ഇന്ന് എത്രപേര്‍ക്കറിയാം. ശ്യാമളയാവട്ടെ പതിറ്റാണ്ടുകള്‍ക്ക് ശേഷവും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. 

sreenivasan-smile

വലിയ സംവിധായകന്‍, വലിയ നായകന്‍, വലിയ സെറ്റുകള്‍, വലിയ ബജറ്റ്..ഇതൊന്നുമില്ലാതെ വളരെ ചെറിയ ഒരു തീം മുന്നില്‍ നിര്‍ത്തി വിജയം കണ്ടെത്താമെന്ന് ശ്രീനിവാസന്‍ പലകുറി ആവര്‍ത്തിച്ച് തെളിയിച്ചു.

സത്യജിത്ത്‌റായുടെ തിയട്രിക്കല്‍ ഹിറ്റായ പിന്നീട് വേള്‍ഡ് ക്ലാസിക്ക് എന്ന് അറിയപ്പെട്ട പല സിനിമകളുടെയും ബജറ്റ് വളരെ തുച്ഛമായിരുന്നു. എന്നാല്‍ ഉപരിപ്ലവമായി ചിന്തിക്കുന്ന ചിലര്‍ക്ക് ഇതറിയില്ല. പത്ത് ലൊക്കേഷനുകളില്‍ വച്ച് നൂറുകോടി മുടക്കി വമ്പന്‍ താരങ്ങളെ അണിനിരത്തി ചെയ്ത വമ്പന്‍ ചിത്രം എന്ന മട്ടില്‍ ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. തളളല്‍ വീരന്‍മാര്‍ ഇവര്‍ക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു. മലയാളത്തിലെ സ്പീല്‍ബര്‍ഗ് എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒടുവില്‍ പടം പോസ്റ്റര്‍ അടിച്ച കാശ് പോലും കളക്ട് ചെയ്യാതെ ആദ്യ ആഴ്ചയില്‍ തന്നെ ഹോള്‍ഡ് ഓവറാകുന്നു. എന്നിട്ടും വീണ്ടും ഇതേ ശൈലി ആവര്‍ത്തിക്കുന്നു. ഒരേ കല്ലില്‍ തട്ടി പല കുറി വീഴുന്നവരാണ് മലയാളത്തിലെ നിര്‍മ്മാതാക്കളില്‍ ഏറെയും. 

ഒരു കലാരൂപം എന്നതിലുപരി കോടികള്‍ മൂലധനമിറക്കേണ്ടി വരുന്ന ഒരു വ്യവസായം എന്ന നിലയില്‍ സിനിമാ നിര്‍മ്മാണം ഏറെ അവധാനതയോടെ നിര്‍വഹിക്കേണ്ട ഒന്നാണ്. ഒരു പായ്ക്കറ്റ് കറിപ്പൊടി വിറ്റുപോയില്ലെങ്കില്‍ അതിന് എക്‌സ്പയറി ഡേറ്റ് കഴിയും വരെ പ്രതീക്ഷിക്കാന്‍ വകയുണ്ട്. സിനിമയുടെ സ്ഥിതി അതല്ല. ആദ്യദിനം വീണു പോകുന്ന പടം രക്ഷിച്ചെടുക്കാന്‍ ഇപ്പോഴത്തെ നിലയില്‍ ആര്‍ക്കും സാധ്യമല്ല. കാരണം ഒ.ടി.ടിയും ടിവി ചാനലുകളും മുഖം തിരിച്ചു കഴിഞ്ഞു. ഇനി ഓടുന്ന സിനിമയെടുക്കുന്നവര്‍ക്ക് ഒപ്പം എന്നതാണ് തീയറ്ററുകാരുടെയും നിലപാട്. ഓടുന്ന സിനിമയ്ക്ക് കൃത്യമായ ഫോര്‍മുലയുണ്ടോയെന്ന ചോദ്യം ഉയരാം. ഒരു ടെക്‌സ്റ്റ് ബുക്കില്‍ എഴുരി വയ്ക്കാന്‍ പാകത്തില്‍ ഒരു സിനിമയുടെ ആസ്വാദ്യഘടകങ്ങളെ നിര്‍വചിക്കാന്‍ സാധിക്കില്ല. അത് ഒരു ഫിലിം മേക്കറുടെ സെന്‍സിബിലിറ്റിയും ഔചിത്യബോധവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. 

എന്നാല്‍ ഈ വിഷയത്തില്‍ പരിചയ സമ്പന്നായ ശ്രീനിവാന്‍ പറഞ്ഞ ഒരു ടെക്‌നിക് സംഗതമാണെന്ന് തോന്നുന്നു. ‘ഒരു പടമെടുക്കുമ്പോള്‍ അതിന്റെ ഓരോ സീനും രസകരമാണെന്ന് ഉറപ്പു വരുത്തണം. സീനുകളെ പരസ്പരം കൂട്ടിയിണക്കുന്ന മട്ടില്‍ ശക്തമായ ഒഴുക്ക് അനുഭവപ്പെടണം. ഇതിലെല്ലാമുപരി സിനിമയുടെ ആകത്തുക ശക്തവും രസകരവുമാവണം. രസം ജനറേറ്റ് ചെയ്യാന്‍ കഴിയാത്ത ഒരു സിനിമയ്ക്കും നിലനില്‍പ്പില്ല’

sreenivasan-old-new

ഇതൊക്കെ പറഞ്ഞ ശ്രീനിവാസന്റെ എല്ലാ സിനിമയും രസകരമാണോ എന്ന ചോദ്യം ഉയരാം. ഏറെക്കുറെ അതെ എന്ന് പറയേണ്ടി വരും. കാരണം എന്തുകൊണ്ടോ റിലീസ് കാലത്ത് തീയറ്ററില്‍ തരംഗം സൃഷ്ടിക്കാതെ പോയ സന്ദേശവും അഴകിയ രാവണനും മുതല്‍ സരോജ്കുമാര്‍ വരെ ഇന്നും നമ്മെ രസിപ്പിക്കുന്ന സിനിമകളാണ്. ഒരു സിനിമ എത്ര നന്നായി രൂപപ്പെടുത്തിയാലും അത് ഹിറ്റാകണമെന്ന് നിര്‍ബന്ധമില്ല. റിലീസ് ടൈമും മാര്‍ക്കറ്റിംഗിലെ പിഴവുകളും മറ്റ് പല ഘടകങ്ങളും ചിലപ്പോള്‍ വിപരീതമായേക്കാം. എന്നാല്‍ കോസ്റ്റ് കുറച്ച് പടം ചെയ്താല്‍ വീഴ്ചയുടെ ആഘാതം കുറയ്ക്കാന്‍ സാധിക്കും.

aadujeevitham

വൈഡ് റിലീസിംഗ് സാര്‍വത്രികമായ ഇക്കാലത്ത് ആദ്യത്തെ രണ്ടാഴ്ച കൊണ്ട് തന്നെ സാമാന്യം നല്ല തീയറ്റര്‍ ഷെയര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പിന്നീട് ലഭിക്കുന്ന മറ്റ് വരുമാനങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ന്യായമായ ബജറ്റില്‍ തീരുന്ന ഒരു പടം പ്രോഫിറ്റബിള്‍ ആക്കാനോ കുറഞ്ഞപക്ഷം ബ്രേക്ക് ഈവനാക്കാനോ പ്രയാസമില്ല. എന്നാല്‍ ബജറ്റ് എങ്ങനെ നിയന്ത്രിക്കും എന്നതാണ് നിർമാതാക്കളെ അലട്ടുന്ന പ്രശ്‌നം. ആറ് പടം അടുപ്പിച്ച് പൊട്ടിയ നായകന്‍ ഏഴാമത്തെ പടം ഹിറ്റായാലുടന്‍ പ്രതിഫലം ഇരട്ടിയാക്കും. വീണ്ടും അടുത്ത രണ്ട് പടം പൊളിഞ്ഞാലും പ്രതിഫലം നയാപൈസ കുറയില്ല എന്ന് പരിതപിക്കുന്നവരുണ്ട്. ഇവിടെ താരം മാതമല്ല കുറ്റക്കാരന്‍. ഒരു നായകനും എന്നെ വച്ച് പടം പിടിക്കൂ എന്ന് പറഞ്ഞ് നിർമാതാക്കളുടെ പിന്നാലെ പോകുന്നില്ല. പല നായകന്‍മാരും സ്വയം നിർമിക്കുകയാണ് പതിവ്. ഇവിടെ ഒരു പ്രത്യേക നായകന്‍ അഭിനയിച്ചതുകൊണ്ട് മാത്രം  കോടികള്‍ വാരാമെന്ന് മനപായസം ഉണ്ണുന്ന പാവം നിർമാതാവ് ഇവരെ തേടി പോവുകയാണ്. വടി കൊടുത്ത് അടി വാങ്ങും പോലെ. ഇക്കൂട്ടര്‍ക്ക് സിനിമയുടെ കണ്ടന്റും ട്രീറ്റ്‌മെന്റും ഒരു പരിഗണനാ വിഷയമേയല്ല.

എങ്ങനെ ചിലവ് കുറയ്ക്കാം?

ഇവിടെയാണ് കൂര്‍മ്മബുദ്ധിയുളള നിര്‍മ്മാതാക്കളുടെ പ്രസക്തി. ജൂബിലി ജോയിയെ പോലുളളവര്‍ ഒരേ സമയം കണ്ടന്റും ട്രീറ്റ്‌മെന്റും കോസ്റ്റ് ഇഫക്ടീവായി സിനിമകള്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്നും മനസിലാക്കി പ്രവര്‍ത്തിച്ചവരാണ്. പുതിയ കാലത്തുമുണ്ട് ഉദാഹരണങ്ങള്‍ ഏറെ. ജാനേമനും പാല്‍ത്തുജാന്‍വറും ജയ ജയ ഹേയും ഫാലിമിയും ഹോമും ഉടലും അടക്കം എത്രയോ പടങ്ങള്‍. വിനയ് ഫോര്‍ട്ടിന്റെ തമാശ എന്ന സിനിമയില്‍ പരീക്ഷിച്ച രീതി എന്തുകൊണ്ട് അവലംബിച്ച് കൂടാ. സാമാന്യം നല്ല രീതിയില്‍ ഹ്യൂമര്‍ ചെയ്യാന്‍ കെല്‍പ്പുളള വിനയ് നായകനായ സിനിമയില്‍ അദ്ദേഹം ഒഴികെ മറ്റെല്ലാം പുതുമുഖങ്ങള്‍. ആര്‍ട്ടിസ്റ്റ് കോസ്റ്റ് ഇങ്ങനെ കുറയ്ക്കാന്‍ സാധിക്കും. അച്ഛന്‍ റോളുകളില്‍ അഭിനയിക്കുന്ന ഒരു സ്വഭാവനടന്‍ പ്രതിദിനം ചോദിക്കുന്നത് മിനിമം അഞ്ച് ലക്ഷം രൂപയാണ്. മറ്റൊരു ഹാസ്യ നടനും ഇതേ തുക തന്നെ ആവശ്യപ്പെടുന്നു. ഇവരാരെങ്കിലും ഉണ്ടെന്ന് കരുതി സിനിമയുടെ ബിസിനസിന് അത് ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല. പത്ത് ദിവസം ഇവര്‍ അഭിനയിച്ചാല്‍ നിര്‍മ്മാതാവിന്റെ പോക്കറ്റില്‍ നിന്നും മാറുന്നത് 50 ലക്ഷം രൂപയാണ്. ഈ തുകയുണ്ടെങ്കില്‍ ജയരാജ് മനോഹരമായ ഒരു സിനിമയെടുക്കുമെന്ന് സമീപകാലത്ത് അന്തരിച്ച ഒരു സംവിധായകന്‍ തമാശ പറയുമായിരുന്നു. ഇത്തരക്കാര്‍ക്ക് പകരം ചെറുകിട അഭിനേതാക്കളെ പ്ലേസ് ചെയ്താല്‍ കഥാപാത്രത്തിന് സ്വാഭാവികതയേറും. ചിലവും കുറയും.

parava-movie

ഈ പരീക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായിരുന്നു 90 ലക്ഷത്തില്‍ ഫസ്റ്റ് കോപ്പിയായ സുഡാനി ഫ്രം നൈജീരിയ. കോടികള്‍ ലാഭമുണ്ടാക്കിയ ഈ ചിത്രവും പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. ബജറ്റും താരബാഹുല്യവുമല്ല വിജയത്തിന്റെ മാനദണ്ഡം. 30 ലക്ഷം മുതല്‍ 1 കോടി വരെ പ്രതിഫലം ചോദിക്കുന്ന ക്യാമറാമാന്‍മാരുണ്ട് മലയാളത്തില്‍. രണ്ട് സിനിമകളുടെ മാത്രം പരിചയമുളള യുവഛായാഗ്രഹകനും ചോദിക്കുന്നത് 40 ലക്ഷമാണ് പോലും. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം ബോക്‌സ് ആഫീസില്‍ ദയനീയ പരാജയമായി. സമീപകാലത്തെ മേജര്‍ ഹിറ്റായ പ്രേമലുവിന് ക്യാമറ ചലിപ്പിച്ചത് താരതമ്യേന നവാഗതനായ അജ്മല്‍ സാബുവാണ്. മനോഹരമാണ് അദ്ദേഹത്തിന്റെ ക്യാമറാ വര്‍ക്ക്. സിനിമ വന്‍വിജയം നേടുകയും ചെയ്തു. അപ്പോള്‍ ആര് ക്യാമറ ചെയ്തു എന്നതല്ല സിനിമയുടെ ആകത്തുക നന്നായോ എന്നതാണ് മുഖ്യം.

മറ്റൊന്ന് ഫുട്ടേജാണ്. ഒരു പടത്തിന്റെ ഡ്യൂറേഷന്‍ തിരക്കഥയുടെ ഘട്ടത്തില്‍ തന്നെ ഏറെക്കുറെ തിട്ടപ്പെടുത്തണം. ആളുകള്‍ക്ക് ക്ഷമ കുറവായ ഇക്കാലത്ത് രണ്ടര മണിക്കുര്‍ പടമൊന്നും ആവശ്യമില്ല. രണ്ട് മണിക്കുറില്‍ താഴെ നില്‍ക്കുന്ന പടമായാലും തെറ്റില്ല. അങ്ങനെ വരുമ്പോള്‍ ഷൂട്ടിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം. കൃത്യമായ ചാര്‍ട്ടിംഗും പ്ലാനിംഗും തിരക്ക് കുറഞ്ഞ താരങ്ങളുമാണെങ്കില്‍ വീണ്ടും എണ്ണും കുറയും. പരമാവധി 25 മുതല്‍ 30 ദിവസം കൊണ്ട് പടം തീര്‍ക്കാന്‍ ശ്രമിക്കാം. ഒരു ദിവസം ഷൂട്ടിംഗ് നീണ്ടു പോയാല്‍ ലക്ഷങ്ങളാണ് അധികച്ചിലവ്. ഇന്ന് പല പടങ്ങളും നൂറിലധികം ദിവസങ്ങള്‍ ഷൂട്ട് ചെയ്യുന്നു. മൂന്ന് പടത്തിന്റെ ഫുട്ടേജില്‍ നിന്നും എഡിറ്റ് ചെയ്ത് ഒരു സിനിമയുടെ ദൈര്‍ഘ്യം തികയ്ക്കുന്നു. ഒരേ സമയം മൂന്നും നാലും ക്യാമറകള്‍ വച്ചാണ് ഷൂട്ടിംഗ്. ഇത് വരുത്തി വയ്ക്കുന്ന അധികച്ചിലവ് ഏറെ വലുതാണ്. ഫൈറ്റ് സീനുകള്‍ അടക്കം ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഒന്നിലധികം ക്യാമറകള്‍ ഉപയോഗിക്കേണ്ടി വരാം അല്ലാത്ത ഘട്ടങ്ങളില്‍ സിംഗിള്‍ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യാവുന്നതേയുളളു. ജിംബലും ജിബ്ബും അടക്കം ഉയര്‍ന്ന വാടക വേണ്ടി വരുന്ന എക്യൂപ്പ്‌മെന്റ്‌സ് എല്ലാ ദിവസവും വേണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമായ സീനുകള്‍ മാത്രം ഒരുമിച്ച് ഷൂട്ട് ചെയ്താല്‍ അനാവശ്യ വാടക ഒഴിവാക്കാം.വലിയ ലൈറ്റ് യൂണിറ്റുകള്‍ക്ക് പകരം മിനി യൂണിറ്റെടുത്താല്‍ വാടക കുറയുമെന്ന് മാത്രമല്ല കൂടുതല്‍ പേരുടെ ബാറ്റയും ഒഴിവാക്കാം. നക്ഷത്ര താമസസൗകര്യം അടക്കം ചിലവ് കുറയ്ക്കാന്‍ വേറെയും നിരവധി മാര്‍ഗങ്ങളുണ്ട്. ഇതൂമായൊക്കെ പൊരുത്തപ്പെടുന്ന താരങ്ങളെയും ടെക്‌നീഷ്യന്‍സിനെയും സഹകരിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം.

പലപ്പോഴും ബജറ്റ് ക്രമാതീതമായി വർധിപ്പിക്കുന്നതില്‍ വിശ്വസ്തരല്ലാത്ത പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സിനും പങ്കുണ്ട്. ഇവരില്‍ ചിലര്‍ സെറ്റ് വര്‍ക്കുകള്‍ മുതല്‍ പ്രോപ്പര്‍ട്ടി പര്‍ച്ചേസിനും ഔട്ട്‌ഡോര്‍യുണിറ്റുകളില്‍ നിന്നുമെല്ലാം കമ്മീഷന്‍ പറ്റുന്നു. അഭിനേതാക്കളില്‍ നിന്നും ടെക്‌നീഷ്യന്‍സില്‍ നിന്നും കമ്മീഷന്‍ വാങ്ങുന്നവരുണ്ട്. എന്നാല്‍ എല്ലാവരും ഇത്തരക്കാരല്ലെന്നതും ശ്രദ്ധേയമാണ്.  5 ലക്ഷം പ്രതിഫലം വാങ്ങുന്ന നടനുമായി മുന്‍കൂര്‍ ധാരണയുണ്ടാക്കിയ ഒരു കണ്‍ട്രോളര്‍ 7 ലക്ഷം പറഞ്ഞുറപ്പിച്ച് 2 ലക്ഷം കൈക്കലാക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. കമ്മീഷന്‍ തരുന്നവരെ പടത്തില്‍ കാസ്റ്റ് ചെയ്യാന്‍ ഇക്കൂട്ടര്‍ സംവിധായകന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. പ്രൊജക്ടിന് നിര്‍മ്മാതാവിനെ കണ്ടെത്തി തന്ന കണ്‍ട്രോളറെ പിണക്കാനുളള ശേഷി സംവിധായകന് ഉണ്ടായെന്ന് വരില്ല. അങ്ങനെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന കണ്‍ട്രോളര്‍ പടം പാക്കപ്പ് ആവുമ്പോഴേക്കൂം ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയിരിക്കും. ഇത്തരം തട്ടിപ്പുകളെയൊന്നും പ്രൊഡക്ഷന്‍ കോസ്റ്റ് എന്ന വകുപ്പില്‍ പെടുത്താനാവില്ല. 

നിർമാതാക്കള്‍ക്ക് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ടാവുകയും സിനിമയുടെ നിയന്ത്രണം അവരിലേക്ക് മടങ്ങി വരികയും ചെയ്യുക എന്നതാണ് ഇതിനുളള പോംവഴി. മുന്‍കാലങ്ങളില്‍ പ്രശസ്ത ബാനറുകളായിരുന്ന ഉദയാ, മഞ്ഞിലാസ്, സുപ്രിയ, സെന്‍ട്രല്‍, സെഞ്ച്വറി, ജൂബിലി, ജിയോ എന്നീ കമ്പനികള്‍ ഈ തരത്തില്‍ സിനിമയെ കൃത്യമായി നിയന്ത്രിച്ചിരുന്നപ്പോള്‍ ഇന്ന് കാണുന്ന ദുരന്തങ്ങളുണ്ടായിരുന്നില്ല. 

കുറെയധികം പണവുമായി വിദേശത്ത് നിന്നും മറ്റും വരുന്ന പുതുകാല നിര്‍മ്മാതാക്കള്‍ പലപ്പോഴും താരങ്ങളുടെ ആരാധകരായിരിക്കും. അവര്‍ താരങ്ങളോട് അനാവശ്യമായ വിധേയത്വം സൂക്ഷിക്കുകയും തങ്ങളുടെ പണപ്പെട്ടിയുടെ താക്കോല്‍ താരം നിര്‍ദ്ദേശിക്കുന്നവര്‍ക്ക് കൈമാറുകയും ചെയ്യും. ഇങ്ങനെ രംഗപ്രവേശം ചെയ്യുന്ന തട്ടിപ്പുകാരായ കണ്‍ട്രോളര്‍മാളും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരും തങ്ങള്‍ക്ക് പണം കൊയ്യാനുളള വേദിയായി സിനിമയെ മാറ്റിയെടുക്കുന്നു. 

malikappuram-ott

ഇത്തരത്തില്‍ ധാരണാപ്പിശകുകളിലൂടെ രൂപപ്പെടുന്നതാണ് പലപ്പോഴും ക്രമാതീതമായ ബജറ്റ്. വരവില്‍ കവിഞ്ഞ് ചിലവ് ചെയ്താല്‍ കുടുംബ ബജറ്റ് താളം തെറ്റുന്ന പോലെ ഒരു പ്രതിഭാസം. ഒരു ശരാശരി മലയാള സിനിമയ്ക്ക് പിരിഞ്ഞു കിട്ടാന്‍ സാധ്യതയുളള തുകയെക്കുറിച്ചുളള ബോധ്യത്തോടെ മൂലധനമിറക്കിയാല്‍ ഇന്നും സിനിമ അത്ര റിസ്‌കിയായ ബിസിനസല്ല. ബുദ്ധികൂര്‍മ്മതയും ആസൂത്രണ പാടവവും നല്ല കാഴ്ചപ്പാടുകളുമുളള നിർമാതാക്കള്‍ സജീവമായി രംഗത്ത് വരിക എന്നതാണ് ഇക്കാര്യത്തില്‍ മര്‍മ്മപ്രധാനം. അവര്‍ക്ക് അതിന് കഴിയുന്നില്ലെങ്കില്‍ അതിന് ശേഷിയുളളവരെ ചുമതല ഏല്‍പ്പിക്കാവുന്നതാണ്. മാളികപ്പുറം, 2018 എന്നീ സിനിമകള്‍ നിർമിച്ച വിദേശ മലയാളിയായ നിര്‍മ്മാതാവ് വേണു കുന്നപ്പളളിക്ക് ആദ്യചിത്രമായ മാമാങ്കത്തില്‍ ചില തിരിച്ചടികളുണ്ടായി. അപകടം മനസിലാക്കിയ അദ്ദേഹം തുടര്‍ന്നുളള സിനിമകളില്‍ പരിചയസമ്പന്നനായ ആന്റോ ജോസഫിനെക്കൂടി സഹകരിപ്പിച്ച് തന്റെ ബിസിനസ് സുരക്ഷിതമാക്കി.മാളികപ്പുറവും 2018 ഉം വലിയ വിജയങ്ങളായി തീരുകയും ചെയ്തു. ആ സമയത്ത് മാര്‍ക്കറ്റ് വാല്യൂ ഇല്ലാതിരുന്ന ഉണ്ണി മുകുന്ദന്‍ നായകനായിട്ടും മാളികപ്പുറം 3.5 കോടി ചിലവഴിച്ച് 53 കോടി നേടി. കാരണം ലളിതം. അടുക്കും ചിട്ടയുമുളള തിരക്കഥ. മികച്ച അവതരണം. വ്യക്തമായ പ്ലാനിംഗ്.

അറ്റ്‌ലിയുടെ 100 കോടിയും നിര്‍മ്മാതാവിന്റെ പോക്കറ്റും...

താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും ശമ്പളത്തുകയ്ക്ക് പരിധി നിശ്ചയിക്കുകയും ഓരോ സിനിമയുടെയും കലക്ഷന് ആനുപാതികമായി ഒരു ചെറുവിഹിതം കൂടി അവര്‍ക്ക് നല്‍കുന്നതാവും അഭിലഷണീയയെന്ന് സമീപകാലത്ത് ഒരു  നിര്‍മ്മാതാവ് നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ആരും കേട്ടതായി പോലും ഭാവിച്ചിട്ടില്ല. അതിന്റെ ഭവിഷ്യത്ത് പല ഭാഷകളില്‍ പല രൂപത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

അടുത്തിടെ തമിഴിലെ പുതുതലമുറ സംവിധായകരിലൊരാളായ അറ്റ്‌ലി പുതിയ സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം ചോദിച്ചു പോലും. അദ്ദേഹം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാന്‍ എന്ന ബോളിവുഡ് ചിത്രം 1000 കോടി കടന്നതിന്റെ പശ്ചാത്തലത്തിലാണ് ഗണ്യമായ പ്രതിഫല വര്‍ദ്ധന. അറ്റ്‌ലിയുടെ അവകാശവാദത്തില്‍ കുപിതനായ നിര്‍മ്മാതാവ് പുതിയ ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.  അടുത്ത രണ്ട് സിനിമകള്‍ പരാജയപ്പെട്ടാലും ഇത്തരം ആളുകള്‍ പ്രതിഫലം കുറയ്ക്കില്ല എന്നതാണ് നിർമാതാക്കള്‍ നേരിടുന്ന പ്രശ്‌നം. മാത്രമല്ല എല്ലാ സിനിമയും ജവാനല്ല എന്നും ഇവര്‍ മനസിലാക്കുന്നില്ല. 

jawan-netflix

ഒരു ബോളിവുഡ് സിനിമയുടെ മാര്‍ക്കറ്റും ബജറ്റും ഷാരൂഖിനെ പോലൊരു താരസാന്നിദ്ധ്യവും പ്രതീക്ഷിച്ചതിലും കൂടുതല്‍ കലക്ഷന്‍ വന്നതുമൊക്കെയാണ് ആ സിനിമയെ തുണച്ചത്. അതിന്റെ പേരില്‍ ഇത്രയും ഭാരിച്ച തുക ചോദിക്കുന്ന സിനിമാ പ്രവര്‍ത്തകരും അവരുടെ താളത്തിന് തുളളുന്ന നിര്‍മ്മാതാക്കളും വാസ്തവത്തില്‍ ചലച്ചിത്ര വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത ഒരു രീതി അടുത്തിടെ പരീക്ഷിക്കപ്പെട്ടതും ശ്രദ്ധേയമായി. താരങ്ങളും സാങ്കേതിക വിദഗ്ധരും അവരുടെ സേവനം നിർമാണത്തില്‍ ഇന്‍വസ്റ്റ് ചെയ്തു കൊണ്ട് കൊവിഡ് കാലത്ത് എടുത്ത പടമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പ്. മാര്‍ക്കറ്റിംഗ് എക്‌സ്പന്‍സ് അടക്കം 35 ലക്ഷം രൂപയില്‍ തീര്‍ത്ത പടം തീയറ്ററില്‍ വിജയമായില്ല. എന്നാല്‍ ഡബ്ബിംഗ് റൈറ്റ്‌സ് , സാറ്റലൈറ്റ്, ഒ.ടി.ടി എന്നിവയിലുടെ 2 കോടിയിലധികം ഈ പടം നേടി.‌ ആക്ഷന്‍ ത്രില്ലറുകള്‍ക്കും ഹൊറര്‍ സിനിമകള്‍ക്കും മറ്റും മൊഴിമാറ്റം വഴി കൂടുതല്‍ പണം ലഭിക്കാനുളള സാധ്യതയുണ്ട്. ഇങ്ങനെ വിവിധ ഘടകങ്ങള്‍ വിലയിരുത്തി സിനിമ ചെയ്താല്‍ നഷ്ടസാധ്യത പരമാവധി കുറച്ച് കൊണ്ടു വരാന്‍ സാധിക്കുമെന്ന് മാത്രമല്ല സാമാന്യം ഭേദപ്പെട്ട ലാഭം നേടാനുമാകും.

അഞ്ച് ലക്ഷത്തിനും അഞ്ച് കോടിക്കും 50 കോടിക്കും 500 കോടിക്കും സിനിമയെടുക്കാം. പക്ഷെ അത് എങ്ങനെ തിരിച്ചു പിടിക്കണമെന്നത് സംബന്ധിച്ച് മുന്‍കൂര്‍ ധാരണയില്ലാതെ പടമെടുത്താല്‍ അപകടമാണ്. 

ഇന്നത്തെ നിലയില്‍ ചില പ്രത്യേക പ്രൊജക്ടുകള്‍ ഒഴിച്ചാല്‍ പരമാവധി 5 കോടിക്കപ്പുറം നിർമാണച്ചിലവ് ഉയരുന്നത് അപകടമാണ്. സന്തോഷ് പണ്ഡിറ്റ് 5 ലക്ഷത്തിന് സിനിമയെടുത്തപ്പോള്‍ പരിഹസിച്ചവരുണ്ട്. അവര്‍ മനസിലാക്കാതെ പോയ ഒരു സത്യമുണ്ട്. തീര്‍ത്തും അമച്വറിഷായ സമീപനങ്ങളാണ് പണ്ഡിറ്റ് സിനിമകളുടെ പരിമിതി. എന്നാല്‍ അദ്ദേഹം സിനിമാ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രീതികളില്‍ ചിലത് അനുകരണീയമാണ്. കോസ്റ്റ് ഇഫക്ടീവായി എങ്ങനെ പടങ്ങള്‍ ഒരുക്കാം എന്നത് സംബന്ധിച്ച് പല കാര്യങ്ങളും പണ്ഡിറ്റില്‍ നിന്ന് പഠിക്കാനുണ്ട്. 

സിനിമയിലെ പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് പണ്ഡിറ്റ്
സിനിമയിലെ പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് പണ്ഡിറ്റ്

റെഡ് ഡ്രാഗണിലും റെഡ് അലക്‌സിയിലും റെഡ് എപ്പിക്കിലും സോണി എഫ്.എക്‌സ്.ത്രീയിലും ബ്ലാക്ക് മാജിക്കിലും സിനിമ ഷൂട്ട് ചെയ്യാം. കണ്ടന്റ ് നല്ലതാണോ അത് എത്ര കണ്ട് ആസ്വാദ്യകരമായി അവതരിപ്പിച്ചിരിക്കുന്നു എന്നത് മാത്രമാണ് പ്രധാനം. വന്‍ബജറ്റും സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയ കുഞ്ഞാലി മരക്കാര്‍ വീണിടത്ത് ജയിച്ചു കയറിയ മൂന്ന് പടങ്ങളുണ്ട്. ചാപ്പാ കുരിശും ദേശാടനവും തമിഴ് പടമായ കാതലും. 

ചാപ്പാ കുരിശ് ഷൂട്ട് ചെയ്തത് കല്യാണവീഡിയോകള്‍ക്ക് ഉപയോഗിച്ചിരുന്ന 5 ഡി യിലാണ്. കാതല്‍ ചിത്രീകരിച്ചത് അവൈലബിള്‍ സോഴ്‌സ് ഓഫ് ലൈറ്റിലാണ്. യൂണിറ്റ് വാടകയ്ക്ക് അവര്‍ പണം ചിലവാക്കിയില്ല. അഭിനേതാക്കളില്‍ ഭരത് ഒഴികെ മറ്റെല്ലാം പുതുമുഖങ്ങള്‍. സംവിധായകനും തിരക്കഥാകൃത്തും പുതുമുഖം. ഇതൊന്നും സിനിമയുടെ വിജയത്തിന് തടസമായില്ല. പടം എടുക്കാനറിയുന്നവന് ബജറ്റ് ഒരു പ്രശ്‌നമല്ലെന്ന് ഇന്ത്യാക്കാരനെ ആദ്യം ബോധ്യപ്പെടുത്തിയത് മഹാനായ സത്യജിത്ത് റായിയാണ് . പാഥേര്‍ പാഞ്ജലി എന്ന ആദ്യ സിനിമ അദ്ദേഹം ഷൂട്ട് ചെയ്തത് വളരെ പിരിമിതമായ ബജറ്റിലാണ്. സീറോ ബജറ്റില്‍ തുടങ്ങിയ പാഥേര്‍ പാഞ്ജലി ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും സിനിമയാണ്. കാലത്തിന് മായ്ക്കാനാവാത്ത വിധം കാതലുളള കലാസൃഷ്ടി. അകം പൊളളയായ സിനിമകള്‍ക്കായി കോടികള്‍ എറിഞ്ഞിട്ട് എന്ത് കാര്യം?

English Summary:

Can a low budget make a film successful? Analyze the real-life strategies used by filmmakers in Malayalam cinema to produce award-winning and profitable films on a shoestring budget.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com